നിർമാണം കഴിഞ്ഞിട്ട് നാല് വർഷം; തുറക്കാതെ അച്ചൻകോവിലിലെ സാമൂഹിക പഠന കേന്ദ്രം
text_fieldsപുനലൂർ: നിർമാണം കഴിഞ്ഞ് നാലുവർഷം പിന്നിട്ടിട്ടും തുറക്കാതെ അച്ചൻകോവിലിലെ സാമൂഹിക പഠന കേന്ദ്രം. ആദിവാസികളുടെ ഉന്നമനം ഉദ്ദേശിച്ച് നിർനിച്ച കെട്ടിടം കാടുകയറി നശിക്കുകയാണ്. കെട്ടിട നമ്പറും വൈദ്യുതിയും ലഭിക്കാത്തതാണ് കെട്ടിടം തുറക്കാൻ തടസ്സമാകുന്നത്.
കഴിഞ്ഞദിവസം ഇവിടെത്തിയ സംസ്ഥാന വനിത കമീഷന്റെ മുന്നിൽ പഠനമുറി തുറക്കാത്തതിനെക്കുറിച്ച് നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു.
പട്ടികവർഗ വികസന വകുപ്പ് 2017 -18 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അച്ചൻകോവിൽ വനം ഡിവിഷൻ ഓഫിസിന് സമീപം പട്ടികവർഗ കോളനിയോട് ചേർന്ന് കേന്ദ്രം നിർമിച്ചത്. ഈ വിഭാഗത്തിലെ കുട്ടികളുടെ പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനും മറ്റ് സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്നതിനും ആദിവാസികളുടെ പൊതുപരിപാടികൾ നടത്താനും ഉദ്ദേശിച്ചാണ് കെട്ടിടം നിർമിച്ചത്. വയറിങ് ഉൾപ്പെടെ പൂർത്തിയായിട്ടും വൈദ്യുതി കണക്ഷൻ നൽകാൻ കെ.എസ്.ഇ.ബി അധികൃതർ തയാറായിട്ടില്ല.
ആര്യങ്കാവ് പഞ്ചായത്തിൽ നിന്നും കെട്ടിടത്തിന് നമ്പർ നൽകാത്തതാണ് ഇതിന് തടസ്സമായി പറയുന്നത്. എന്നാൽ, കെട്ടിടം നിർമാണം പൂർത്തിയാക്കിയത് സംബന്ധിച്ച് ആവശ്യമായ രേഖകൾ ബന്ധപ്പെട്ടവർ ഇതുവരെയും ഹാജരാക്കാത്തതിനിലാണ് കെട്ടിട നമ്പർ നൽകാത്തതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
ഇതിനാവശ്യമായ രേഖകൾ മുമ്പ് പഞ്ചായത്തിൽ നൽകിയിരുന്നുവെന്നാണ് ആദിവാസി നഗറിലെ പ്രമോട്ടർ പറയുന്നത്. ഇത് ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വനിത കമീഷൻ നടത്തിയ സിറ്റിങ്ങിൽ പഞ്ചായത്ത് അധികൃതർ പങ്കെടുക്കാത്തതിനെ കമീഷൻ അംഗങ്ങൾ വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.