താലൂക്ക് ആശുപത്രിയിലെ ഫീസ് കൂട്ടാനുള്ള നീക്കം പാളി
text_fieldsപുനലൂർ: താലൂക്ക് ആശുപത്രിയിലെ ഫീസ് നിരക്കുകൾ ഇരട്ടിയിലധികമാക്കാനുള്ള നീക്കം പൊളിഞ്ഞു. ഒ.പി ടിക്കറ്റ്, ലാബ് ടെസ്റ്റ് ഫീസുകൾ, ഡയാലിസിസ്, മോർച്ചറി ഫ്രീസർ, സ്കാനിങ് നിരക്കുകൾ തുടങ്ങിയവയാണ് ഇരട്ടിയിലധികമായി വർധിപ്പിക്കാൻ ഉദ്ദേശിച്ച് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചത്. ഒരു വിഭാഗം എച്ച്.എം.സി അംഗങ്ങൾ ഇതിനെ പിന്തുണച്ചെങ്കിലും കോൺഗ്രസ് പ്രതിനിധികളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം മാറ്റിവെച്ചു. ധർമാശുപത്രിയിലെ ഫീസ് നിരക്കുകൾ വർധിപ്പിച്ചാൽ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് കോൺഗ്രസ് അംഗങ്ങൾ മുന്നറിയിപ്പ് നൽകി.
പനി പിടിച്ച് ഒ.പിയിൽ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടും പനി ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചില്ല. കൂടുതൽ ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കാനും തീരുമാനമായില്ല. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി സമയബന്ധിതമായി യോഗം ചേരാത്തതും ആശുപത്രി- മുനിസിപ്പൽ അധികൃതരുടെ കെടുകാര്യസ്ഥതയും ചർച്ച ചെയ്യണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
സെക്യൂരിറ്റി സേവനത്തിനുവേണ്ടി വിളിച്ച ടെൻഡറിൽ ആദ്യത്തെ അഞ്ച് സ്ഥാനക്കാരും പിന്മാറിയതും ആറാം സ്ഥാനക്കാരന് കൊടുക്കാനുള്ള തീരുമാനവും എച്ച്.എം.സി തള്ളി. അനാവശ്യമായ താൽക്കാലിക നിയമനങ്ങൾ തുടരുകയാണ്. കാർഡിയോളജിസ്റ്റിനെ നിയമിച്ചിട്ടില്ല. പോളി ദന്തൽ ക്ലിനിക്കിനു ദന്തൽ ഒ.പി, സെറാമിക് ലാബ് എന്നിവക്കായി പണം അനുവദിച്ചിട്ടും ആരംഭിച്ചിട്ടില്ല. പ്രതിമാസം സ്കാനിങ്ങിന്റെ ചെലവ് 12 ലക്ഷത്തിന് മുകളിലും വരവ് 12 ലക്ഷത്തിന് താഴെയുമാണ്. സ്കാനിങ് ഡോക്ടർമാർ അടക്കം ടെക്നീഷ്യൻമാർക്ക് വൻ തുക കമീഷനായി നൽകുന്നതാണ് ഇതിന് കാരണം. ലാബ് ടെസ്റ്റുകൾ ആശുപത്രിയിൽ തന്നെ നടത്തുകയും സ്കാനിങ് കമീഷൻ ഒഴിവാക്കുകയും ചെയ്താൽ കാര്യക്ഷമമായി നടത്താമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ട്രോമാ കെയർ യൂനിറ്റ് ആരംഭിക്കാനും നടപടിയില്ല.
ആരോഗ്യകിരണം പദ്ധതിയിൽ 18 വയസ്സിന് താഴെയുള്ള മുഴുവൻ കുട്ടികളുടെയും ചികിത്സ സൗജന്യമാണെങ്കിലും ഇവിടെ ചികിത്സക്ക് എത്തുന്നവരിൽനിന്ന് പണം ഈടാക്കുന്നു. പകർച്ചവ്യാധികൾ കണക്കിലെടുത്ത് താൽക്കാലിക ഡോക്ടർമാരെ ഉടൻ നിയമിക്കുകയും പനി ക്ലിനിക്ക് പുനരാരംഭിക്കുകയും ചെയ്യണമെന്ന് കോൺഗ്രസ് പ്രതിനിധികളായ സി. വിജയകുമാറും നെൽസൺ സെബാസ്റ്റ്യനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.