ജീവിച്ചിരിക്കുന്ന യുവാവിനെ പരേതനാക്കി; വെട്ടിലായി പുനലൂർ നഗരസഭ
text_fieldsപുനലൂർ: ജീവിച്ചിരിക്കുന്ന യുവാവ് മരിച്ചെന്ന് ഓംബുഡ്സ്മാനിൽ തെറ്റായി സത്യവാങ്മൂലം നൽകി പുനലൂർ നഗരസഭ. നഗരസഭക്കെതിരെ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാനിൽ പരാതി നൽകിയ പുനലൂർ എം.എൽ.എ റോഡിൽ മേലെപ്പറമ്പിൽ വീട്ടിൽ ഛത്രപതി ശിവജിയാണ് ഓംബുഡ്സ്മാനിൽ നിന്നുള്ള അറിയിപ്പ് കണ്ട് ഞെട്ടിയത്.
പരാതിക്കാരൻ മരണപ്പെട്ടതായി നഗരസഭ സെക്രട്ടറി അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ പരാതിയിന്മേലുള്ള തുടർനടപടികൾ നിർത്തിവച്ചെന്നാണ് ഓംബുഡ്സ്മാന്‍റെ ഉത്തരവ് തപാലിൽ ഛത്രപതി ശിവജിക്ക് ലഭിച്ചത്. താൻ നടത്തിവരുന്ന ജിംനേഷ്യം മുനിസിപ്പൽ ലൈബ്രറി കെട്ടിടത്തിന്‍റെ മുകൾ ഭാഗത്ത് പ്രവർത്തിപ്പിക്കാനായി ഏതാനും വർഷ മുമ്പ് അപേക്ഷ നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന് നഗരസഭ അധികൃതർ വാടകയും നിശ്ചയിച്ചു നൽകി. എന്നാൽ, എഗ്രിമെന്‍റ് വെക്കാൻ ചെന്നപ്പോൾ വാടകക്ക് തരാൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു.
കെട്ടിടം ഏതുസമയവും തകർന്നുവീഴുമെന്ന നിലയിലാണെന്നാണ് കാരണം പറഞ്ഞത്. എന്നാൽ, കെട്ടിടത്തിന്‍റെ ബലക്ഷയത്തെ സംബന്ധിച്ച് പരാതിക്കാരൻ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചതോടെ കൊല്ലം ടി.കെ.എം കോളജിലെ എൻജിനീയറിങ് വിഭാഗത്തെ കൊണ്ട് നഗരസഭ കെട്ടിടം പരിശോധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ ഓംബുഡ്സ്മാനെ സമീപിച്ചത്. വിചാരണവേളയിൽ ഓൺലൈനിൽ വാദിഭാഗം ഹാജരാകാതിരുന്നപ്പോഴാണ് നഗരസഭ പരാതിക്കാരൻ മരണപ്പെട്ടെന്ന് സത്യവാങ്മൂലം നൽകിയത്.
അതിനെതുടർന്നാണ് തുടർനടപടികൾ നിർത്തിവെച്ച ഉത്തരവ് ഓംബുഡ്സ്മാൻ പുറപ്പെടുവിച്ചത്. ജീവിച്ചിരിക്കുന്ന തന്നെ പരേതനാക്കിയ നഗരസഭ സെക്രട്ടറിക്കെതിരെ നിയമപോരാട്ടം നടത്തുമെന്നാണ് ഛത്രപതി ശിവജി പറയുന്നത്. എന്നാൽ, തെറ്റ് മനസ്സിലാക്കി ഓംബുഡ്സ്മാനിൽ റിവിഷൻ പെറ്റീഷൻ നൽകിയതായി നഗരസഭ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.