കൽക്കരിയിൽനിന്ന് വൈദ്യുതി എൻജിനിലേക്ക് വഴിമാറി മലയോര റെയിൽപാത
text_fieldsപുനലൂർ: തിരുവിതാംകൂറിലെ ആദ്യറെയിൽപാത 120 വർഷം പിന്നിട്ട് പൂർണമായും വൈദ്യുതി എൻജിനിലേക്ക് വഴിമാറി. പുനലൂർ-ചെങ്കോട്ട വഴിയുള്ള കൊല്ലം-ചെന്നൈ ലൈനിൽ വൈദ്യുതികരണം പൂർത്തിയാക്കി ശനിയാഴ്ച രാത്രി മുതൽ ട്രൈയിൻ ഓടിത്തുടങ്ങിയതോടെ ഓർമയാകുന്നത് മീറ്റർ ഗേജും കൽക്കരി എൻജിനും അവസാനമായി ഡീസൽ എൻജിനും. ഇതുവഴി ട്രെയിൻ സർവിസ് ആരംഭിച്ച് 120 വർഷത്തിലാണ് വൈദ്യുതികരണവും പൂർത്തിയാകുന്നതെന്നത് യാദൃശ്ചികമാണ്.
തിരുവിതാംകൂർ രാജാവും മദ്രാസ് സർക്കാരും തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ഇതുവഴി റെയിൽവേ ലൈൻ നിർമാണം ആരംഭിച്ചത്. ഇതിന് തിരുവതാംകൂറിലെ ആദ്യത്തെ റെയിൽവേ ലൈൻ എന്ന പ്രത്യേകതയുമുണ്ട്. വർഷങ്ങൾ നീണ്ട നിർമാണത്തിനൊടുവിൽ 1904 ആണ് ഇതുവഴി സർവിസ് പൂർണമായി ആരംഭിച്ചത്.
ആദ്യം കൊല്ലം മുതൽ പുനലൂർ വരെയും രണ്ടാംഘട്ടം പുനലൂരിൽ നിന്ന് ചെങ്കോട്ട വരെയും കൽക്കരി എൻജിൻ ഓടി തുടങ്ങി. പുനലൂർ- ചെങ്കോട്ട 49 കിലോമീറ്ററോളം ദൂരം ഭൂരിഭാഗവും കൊടും വനമായിരുന്നു. ഇതുകാരണം ഈ ഭാഗത്ത് റെയിൽവേ ലൈൻ സ്ഥാപിക്കുന്നതിന് സാഹസംവേണ്ടി വന്നു. വന്യമൃഗ ആക്രമണത്തിലും പ്രകൃതി ദുരന്തങ്ങളിലും നിരവധി തൊഴിലാളികൾക്ക് ജീവൻ പൊലിഞ്ഞു. പശ്ചിമഘട്ട മലനിരകളെ കീറിമുറിച്ചുള്ള റെയിൽവേ ലൈനും ഇതുവഴിയുള്ള യാത്രയും എന്നും ജനങ്ങൾക്ക് ഹരമാണ്.
മലകളെ ബന്ധിപ്പിക്കുന്ന കണ്ണറ പാലങ്ങളും കേരള-തമിഴ്നാട് അതിർത്തിയിലുള്ള ഒരു കിലോമീറ്ററോളം ദൂരമുള്ള കോട്ടവാസലിലെ അടക്കം തുരങ്കങ്ങളും ഈ പാതയുടെ പ്രത്യേകതയാണ്. ഒരുകാലത്ത് തമിഴ്നാട് യാത്രക്ക് ഏറ്റവും ഉപകാരപ്പെട്ടിരുന്നത് ഈ പാതയാണ്. മീറ്റർ ഗേജ് രണ്ടുഘട്ടങ്ങളിലായി ബ്രോഡ് ഗേജിലേക്ക് വർഷങ്ങൾ മുമ്പ് മാറിയെങ്കിലും വൈദ്യുതി ലൈൻ ഇല്ലാത്തതിനാൽ ട്രെയിനുകളുടെ എണ്ണവും കുറഞ്ഞു.
ആദ്യഘട്ടത്തിൽ കൊല്ലം-പുനലൂർ 44 കിലോമീറ്റർ പാത വൈദ്യുതീകരിച്ച് രണ്ടു വർഷം മുമ്പ് ഭാഗമായി വൈദ്യുതി എൻജിൻ ഓടി തുടങ്ങി. ഇപ്പോൾ കൊല്ലം-ചെങ്കോട്ട പൂർണമായി വൈദ്യുതീകരണം പൂർത്തിയായതോടെ ചെന്നൈയിലേക്ക് അടക്കം എളുപ്പത്തിൽ എത്താനാകും. ഇത് കണക്കിലെടുത്ത് കൂടുതൽ സർവിസ് ഇതുവഴി ഉണ്ടാകുന്നതിനൊപ്പം പല സർവിസുകളും നീട്ടാനും ഇടയുണ്ട്. ഈ ലൈൻ കടന്നുപോകുന്നത് വിനോദ സഞ്ചാര മേഖലയിൽ കൂടിയായതിനാൽ ഈ രംഗത്തും വലിയ നേട്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.