കടംകയറി മുടിഞ്ഞു; പുനലൂരിലെ സുഭിക്ഷ ഹോട്ടൽ പൂട്ടി
text_fieldsപുനലൂർ: ന്യായവിലയ്ക്ക് ഉച്ചയൂണ് നൽകാനായി പൊതുവിതരണവകുപ്പ് കുടുംബശ്രീക്കാരുടെ സഹായത്തോടെ പുനലൂരിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടൽ വൻ ബാധ്യതയെ തുടർന്ന് അടച്ചുപൂട്ടി.
വകുപ്പുകൾ തമ്മിലുള്ള തർക്കവും നടത്തിപ്പുകാർക്ക് വിവിധയിനത്തിൽവന്ന വൻ ബാധ്യതയുമാണ് പൂട്ടാനിടയാക്കിയത്. ടി.ബി ജങ്ഷനിൽ സ്നാനഘട്ടത്തിലെ ടൂറിസംവകുപ്പിന്റെ കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ഉച്ചയൂണിന് 20 രൂപ മാത്രം ഈടാക്കിയിരുന്നതിനാൽ തൊഴിലാളികൾക്കും സാധാരണക്കാർക്കും വലിയ അനുഗ്രഹമായിരുന്നു ഹോട്ടൽ.
ടൂറിസംവകുപ്പിന്റെ കെട്ടിടം വാടകക്കെടുത്താണ് പ്രവർത്തിച്ചിരുന്നത്. വാടകയിനത്തിൽ ഡി.ടി.പി.സിയുമായുള്ള തർക്കവും നടത്തിപ്പുകാർക്കുള്ള സർക്കാർ ഗ്രാൻറ് മുടങ്ങിയതുമാണ് പൂട്ടാനിടയാക്കിയത്.
വൈദ്യുതി, വെള്ളം എന്നിവയുടെ ചാർജായി വൻതുക പലതവണ കുടിശ്ശികയായി ഇടക്കിടെ ഹോട്ടൽ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ഡി.ടി.പി.സിയാണ് വൈദ്യുതി ചാർജ് ഒടുക്കേണ്ടത്. ഇത് മുടങ്ങിയതിനാൽ മുമ്പ് കെ.എസ്.ഇ.ബി ഹോട്ടലിന്റെ ഫ്യൂസ് ഊരിയിരുന്നു. അപ്പോഴെല്ലാം നടത്തിപ്പുകാരായ വനിതകൾ ഇടപെട്ട് വൈദ്യുതിചാർജ് ഒടുക്കിയിരുന്നു.
സമയത്തിന് സർക്കാർ ഗ്രാൻറ് കിട്ടാത്തതുകാരണം നടത്തിപ്പുകാർക്ക് വലിയ സാമ്പത്തികബാധ്യതയും ഉണ്ടായി. പൊതുവിതരണവകുപ്പ് അധികൃതരാകട്ടെ ഹോട്ടൽ നടത്തിപ്പിന് കാര്യമായി ഇടപടുന്നില്ലെന്നും ആക്ഷേപമുണ്ട്. ശബരിമല സീസൺ തുടങ്ങുന്നതോടെ തീർഥാടകരുടെ ഇടത്താവളമായ ടി.ബി ജങ്ഷനിൽ ന്യായവിലയ്ക്ക് ഭക്ഷണം ലഭിച്ചിരുന്ന ഈ ഹോട്ടൽ പൂട്ടിയത് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.