മലയോരമേഖലയിൽ ‘പാണ്ടിക്കാറ്റ്’ ശക്തമായി; വൻ നാശം
text_fieldsപുനലൂർ: രണ്ടുവർഷത്തെ ഇടവേളക്കുശേഷം പാണ്ടിക്കാറ്റ് മലയോര മേഖലയിൽ ശക്തിയായി തിരിച്ചുവന്നു. കാറ്റിൽ മരം വീണ് പാതയോരത്തെ വീടിനോട് ചേർന്ന ഷെഡ് നശിച്ചു.
എല്ലാ വർഷവും വൃശ്ചികമാസം ആരംഭത്തോടെയാണ് കാറ്റ് കിഴക്കൻ മലയോരമേഖലയിൽ വീശാറുള്ളത്. മറ്റിടങ്ങളിൽ വൃശ്ചികക്കാറ്റെന്ന് പേരുള്ള ഇതിനെ തമിഴ്നാടിനോട് ചേർന്നുള്ള അതിർത്തി മലയോരമേഖലയിൽ പാണ്ടിക്കാറ്റ് എന്നാണ് പറയാറുള്ളത്. ഇതേസമയം തമിഴ്നാട്ടിലും ഈ കാറ്റ് ശക്തമായതിനാൽ കിഴക്കൻകാറ്റെന്നും പറയുന്നു. തമിഴ്നാട്ടിൽ ശക്തിയായി വീശുന്ന ഈ കാറ്റിന് ആര്യങ്കാവ് ചുരം കടന്ന് കേരള അതിർത്തിയിലേക്ക് എത്തുമ്പോഴാണ് ശക്തി കൂടുന്നത്.
അതിർത്തിയിൽനിന്ന് 35 കിലോമീറ്ററോളം അകലെയുള്ള പുനലൂർപട്ടണത്തിലും പരിസരത്തും ഈ കാറ്റ് ശക്തമായി വീശാറുണ്ട്. കാറ്റിൽ പരപ്പാർ ഡാമിൽ വെള്ളത്തിന്റെ തിര ഉയരാറുണ്ട്. മുൻവർഷങ്ങളിൽ കാറ്റ് കാരണം ഇവിടെ ദിവസങ്ങളോളം ബോട്ട്-കുട്ടവഞ്ചി സവാരി നിർത്തിവെച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ടോടെ വീശിയടിച്ച കാറ്റിൽ ഇടപ്പാളയത്ത് ദേശീയപാതയോരത്ത് മരത്തിന്റെ ചില്ല ഒടിഞ്ഞ് പാതയിലും എതിർവശത്തെ ചരുവിള പുത്തൻവീട്ടിൽ യൂസുഫിന്റെ വീടിനോട് ചേർന്നുള്ള ഷെഡിന്റെ മുകളിലും വീണ് നാശമുണ്ടായി. കുറേസമയം പാതയിലെ ഗതാഗതവും തടസ്സപ്പെട്ടു. ഷെഡിൽ ആരും ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി.
അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് വീട്ടുടമ പഞ്ചായത്ത് അംഗത്തെയും വനംഅധികൃതരെയും സമീപിച്ചിട്ടും ഫലമുണ്ടായില്ല. മരത്തിന്റെ ശേഷിക്കുന്ന മൂട് ഉൾപ്പെടെയുള്ളതും അപകടഭീഷണി ഉയർത്തുന്നു.
കുളത്തൂപ്പുഴയില്‍ വന്‍ നാശം
കുളത്തൂപ്പുഴ: ശക്തമായ കിഴക്കന്‍കാറ്റില്‍ കുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശം. കടപുഴകിയ ആല്‍മരം വീടിനുമുകളിലേക്ക് വീണ് സമീപത്തെ താൽക്കാലിക പണിശാല പൂര്‍ണമായും തകര്‍ന്നു. കുളത്തൂപ്പുഴ ഗണപതി അമ്പലത്തിനുസമീപം നിന്ന കൂറ്റന്‍ ആല്‍മരം കഴിഞ്ഞ രാത്രി പത്തരയോടെ സമീപത്തെ മതിലുതകര്‍ത്ത് ഗണപതിവിളാകം രാജമ്മയുടെ വീടിനുമുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. വീടിന്റെ ഒന്നാം നിലക്ക് മുകളിലെ ഷീറ്റ് മേല്‍ക്കൂരയും കുടിവെള്ള ടാങ്കും പൂര്‍ണമായി തകര്‍ന്നു.
മതില്കെട്ടിനുസമീപത്തായുണ്ടായിരുന്ന താൽക്കാലിക മരപ്പണിശാലയുമ പൂര്‍ണമായി തകരുകയായിരുന്നു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോക്കും മറ്റു വാഹനങ്ങള്‍ക്കും മുകളിലേക്ക് ചില്ലകള്‍ വീണെങ്കിലും അധികം നാശമുണ്ടാകാതെ രക്ഷപ്പെട്ടു.
വന്‍ശബ്ദം കേട്ട് ഭയന്ന വീട്ടുകാര്‍ പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളലുണ്ടായതായും കെട്ടിടമുടമ പറഞ്ഞു.
പുലര്‍ച്ച ഒരുമണിയോടെ കുളത്തൂപ്പുഴ ടൗണില്‍ മുസ്ലിം പള്ളിക്ക് എതിര്‍വശത്തായുള്ള കെട്ടിടത്തിന്റെ മുകളിലെ ഷീറ്റിട്ട മേല്‍ക്കൂര ഒന്നാകെ കാറ്റില്‍ ഇളകിപ്പറന്ന് തിരുവനന്തപുരം-ചെങ്കോട്ട അന്തര്സംസ്ഥാനപാതയിലേക്ക് പതിച്ചു.
തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തി കമ്പികള്‍ മുറിച്ചുമാറ്റി ഷീറ്റുകള്‍ പാതയില്‍ നിന്ന് നീക്കിയാന് ഗതാഗതം പുനഃസ്ഥാപിച്ചത്. മലയോര ഹൈവേയില്‍ കല്ലുവെട്ടാംകുഴി മുപ്പത്തെട്ടടി പാലത്തിനുസമീപം പാതയോരത്ത് നിന്ന മരത്തിന്റെ ശിഖരം ശക്തമായ കാറ്റില്‍ ഒടിഞ്ഞ് പാതക്കുകുറുകെ വീണത് നാട്ടുകാര്‍ ഇടപെട്ട് മുറിച്ചുനീക്കി.
കൂവക്കാട് ആര്.പി.എല്‍ മേഖലയിലൊന്നാകെ നിരവധി മരങ്ങൾ വൈദ്യുതി ലൈനിനുമുകളിലൂടെ ഒടിഞ്ഞുവീണു. വൈദ്യുതി വകുപ്പ് ജീവനക്കാര്‍ രാത്രി മുതല്‍ കഠിന പരിശ്രമം നടത്തിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി രാത്രിയും പകലും ശക്തമായി വീശുന്ന കാറ്റ് ഇപ്പോഴും തുടരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.