കൈവശഭൂമിയിൽ കല്ലിടാൻ വന്ന റെയിൽവേ അധികൃതരെ നാട്ടുകാർ തടഞ്ഞു
text_fieldsപുനലൂർ: കൈവശഭൂമിയിൽ വീട് നിർമിക്കുന്നത് തടയാനായി റെയിൽവേയുടെ അതിരുകല്ല് സ്ഥാപിക്കാൻ വന്ന അധികൃതരെ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു. ഇടപാളയം ഫോറസ്റ്റ് ക്വാർട്ടേഴ്സിനു സമീപം അനുവിന്റെ പുരയിടത്തിലാണ് ചൊവ്വാഴ്ച രാവിലെ പൊലീസ് സംരക്ഷണത്തിൽ റെയിൽവേ അധികൃതർ അതിർത്തിക്കല്ല് സ്ഥാപിക്കാനെത്തിയത്. കൈവശാവകാശരേഖയുള്ള ഭൂമിയിൽ പഞ്ചായത്ത് അനുമതിയോടുകൂടി വീട് നിർമിക്കാൻ അടിത്തറ കെട്ടുന്ന പണി നടക്കുകയാണ്.
റെയിൽവേ ലൈനിനു സമീപമുള്ള ഭൂമിയായതിനാൽ ഇത് റെയിൽവേയുടെ വകയാണെന്നുള്ള അവകാശവാദം ഉന്നയിച്ചാണ് അധികൃതർ എത്തിയത്. എന്നാൽ, കൈവശ രേഖകൾ കാണിച്ചിട്ടും ഇവർ മടങ്ങാൻ തയാറായില്ല.
പുനലൂർ-ചെങ്കോട്ട റെയിൽവേ ലൈനിന്റെ ഇരുവശത്തും പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടി സ്വീകരിക്കാൻ പാടില്ലെന്ന് റെയിൽവേ അധികൃതരോട് ഒരു വർഷം മുമ്പേ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത യോഗം അറിയിച്ചിരുന്നു.
റെയിൽവേ, വനം, റവന്യൂ അധികൃതരുടെ സംയുക്ത പരിശോധന നടത്തി ഇവിടെയുള്ള ഭൂമിയുടെ കൃത്യത വരുത്തിയശേഷമേ എന്തെങ്കിലും നടപടി സ്വീകരിക്കാവൂ എന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇത്രയും കാലമായിട്ടും സംയുക്ത പരിശോധന നടത്താനുള്ള തീരുമാനമുണ്ടായിട്ടില്ല.
കൈവശമുള്ള ഭൂമിയിൽ നിർമാണപ്രവർത്തനം നടത്താനോ മരങ്ങൾ മുറിക്കാനോ പറ്റാത്ത നിലയിൽ ജനങ്ങൾ ദുരിതത്തിലാണ്. അവസാനം നാട്ടുകാർ ക്ഷുഭിതരായതോടെ അനുനയത്തിന് തയാറായി.
നിർമാണം നിർത്തിവെക്കണമെങ്കിൽ വസ്തു ഉടമക്ക് റെയിൽവേ സ്റ്റോപ് മെമ്മോ നൽകണമെന്ന നിലപാട് നാട്ടുകാർ സ്വീകരിച്ചു. ഇത് നൽകാമെന്ന് പറഞ്ഞ് അധികൃതർ കല്ലിടുന്ന ശ്രമം ഉപേക്ഷിച്ച് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.