പൊലീസുകാരുടെ കുറവ്; ട്രെയിനിലെ പരിശോധന അവതാളത്തിൽ
text_fieldsപുനലൂർ: ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്തത് കൊല്ലം- ചെങ്കോട്ട പാതയിൽ പ്ലാറ്റ്ഫോം ഡ്യൂട്ടിയും ട്രെയിനിലെ പരിശോധനയും അവതാളത്തിലാക്കുന്നു. ഈ പാതയിൽ കിളികൊല്ലൂർമുതൽ ആര്യങ്കാവ് കോട്ടവാസൽവരെ അമ്പത് കിലോമീറ്ററോളം ദൂരം പുനലൂർ റെയിൽവേ പൊലീസ് സ്റ്റേഷന്റെ ചുമതലയിലാണ്.
വനമേഖല ആയതിനാൽ പ്രകൃതി ദുരന്തങ്ങളും ട്രെയിനുകളിൽ കുറ്റകൃത്യങ്ങളും കൂടുതലാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് അടക്കം ട്രെയിനുകളിൽ പുനലൂരിലും സമീപ സ്റ്റേഷനുകളിലും എത്തിക്കുന്നത് പതിവാണ്. റെയിൽവേ സ്റ്റേഷനുകളും പ്ലാറ്റ്ഫോമുകളും കേന്ദ്രീകരിച്ച് ലഹരി വിപണനവും നടക്കാറുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കേണ്ടത് റെയിൽവേ പൊലീസിന്റെ ചുമതലയാണ്.
ട്രെയിനുകളിൽ പൊലീസിന്റെ സാന്നിധ്യമില്ലാത്തത് ഒട്ടേറെ അനിഷ്ട സംഭവങ്ങൾക്ക് കാരണമാകുന്നു. മുമ്പ് വനിത സ്റ്റേഷൻ മാസ്റ്റർ ആക്രമിക്കപ്പെട്ടിരുന്നു. അടുത്തിടെ ഗുരുവായൂർ എക്സ്പ്രസിൽ ലേഡീസ് കംപാർട്ട്മെന്റിൽ തനിച്ചായ യാത്രക്കാരിക്ക് മധ്യവയസ്കന്റെ ആക്രമണം നേരിടേണ്ടിവന്നിരുന്നു.
ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതിനാൽ കൂടുതൽ ഉപദ്രവത്തിൽനിന്ന് ഇവർ രക്ഷപ്പെട്ടു. കൊട്ടാരക്കര, കിളികൊല്ലൂർ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം കേന്ദ്രീകരിച്ച് കഞ്ചാവ് അടക്കം ലഹരി ഉൽപന്നങ്ങൾ വിൽപന നടക്കുന്നതായി ആക്ഷേപമുണ്ട്. കിളികൊല്ലൂർ ഭാഗത്ത് കോളജുകൾ അടക്കമുള്ളതിനാൽ പ്രത്യാഘാതം വലുതാണ്.
ഇവിടെ പ്ലാറ്റ്ഫോം ഡ്യൂട്ടിക്ക് ഒരു പൊലീസുകാരൻ ഉണ്ടായിരുന്നു. എന്നാൽ, കോവിഡിനുശേഷം പൊലീസുകാരെ നിയമിക്കാത്തതിനാൽ ഇവിടെ സാമൂഹിക വിരുദ്ധ ശല്യം കൂടി. കൊട്ടാരക്കര സ്റ്റേഷനിൽ ഡ്യൂട്ടിക്ക് പൊലീസുകാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷൻ മാസ്റ്റർ റെയിൽവേ പൊലീസിന് കത്ത് നൽകിയെങ്കിലും ആളില്ലാത്തതിനാൽ നിയമനം നടന്നില്ല.
ശബരിമല സീസൺ ആകുമ്പോൾ നിരവധി യാത്രക്കാർ ഇതരസംസ്ഥാനങ്ങളിൽനിന്ന് പുനലൂർ അടക്കം കിഴക്കൻ മേഖലയിലെ റെയിൽവേ സ്റ്റേഷനുകളിൽ എത്താറുണ്ട്. ഇവരുടെ സുരക്ഷിതത്വവും മറ്റും കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ നിയമിക്കേണ്ടതുണ്ട്. നിലവിൽ രണ്ടുപേർ മാത്രമാണ് പുനലൂരിൽ പ്ലാറ്റ്ഫോം ഡ്യൂട്ടിക്കുള്ളത്. മറ്റു സ്റ്റേഷനുകളിൽ ഇല്ല. ഈ പാതയിൽ ഇപ്പോൾ 24 മണിക്കൂറും സർവിസ് ഉള്ളതിനാൽ എല്ലാ സമയവും പ്രധാന സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ സാന്നിധ്യം വേണ്ടതുണ്ട്.
യാത്രക്കാരുടെ സുരക്ഷക്കായി ഇത് വഴിയുള്ള പല ട്രെയിനുകളിലും ഡ്യൂട്ടിക്ക് പൊലീസുകാരില്ല. രാത്രിയുള്ള പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസിൽ പലപ്പോഴും പൊലീസുകാർ ഉണ്ടാകാറില്ല. ഈ ട്രെയിനിൽ കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിലെ രണ്ടുപേരെ ഡ്യൂട്ടിക്ക് നിയമിച്ചിട്ടുണ്ടെങ്കിലും അവർ മിക്കപ്പോഴും ട്രെയിനിൽ ഉണ്ടാകാറില്ല. പൊലീസിന്റെ സാന്നിധ്യമില്ലാത്തതിനാൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിന് ഇടയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.