അപകടങ്ങൾ തുടർക്കഥ; പുനലൂർ ഹൈസ്കൂൾ ജങ്ഷനിൽ വേഗത നിയന്ത്രണം
text_fieldsപുനലൂർ: അപകടങ്ങൾ ഏറിയതോടെ പുനലൂർ ഹൈസ്കൂൾ ജങ്ഷനിൽ രണ്ടിടത്തായി വേഗത നിയന്ത്രണം ഏർപ്പെടുത്താൻ കെ.എസ്.ടി.പി അധികൃതർ തയാറായി. പുനലൂർ-മുവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ പുനലൂർ ഹൈസ്കൂൾ ജങ്ഷനിൽ അടുത്തിടെ നിരവധി വാഹനാപകടങ്ങളാണുണ്ടായത്. കഴിഞ്ഞദിവസവും ഇവിടെ വൈദ്യുതി തൂണും സംരക്ഷണ വേലിയും തകർത്ത് കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയിരുന്നു. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്നാണ് പാതയിൽ ജങ്ഷന് 50 മീറ്റർ മുന്നിലും പിന്നിലുമായി രണ്ടിടത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് സ്പീഡ് ഗവേൺ വരച്ചത്.
പാതയുടെ നവീകരണം പൂർത്തിയായ ശേഷം അപകടങ്ങളുണ്ടാകാൻ തുടങ്ങിയപ്പോൾ ഒരു വർഷം മുമ്പ് ഹൈസ്കൂൾ വാർഡ് പൗരസമിതി അപകടാവസ്ഥയും നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് എം.എൽ.എക്കും മരാമത്ത് അധികൃതർക്കും നിവേദനം നൽകിയിരുന്നു. ഇത് പരിഗണിച്ച് നേരത്തേ എന്തെങ്കിലും പ്രതിവിധിയുണ്ടാക്കിയിരുന്നെങ്കിൽ അടുത്തകാലത്തായുണ്ടായ നിരവധി അപകടങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
ടി.ബി ജങ്ഷനിൽനിന്ന് ഹൈസ്കൂൾ ജങ്ഷൻ വരെയുള്ള പാതയുടെ അലൈമെന്റിലും അശാസ്ത്രീയതയുണ്ട്. ഇതിനിടക്ക് റെയിൽവേ പാലം കടന്നുപോകുന്നതിനാൽ പാലത്തിന്റെ തൂണുകളിൽ വാഹനങ്ങൾ ഇടിക്കാതിരിക്കാൻ ഇരുവശത്തും റെയിൽവേ ഇരുമ്പുതൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുകാരണം ഇവിടെ വീതി കുറവും വളവും കാരണം വാഹനങ്ങൾ അപകടത്തിലാകുന്നതിന് ഇടയാക്കുന്നു.
തൊട്ടടുത്ത സ്കൂളുകളിലെ നൂറുകണക്കിനായ കുട്ടികളടക്കം ഹൈസ്കൂൾ ജങ്ഷനിൽ ഭയത്തോടെയാണ് കടന്നുപോകുന്നത്. പലപ്പോഴായി വാഹനങ്ങൾ ഇടിച്ചതുകാരണം ഈ ഭാഗത്ത് പാതയുടെ സംരക്ഷണ വേലിയും നടപ്പാതയും തകർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.