തേയിലത്തോട്ടം വന്യജീവികളുടെ പിടിയിൽ; തൊഴിലാളികൾ പ്രതിസന്ധിയിൽ
text_fieldsപുനലൂർ: തേയിലതോട്ടത്തിൽ ആനയും പുലിയും രാജവെമ്പാലയടക്കം വിഷപ്പാമ്പുകളും വർധിച്ചതോടെ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ. ജില്ലയിലെ ഏക തേയിലത്തോട്ടമായ ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റിലാണ് വന്യമൃഗങ്ങൾ തൊഴിലാളികളുടെ ജീവന് ഭീഷണിയും ഒപ്പം തൊഴിൽ പ്രതിസന്ധിയും ഉണ്ടാക്കുന്നത്. 2880 ഹെക്ടറോളം വിസ്തൃതിയിലുള്ള തേയില തോട്ടമാണ് ടി.ആർ.ആൻഡ് ടി കമ്പനിക്ക് ഇവിടെയുള്ളത്.
അതിർത്തി വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന തോട്ടത്തിൽ വന്യമൃഗങ്ങൾ വർധിച്ചതോടെ തൊഴിലെടുക്കാനാകാതെ 450 ഓളം കുടുംബങ്ങൾ ബുദ്ധിമുട്ടുകയാണ്. മഴക്കാലമായതോടെ മൃഗങ്ങളുടെ ഉപദ്രവം കാരണം തോട്ടത്തിന്‍റെ പരിസരത്തുപോലും പോകാൻ പറ്റാതായെന്ന് തൊഴിലാളികൾ പറയുന്നു. തേയിലത്തോട്ടത്തിലും റബർ ടാപ്പിങ് അടക്കം തൊഴിലുകളും ചെയ്യാൻ രാവിലെതന്നെ തോട്ടത്തിലിറങ്ങണം. ഈ സമയത്താണ് കാട്ടുമൃഗങ്ങൾ ഒറ്റക്കും കൂട്ടായും തോട്ടത്തിൽ നിലയുറപ്പിക്കുന്നത്. ആനക്കൂട്ടവും പുലിയും പന്നികളും തേയിലക്കിടയിൽ സാധാരണമാണ്. ഇത് കൂടാതെ രാജവെമ്പാലയടക്കം വിഷപ്പാമ്പുകളും വർധിച്ചു.
കാട്ടുമൃഗങ്ങൾ ഇറങ്ങാതിരിക്കാനായി തോട്ടത്തിന്‍റെ അതിരുവരുന്ന വനത്തോട് ചേർന്ന് മിക്കയിടത്തും സൗരോർജവേലിയടക്കം പ്രതിരോധ സംവിധാനങ്ങളൊന്നുമില്ല. വനംവകുപ്പാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഒരുക്കേണ്ടത്. ചില ഭാഗത്ത് കമ്പനിയുടെ ചെലവിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചുണ്ടെങ്കിലും ഇത് ഫലപ്രദമല്ല. ഇതുകാരണം മലമടക്കുകളാൽ ചുറ്റപ്പെട്ട ഏതുഭാഗത്തുകൂടിയും മൃഗങ്ങൾക്ക് തോട്ടത്തിൽ കടക്കാൻ മാർഗമുണ്ട്.
തൊഴിലാളികൾക്ക് തൊഴിലെടുക്കാൻ കഴിയാത്തതിനാൽ സയമത്തിന് തേയില ചെടി ക്രോപ്പിങ്ങും കാടെടുപ്പും മുടങ്ങുന്നു. ഇതുകാരണം ഗുണമേന്മയുള്ള കൊളുന്ത് ആവശ്യത്തിന് ലഭിക്കാത്തതും തൊഴിലാളികൾക്ക് നഷ്ടം വരുത്തുന്നു.
തോട്ടത്തിന്‍റെ പലഭാഗത്തും ആന നിന്നാൽപോലും കാണാനാകാത്ത നിലയിൽ കാടുമൂടിയതായി തൊഴിലാളികൾ പറയുന്നു. വന്യജീവികൾ കടക്കുന്നത് തടയാൻ കമ്പനി മാനേജുമെന്‍റും കാര്യമായി ഒന്നും ചെയ്യുന്നില്ല. തൊഴിൽ വേണമെങ്കിൽ ജീവൻ പണയംവെച്ചും തോട്ടത്തിൽ പോകണമെന്നാണ് മാനേജ്മെൻറ് നിലപാടെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തി. തൊഴിലിനിടെ വന്യജീവികളുടെ ആക്രമണം അടക്കം അത്യാഹിതങ്ങൾ നേരിട്ടാൽ മതിയായ പ്രാഥമിക ചികിത്സ ലഭിക്കാൻ അമ്പത് കിലോമീറ്ററിലധികം സഞ്ചരിച്ച് പുനലൂരിൽ എത്തണം. നിരവധി കുടുംബങ്ങളുടെ തൊഴിലിനെ ബാധിക്കുന്നതിനാൽ തോട്ടങ്ങളിലടക്കം ജനവാസമേഖലയിൽ വന്യജീവികൾ ഇറങ്ങാതിരിക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് തൊഴിലാളികൾ ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.