പള്ളിവാസലിൽ ആനക്കിടങ്ങ് നിർമാണം പൂർത്തിയാകുന്നു
text_fieldsപുനലൂർ: അച്ചൻകോവിൽ വനം ഡിവിഷനിലെ വന്യമൃഗങ്ങളുടെ കൃഷിനശീകരണവും മറ്റും തടയുന്നതിന് പ്രതിരോധനടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വനത്തിൽ ഒറ്റപ്പെട്ട പ്രദേശമായ പള്ളിവാസലിൽ ജനവാസമേഖലക്ക് ചുറ്റും ആനക്കിടങ്ങ് നിർമാണം പൂർത്തിയായിവരുന്നു. അച്ചൻകോവിൽ-ചെങ്കോട്ട പാതയോട് ചേർന്ന് വനനടുവിലാണ് പള്ളിവാസൽ ഗ്രാമം. ഇവിടുള്ള പത്തോളം കുടുംബങ്ങൾക്ക് ആനയുടെ ശല്യം കാരണം ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്. ഈ കുടുംബങ്ങളുടെ ഏക്കർ കണക്കിനുള്ള ഭൂമിയിലെ വളരെ വർഷങ്ങൾ പഴക്കമുള്ള തെങ്ങും കവുങ്ങും മറ്റു കൃഷികളും അടുത്തകാലത്ത് ആനയിറങ്ങി വ്യാപകമായി നശിപ്പിച്ചിരുന്നു. ഓരോ കുടുംബത്തിനും ഇത് വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.
ഭൂമി സംബന്ധിച്ച സാങ്കേതികകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ വനം വകുപ്പ് തയാറായിട്ടില്ല. കിടങ്ങുകൂടാതെ ഇവിടെ സോളാർ ഫെൻസിങും നിർമിക്കുന്നുണ്ട്. അച്ചൻകോവിലിലെ രണ്ടു വാർഡുകളിൽ അടുത്തകാലത്തായി കാട്ടുമൃഗങ്ങൾ വരുത്തിയ നാശം രൂക്ഷമാണ്. ഇതിനെതുടർന്ന് വാർഡ് അംഗം സാനു ധർമരാജിന്റെ നേതൃത്വത്തിൽ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അടുത്തിടെ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജനങ്ങളുടെ പരാതി സ്വീകരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിരോധനടപടിക്ക് തീരുമാനിക്കുകയായിരുന്നു. പള്ളിവാസൽ കൂടാതെ അച്ചൻകോവിലിൽ മാത്രം ഒരു കോടി രൂപയുടെ പ്രതിരോധ നടപടികൾക്ക് അനുമതിയായിട്ടുണ്ട്. ഇതിന്റെ നിർമാണ ജോലികളും അടുത്തുതന്നെ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.