നീണ്ടകാലത്തെ പോരാട്ടത്തിന് പരിസമാപ്തി; 756 കുടുംബങ്ങൾക്കും സ്വന്തം മണ്ണായി
text_fieldsപുനലൂർ: തലമുറയായി അനുഭവിച്ചിരുന്ന ഭൂമിക്ക് പട്ടയമെന്ന പേപ്പർമിൽ മേഖലയിലെ 756 കുടുംബങ്ങളുടെ സ്വപ്നം ഇന്നു പൂവണിയും. ചൊവ്വാഴ്ച രാവിലെ 12 ന് പുനലൂർ ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന പട്ടയമേളയിൽ മുഖ്യമന്ത്രി അർഹർക്ക് പട്ടയം വിതരണം ചെയ്യുന്നതോടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമമാകും.
തിരുവിതാംകൂറിലെ രണ്ടാമത്തെ രജിസ്റ്റേർഡ് കമ്പനിയായ പുനലൂർ പേപ്പർമിൽ 1888ൽ പ്രവർത്തനം തുടങ്ങുന്നിടത്തുനിന്നാണ് പേപ്പർമിൽ പട്ടയ പ്രശ്നവും ഉദിക്കുന്നത്. കമ്പനിയുടെ ആവശ്യത്തിന് ചുറ്റുവട്ടത്തായി നൂറുകണക്കിന് ഏക്കർ ഭൂമി സർക്കാർ കരാർ അടിസ്ഥാനത്തിൽവിട്ടുകൊടുത്തിരുന്നു. കമ്പനിയുടെ പ്രധാന അസംസ്കൃത വസ്തുക്കളായ ഈറ, മുള തുടങ്ങിയവ വെച്ചുപിടിക്കാനായിരുന്നു ഇത്. എന്നാൽ, കിഴക്കൻ മലയോരങ്ങളിൽനിന്നും ആവശ്യത്തിന് ഈറയും മുളയും ലഭ്യമായതോടെ കമ്പനിക്ക് ലഭിച്ച ഭൂമി വെറുതെ കിടന്നു കാടുമൂടി.
കമ്പനി അധികൃതരുടെ അനുവാദത്തോടെ ഇവിടത്തെ തൊഴിലാളികളും ആശ്രിതരുമടക്കം ഈ ഭൂമിയിൽ താമസമാക്കി. എന്നാൽ, തുടർന്നുള്ള കാലങ്ങളിൽ കമ്പനി പലതവണ പൂട്ടുകയും തുറക്കുകയും ചെയ്തു. അവസാനമായി കാൽ നൂറ്റാണ്ട് മുമ്പ് എന്നത്തേക്കുമായി പ്രവർത്തനം നിലച്ചു. ഇതിനകം ഭൂമിയിൽ താമസമാക്കിയവരുടെ എണ്ണം വർധിച്ച് ആയിരത്തോളമെത്തി. പുനലൂർ നഗരസഭയിലെ പേപ്പർമിൽ, കാഞ്ഞിരമല, ശാസ്താംകോണം, ചാലക്കോട്, വിളക്കുടി പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ കൈവശക്കാർ. ഇതിലെ താമസക്കാർക്ക് പട്ടയം നൽകണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. ഈ ഭൂമി വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാതിരുന്നതിനാൽ സർക്കാറിലേക്ക് തിരിച്ചെടുക്കാൻ 1985ൽ കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ, കമ്പനി റിസീവർ ഭരണത്തിലും ഭൂമിയിൽ നിരവധി കുടുംബങ്ങൾ വസിച്ചിരുന്നതിനാലും ഏറ്റെടുക്കൽ നടന്നില്ല. തുടർന്ന് ഈ വിഷയം പുനലൂർ ലാൻഡ് ബോർഡ് ഏറ്റെടുത്ത് കമ്പനിക്കെതിരെയുള്ള സീലിങ് കേസ് പുനരാരംഭിച്ചു. കമ്പനി അധികൃതരുടെ കൂടി വാദം കേട്ടുകൊണ്ട് തുടർനടപടിയിലൂടെ മുമ്പ് 53.5 ഏക്കർ ഭൂമിക്ക് കുറെ കുടുംബങ്ങൾക്ക് എൽ.ടി പട്ടയം വിതരണം ചെയ്തു. ശേഷിക്കുന്ന ഭൂമിയിലുള്ളവർക്കും പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് എട്ടു വർഷം മുമ്പ് പട്ടയസമര സമിതിയും രംഗത്തെത്തി.
സമിതിയുടെ നേതൃത്വത്തിൽ ഇതിനകം നിരവധി സമരങ്ങൾ നടന്നു. ഇതിന്റെകൂടി ഫലമായി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പട്ടയവിതരണം തത്ത്വത്തിൽ അംഗീകരിച്ച് നടപടികൾക്ക് തുടക്കമിട്ടു. ഭൂമി സംബന്ധിച്ച് പേപ്പർമിൽ ഉടമയുടെ അവകാശവാദങ്ങളും തുടർന്നുള്ള കേസുകളും പരിഹരിച്ചു. തുടർന്ന് 121 ഏക്കർ താലൂക്ക് ലാൻഡ് ബോർഡ് മിച്ചഭൂമിയായി ഏറ്റെടുത്തു. മാസങ്ങൾ നീണ്ട നടപടിയിലൂടെ റവന്യൂ അധികൃതർ ഭൂമി സംബന്ധിച്ചും കൈവശക്കാരെ കുറിച്ചും വ്യക്തത വരുത്തിയാണ് പട്ടയം തയാറാക്കിയത്.
സാധാരണ നിലയിൽ മിച്ചഭൂമിയായി ഏറ്റെടുക്കുന്ന ഭൂമി നഗരപ്രദേശങ്ങളിൽ അഞ്ചും പഞ്ചായത്ത് തലത്തിൽ 10 സെൻറിനുമാണ് കൈവശക്കാർക്ക് പട്ടയം നൽകാറുള്ളത്. ഇതിൽനിന്നും വ്യത്യസ്തമായ കൈവശത്തിലുള്ള മുഴുവൻ ഭൂമിക്ക് തുച്ഛമായ തുക ഈടാക്കി ഉപാധിരഹിത പട്ടയമാണ് നൽകുന്നത്. രണ്ട് സെൻറ് മുതൽ ഒരേക്കർ വരെ ഭൂമിക്ക് പട്ടയം ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.