യഥാസമയം ലേലം ചെയ്തില്ല; ലക്ഷങ്ങളുടെ തേക്ക് കഴ നശിച്ചു
text_fieldsപുനലൂർ: യഥാസമയം ലേലം ചെയ്ത് വിൽക്കാത്തത് കാരണം വനം വകുപ്പിെൻറ ലക്ഷങ്ങൾ വിലവരുന്ന തേക്ക് കഴ ഡമ്പിങ് ഡിപ്പോയിൽ നശിച്ചു. കഴകൾ വിറകിനുപോലും ഉപയോഗിക്കാൻ കഴിയാത്ത നിലയിൽ ചിതൽ കയറി മണ്ണായി. കോന്നി വനം ഡിവിഷനിലെ മണ്ണാറപ്പാറ റേഞ്ച് ഓഫിസിന് സമീപത്തെ ഡമ്പിങ് ഡിപ്പോയിലാണ് 15ലധികം ലോഡ് കഴ നശിച്ചത്.
അലിമുക്ക്-അച്ചൻകോവിൽ കാനനപാതയോട് ചേർന്നാണ് ഡിപ്പോ. മൂന്നുവർഷം മുമ്പ് മണ്ണാറപ്പാറ റേഞ്ചിലെ വിവിധ തേക്ക് തോട്ടങ്ങളിൽനിന്നും ഇടവെട്ടിലൂടെ ശേഖരിച്ചതാണ് കഴകൾ.
ദൂരദിക്കിലുള്ള തോട്ടങ്ങളിൽ നിന്നും വെട്ടി ഡിപ്പോയിൽ അട്ടിവെച്ച കഴകളിൽ ഒന്നും രണ്ടും ക്ലാസിലുള്ള കഴകൾ ലേലം ചെയ്ത് വിറ്റു. ബാക്കിയുള്ള മൂന്ന്, നാല്, അഞ്ച് ഇനം കഴകളാണ് വിൽക്കാനുള്ളത്. ഈ കഴകളും ലേലം ചെയ്ത് നൽകാനുള്ള നടപടി ക്രമങ്ങൾ ഡിവിഷൻ ഓഫിസിൽ പൂർത്തിയാക്കിയിരുന്നു. എന്നാൽ നോട്ടിഫിക്കേഷൻ ഉൾപ്പെടെ ശേഷിക്കുന്ന നടപടി ചെയ്യാത്തതിനാൽ ലേലം നടന്നില്ല.
ഡി.എഫ്.ഒ ആണ് നോട്ടിഫിക്കേഷൻ നടപടി നടത്തി ലേലം ചെയ്യേണ്ടത്. അന്നത്തെ ഡി.എഫ്.ഒ ഇതിനകം സർവിസിൽനിന്ന് വിരമിച്ചു.
കഴ നശിക്കുന്നത് ഒഴിവാക്കാൻ ലേലം ചെയ്തുനൽകണമെന്ന് സ്ഥലത്തെ ലോഡിങ് തൊഴിലാളികൾ പലതവണ വനം അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. കഴ ലേലം എടുക്കുന്നവർക്ക് ലോഡിങ് കൂലി കുറച്ച് നൽകാമെന്നും തൊഴിലാളികൾ അറിയിച്ചിരുന്നു.
വിളവ് കുറവുള്ള കഴകളായതിനാൽ കുറഞ്ഞത് ആറുമാസത്തിനുള്ളിലെങ്കിലും ലേലം ചെയ്ത് വിറ്റിെല്ലങ്കിൽ നശിക്കും. കൂടാതെ ഇത്തരം കഴകൾ പഴക്കമേറുന്തോറും മതിയായ വിലയും ലഭിക്കുകയില്ല. കഴ നശിച്ചതിലൂടെ ഖജനാവിന് ലഭിക്കേണ്ട ലക്ഷങ്ങൾ നഷ്ടമായത് കൂടാതെ ഇത് മുറിച്ച് ഡിപ്പോയിലെത്തിച്ച കൂലി ഇനത്തിലും വൻ തുക നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.