ഷോപ്പിങ് കോംപ്ലക്സ് തകർച്ചയിൽ
text_fieldsപുനലൂർ: നഗരസഭയുടെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നായ ടി.ബി ജങ്ഷനിലെ ഷോപ്പിങ് കോംപ്ലക്സ് തകർച്ച ഭീഷണിയിൽ. മതിയായ പരിപാലനവും അറ്റകുറ്റപ്പണിയും ഇല്ലാത്തതാണ് നാലുനില കെട്ടിടത്തെ നാശത്തിലാക്കിയത്.
ചോർച്ച അടക്കം അനുഭവപ്പെട്ട് കെട്ടിട ഭാഗങ്ങൾ ഇടിയുന്നത് കണക്കിലെടുത്ത് ഇവിടെ പ്രവർത്തിച്ചിരുന്ന മിക്ക സ്ഥാപനങ്ങളും മറ്റിടങ്ങളിലേക്ക് മാറിയിട്ടുണ്ട്. അടുത്ത കാലത്തായി മുകളിലെ നിലകൾ മിക്കവാറും ഒഴിഞ്ഞു കിടക്കുകയാണ്. അടിയിലെ നിലയിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയും താമസിയാതെ ഇവിടം വിടും.
തൂക്കുപാലത്തിന് സമീപം കല്ലടയാറിന്‍റെ തീരത്തോട് ചേർന്ന് 1981 മാർച്ചിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ ശിലാസ്ഥാപനം നടത്തിയാണ് ഈ കെട്ടിടം നിർമാണം തുടങ്ങിയത്.
നിർമാണം പൂർത്തിയാക്കി 1983 ഏപ്രിലിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ കെട്ടിടം ഉദ്ഘാടനം ചെയ്തു. ദേശീയപാതയോടും പാപ്പന്നൂർ റോഡിനോടും ചേർന്ന് രണ്ടുഭാഗം മുൻവശമായി നാലുനില കെട്ടിടമാണ്. മൊത്തത്തിൽ 20000 അടിയിലധികം വിസ്തീർണമുണ്ട്.
താഴത്തെ നിലയിൽ റോഡിന് ചേർന്ന് വ്യാപാരസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. മുകളിലെ നിലകളിൽ മുമ്പ് ആശുപത്രിയും സർക്കാർ ഓഫിസുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്നു.
താഴെ നിലയിലുണ്ടായിരുന്ന ഹോമിയോ ആശുപത്രിയും അടുത്ത കാലത്ത് ചെമ്മന്തൂരിലെ സ്വന്തം കെട്ടിടത്തിലായി. ഇപ്പോൾ ഏതാനും കടകളും മുകളിലെ നിലകളിൽ ലോട്ടറി ഓഫിസ്, ഫുഡ് സേഫ്റ്റി ഓഫിസുമാണ് പ്രധാനമായുള്ളത്. ബാക്കി ഭാഗങ്ങൾ ഒഴിഞ്ഞുകിടക്കുന്നു.
കെട്ടിടത്തിന്‍റെ മുകളിലെ കോൺക്രീറ്റ് പൊളിഞ്ഞ് ചോർച്ച അനുഭവപ്പെടുന്നത് തടയാൻ മുമ്പ് വൻ തുക മുടക്കി റൂഫ് തകിട് ഷീറ്റ് പാകിയെങ്കിലും പ്രയോജനമില്ലാതായി. എല്ലാ നിലകളിലും മഴവെള്ളം വീഴുന്നുണ്ട്. ഭിത്തികൾ പലയിടത്തും പൊട്ടി വിള്ളൽ വീണു. കൂടാതെ ഭിത്തിയിലും റെയ്ഡുകളിലും ആലും മറ്റ് പാഴ്മരങ്ങളും വളർന്നിട്ടുണ്ട്. ജനാലകളും വാതിലുകളും മിക്കതും നശിച്ചു. വൈദ്യുതീകരണവും താറുമാറായി.
കടകൾ പ്രവർത്തിക്കുന്ന ഭാഗങ്ങളിൽ കച്ചവടക്കാർ സ്വന്തം നിലയിൽ അറ്റകുറ്റപ്പണി നടത്തി നിലനിർത്തിയിരിക്കുകയാണ്. ആറ്റിന്‍റെ വശത്തോട്ടുള്ള താഴ്ത്തെ നിലയോട് ചേർന്ന് കാടുമൂടി കൂടുതൽ നാശത്തിലാണ്.
കെട്ടിടത്തിന്‍റെ അവസ്ഥ മനസ്സിലാക്കി പൊളിച്ചുമാറ്റണമെന്ന് വാളക്കോട് വില്ലേജ് ഓഫിസിലെ വില്ലേജ് സമിതിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം തഹസിൽദാരെ അറിയിച്ചിട്ടുണ്ടെന്നും വില്ലേജ് ഓഫിസർ പറഞ്ഞു.
നഗരസഭയിലാകട്ടെ സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ഈ കെട്ടിടം അറ്റകുറ്റപ്പണി ചെയ്യാൻപോലും കഴിയാത്ത അവസ്ഥയിലാണ്. ഇതുപോലെ കെ.എസ്.ആർ.ടി.സി ജങ്ഷനിലെ ഏഴുനില ഷോപ്പിങ് കോംപ്ലക്സ് എല്ലാവരെയും ഒഴിപ്പിച്ച് നാല് വർഷം മുമ്പ് തുടങ്ങിയ നവീകരണം ഇതുവരെ പൂർത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.