മുരുകൻപാഞ്ചാലിലെ കുഴിയടപ്പ് നടന്നില്ല; യാത്ര ദുരിതം
text_fieldsപുനലൂർ: കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ മുരുകൻപാഞ്ചാലിലെ കുഴിയടക്കാൻ കരാറുകാർ വന്നില്ല. ഇതുവഴിയുള്ള യാത്രക്കാരുടെ നടുവൊടിയുന്നതും വാഹനങ്ങൾ തകരുന്നതും പതിവായി. അന്തർസംസ്ഥാന പാതയിൽ മുരുകൻപാഞ്ചാലിൽ ഒരുവർഷം മുമ്പ് രൂപപ്പെട്ട കുഴി ഇതുവരെ നികത്തിയിട്ടില്ല.
കഴിഞ്ഞ ശബരിമല സീസണിൽ ഇതുവഴിയുള്ള അന്തർ സംസ്ഥാന അയ്യപ്പഭക്തരും ഇവിടെ ഏറെ ബുദ്ധിമുട്ടിയിരുന്നു. പാതയിലെ അപകടാവസ്ഥ മാറ്റാനും കഴിഞ്ഞ ശബരിമല സീസണും കണക്കിലെടുത്ത് പി.എസ്. സുപാൽ എം.എൽ.എ ഇടപെട്ട് അടിയന്തര അറ്റകുറ്റപണിക്ക് ദേശീയപാത അതോറിറ്റി 27.70 ലക്ഷം രൂപ ഏഴു മാസം മുമ്പ് അനുവദിച്ചിരുന്നു.
കലക്ടറേറ്റിൽ എം.എൽ.എ, കലക്ടർ തുടങ്ങിയവർ പങ്കെടുത്ത അധികൃതരുടെ യോഗത്തിലാണ് പണം അനുവദിച്ചതായും അറ്റകുറ്റപ്പണി ഉടൻ തുടങ്ങുമെന്നും അധികൃതർ അറിയിച്ചത്. എന്നാൽ, സമയത്തിന് പണി തുടങ്ങാതായതോടെ നാട്ടുകാർ പ്രതിഷേധമായി കുഴിയടച്ചെങ്കിലും ഇതിനകം തകർന്നു. ഉടൻ തന്നെ പണി പൂർത്തിയാക്കുമെന്നും അധികൃതർ ഉറപ്പ് നൽകിയിരുന്നു.
എം.എൽ.എക്ക് അഭിനന്ദനങ്ങൾ അറിയിച്ച് വഴിയിലൂടനിളം ബോർഡുകളും പാർട്ടിക്കാർ സ്ഥാപിച്ചു. മുരുകൻപാഞ്ചാലിൽ പുതിയ പാലം നിർമിച്ചപ്പോൾ അപ്രോച്ച് റോഡ് നിർമിച്ചതിലെ അപാകതയാണ് ഇവിടെ തകരാൻ പ്രധാന കാരണം. ഇനി ഈ ഭാഗത്ത് മണ്ണിട്ട് ഉയർത്തി ഉറപ്പിച്ചു വേണം ടാർ ചെയ്യേണ്ടത്.
ചരക്കുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും പ്രയാസപ്പെട്ടാണ് ഈ ഭാഗം കടന്നുപോകുന്നത്. വേനൽമഴയിൽ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതും ഭീഷണിയായി.
കരാർ ഏറ്റെടുക്കാൻ ആരും തയാറാകാത്തതിനാലാണ് കുഴിയടക്കാൻ കഴിയാത്തതെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. അടുത്ത മഴസീസണ് മുമ്പ് പണി പൂർത്തിയാക്കിയില്ലെങ്കിൽ കൂടുതൽ തകർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം നിലയ്ക്കാനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.