ട്രെയിനിനുനേരെ കല്ലേറ്; അന്വേഷണം ഊർജിതം
text_fieldsപുനലൂർ: ട്രെയിനിനുനേരെയുള്ള കല്ലേറും യാത്രക്കാരന്റെ കണ്ണിന് പരിക്കേറ്റതും സംബന്ധിച്ച് പുനലൂർ റെയിൽവേ പൊലീസ് അന്വേഷണം ഊർജിതമാക്കി.
പാലക്കാട് നിന്ന് തിരുനെൽവേലിയിലേക്ക് വന്ന പാലരുവി എക്സ്പ്രസിനുനേരെ ഡിസംബർ രണ്ടിന് രാത്രിയിൽ 11.30 ഓടെ കരിക്കോടിനും കടപ്പാക്കും ഇടയിലുള്ള ചാമ്പക്കുളം ഭാഗത്തുവെച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ റെയിൽവേയുടെ കരാർ തൊഴിലാളി തൂത്തുക്കുടി കടമ്പൂർ സ്വദേശി മാരിയപ്പൻ (37) ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റ് തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിൽ ചികത്സയിലാണ്. കരുനാഗപ്പള്ളിയിൽ റെയിൽവേയുടെ ജോലിക്ക് ശേഷം നാട്ടിലേക്ക് പോകുകയായിരുന്നു ഇയാൾ. ഗ്ലാസ് ഇല്ലാത്ത എമർജൻസി വിൻഡോയിലൂടെയാണ് പുറത്തുനിന്ന് വന്ന കല്ല് എതിർവശത്തിരുന്ന മാരിയപ്പന്റെ കണ്ണിൽ തറച്ചത്.
ഈ ട്രെയിനിലുണ്ടായിരുന്ന ആർ.പി.എഫ് യാത്രക്കാരനെ ആദ്യം പുനലൂരിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. അവിടെ നിന്നാണ് അരവിന്ദിലേക്ക് മാറ്റിയത്. സംഭവത്തിൽ പുനലൂർ റെയിൽവേ പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.
എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് തിരുനെൽവേലി ആശുപത്രിയിലെത്തി പരിക്കേറ്റ യുവാവിന്റെ മൊഴി രേഖപ്പെടുത്തി. പൊലീസ് സംഘം പലതലവണ ചാമ്പക്കുളം ഭാഗത്ത് അന്വേഷണത്തിന് എത്തിയിരുന്നെങ്കിലും കല്ലെറിഞ്ഞവരെ കണ്ടെത്താനായില്ല. രാത്രിയിലായതിനാൽ കല്ലേറ് ഉണ്ടായ ഭാഗം കൃത്യമായി തിരിച്ചറിയാൻ യാത്രക്കാരനോ പൊലീസിനോ കഴിഞ്ഞിട്ടില്ല. സംഭവത്തിനുശേഷം ഈ ഭാഗത്ത് ട്രെയിൻ കടന്നുപോകുമ്പോൾ ആർ.പി.എഫുകാർ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്.
കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന് നാലുകിലോമീറ്ററോളം അകലെയാണ് ചാമ്പക്കുളം ഭാഗം. ചെങ്കോട്ട ലൈനും കൊല്ലം-എറണാകുളം ലൈനും സന്ധിക്കുന്ന ഭാഗമാണിവിടം. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതിനുശേഷം രാത്രിയിൽ റെയിൽവേ ലൈനിനോട് ചേർന്ന് സാമൂഹികവിരുദ്ധശല്യം പതിവാണ്. ട്രെയിനിന് നേരെ കല്ലേറും മറ്റ് അനിഷ്ടസംഭവങ്ങളും ഉണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് കൊല്ലം കോർപറേഷനിലെ ഈ ഭാഗത്തുള്ള മൂന്ന് കൗൺസിലർമാരെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ബോധവത്കരണ ക്ലാസ് നടത്തി. താമസിയാതെ ഒരു ക്ലാസുകൂടി സംഘടിപ്പിക്കുമെന്ന് എസ്.എച്ച്.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.