ഈട് നൽകിയ ആധാരം തിരികെ നൽകിയില്ല; ബാങ്കിന് മുന്നിൽ ദമ്പതികളുടെ ആത്മഹത്യ ശ്രമം
text_fieldsപുനലൂർ: ഈട് നൽകിയ ആധാരം വായ്പ അടച്ചുതീർത്തിട്ടും തിരികെ നൽകാത്തതിൽ ബാങ്കിന് മുന്നിൽ ദമ്പതികൾ ആത്മഹത്യ ഭീഷണി ഉയർത്തി. പൊലീസ് ഇടപെട്ട് ബാങ്ക് അധികൃതരെ കൊണ്ട് ആധാരം തിരികെനൽകിച്ച് പ്രശ്നം പരിഹരിച്ചു. പുനലൂർ സഹകരണ ബാങ്കിന് മുന്നിൽ മൈലയ്ക്കൽ കോടിയാട്ട് വീട്ടിൽ ഹബീബ് മുഹമ്മദും ഭാര്യ നഫീസത്ത് ബീവിയുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുമെന്ന് ഭീഷണി ഉയർത്തിയത്.
ഹബീബ് മുഹമ്മദ് ഈ ബാങ്കിൽനിന്ന് മുമ്പ് വായ്പയെടുത്തിരുന്നു. മാതാവ്, ഭാര്യ, അയൽവാസി എന്നിവരുടെ പേരിലുള്ള ആധാരം ഈടായി നൽകി. നാല് ദിവസം മുമ്പ് ഹബീബ് വായ്പ പൂർണമായും അടച്ചു ആധാരം തിരികെ ആവശ്യപ്പെട്ടു.
എന്നാൽ, മാതാവ് മറ്റ് രണ്ടുപേർക്ക് വായ്പക്ക് ജാമ്യം നിന്നത് കുടിശ്ശിക വന്നതിനാൽ ആധാരം തിരികെ നൽകാനാകില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചെന്ന് ഹബീബ് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ബാങ്കിൽ എത്തിയിട്ടും ഫലമുണ്ടായില്ല. വെള്ളിയാഴ്ച രാവിലെ വീണ്ടുമെത്തിയെങ്കിലും ആധാരം ലഭിച്ചില്ല.
തുടർന്നാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇതിനിടെ പുനലൂർ പൊലീസും ഫയർഫോഴ്സും എത്തിച്ചേർന്നു. ഇവരുടെ മുന്നിൽവെച്ച് ഇരുവരും ദേഹത്ത് പെട്രോൾ ഒഴിച്ചു. സി.ഐ രാജേഷ് കുമാർ, നഗരസഭ വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ എന്നിവർ ബാങ്ക് അധികൃതരുമായി ചർച്ച നടത്തി. ആധാരം തിരികെ കൊടുക്കാൻ സമ്മതിച്ചതോടെയാണ് ഇരുവരും പിന്തിരിഞ്ഞത്.
എന്നാൽ, ബാങ്കിന്‍റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും വായ്പക്കാരന് ഏതെങ്കിലും തരത്തിൽ കുടിശ്ശികയുണ്ടെങ്കിൽ ജാമ്യ ആധാരം തിരികെ നൽകാനാകില്ലെന്നും പ്രസിഡന്റ് എ.ആർ. മുഹമ്മദ് അജ്മൽ പ്രതികരിച്ചു. കുടിശ്ശിക ഒടുക്കാൻ നടപടി ഉണ്ടായതോടെയാണ് ആധാരം തിരികെ നൽകിയതെന്ന് അദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.