ആര്യങ്കാവിൽ എട്ട് ടണ്ണോളം അരി പിടികൂടി
text_fieldsപുനലൂർ: ആര്യങ്കാവിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന എട്ട് ടണ്ണോളം അരി വിജിലൻസിെൻറ നിർദേശത്തിൽ സിവിൽ സപ്ലൈസ് അധികൃതർ പിടികൂടി. മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഇത് തമിഴ്നാട് റേഷനരിയാണന്ന് സംശയിക്കുന്നു. എന്നാൽ കൂടുതൽ പരിശോധനക്ക് ശേഷമേ തമിഴ്നാട് റേഷൻ അരിയാണെന്ന് പറയാൻ കഴിയുകയുള്ളൂവെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞു.
റെയിൽവേ സ്റ്റേഷന് സമീപം തോമസ് എന്നയാളുടെ ഗോഡൗണിൽ നിന്നാണ് അരി പിടികൂടിയത്. 150 ഓളം ചാക്കുകളിലാണ് അരി സൂക്ഷിച്ചിരുന്നത്. ആര്യങ്കാവ് മോട്ടോർ വെഹിക്കിൾ ചെക്പോസ്റ്റിൽ വെള്ളിയാഴ്ച രാവിലെ വിജിലൻസ് റെയ്ഡ് ഉണ്ടായിരുന്നു. ഈ സമയം ചെക്പോസ്റ്റിൽ ചില്ലറ മാറാനെന്ന് പറഞ്ഞ് എത്തിയ തോമസിനെ വിജിലൻസ് സംഘം പിടികൂടി അര ലക്ഷം രൂപ കണ്ടെടുത്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് അരി സൂക്ഷിച്ചിരിക്കുന്ന വിവരം വിജിലൻസിന് ലഭിച്ചത്. വിജിലൻസ് അധികൃതർ ജില്ല സപ്ലൈ ഓഫിസർ അടക്കമുള്ളവരെ വിവരം അറിയിച്ചു.
തുടർന്നാണ് പുനലൂർ സപ്ലൈ ഓഫിസിലെ കുളത്തൂപ്പുഴ, തെന്മല റേഷനിങ് ഇൻസ്പെക്ടർമാരായ അജികുമാർ, പ്രജിദ, ആര്യങ്കാവ് വില്ലേജ് ഓഫിസർ കെ. സന്തോഷ്കുമാർ എന്നിവർ വിജിലൻസ് സഹായത്തോടെ ഗോഡൗൺ റെയ്ഡ് ചെയ്തത്. ഗോഡൗൺ സീൽ ചെയ്തു. ഇത് സംബന്ധിച്ച് കലക്ടർ, ഡി.എസ്.ഒ എന്നിവർക്കും തെന്മല പൊലീസിനും റിപ്പോർട്ട് നൽകി.
അടുത്ത ദിവസങ്ങളിൽ അരി പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. തമിഴ്നാട് റേഷൻ അരിയുമായി മുമ്പും തോമസ് പിടിയിലായിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും റേഷൻ അരി എത്തിച്ച് കേരളത്തിലെ അരി മില്ലുകൾക്ക് മറിച്ചുവിൽക്കുന്ന നിരവധി സംഘങ്ങൾ ആര്യങ്കാവ്, തെന്മല, കഴുതുരുട്ടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.