നഗരസഭയുടെ ആസ്തി രജിസ്റ്റർ നഷ്ടപ്പെട്ടു; അടിയന്തര കൗൺസിൽ ചേർന്നു
text_fieldsപുനലൂർ: നഗരസഭയുടെ ആസ്തി രജിസ്റ്റർ നഷ്ടപ്പെട്ട ത് വിവാദമായതോടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് നഗരസഭ കൗൺസിൽ. സംഭവത്തിൽ സേർച്ച് മെമ്മോ നൽകിയതായി ബന്ധപ്പെട്ട അധികൃതർ കൗൺസിലിൽ അറിയിച്ചു. കണ്ടു കിട്ടിയില്ലെങ്കിൽ പൊലീസിൽ പരാതി നൽകി മറ്റു നടപടികൾ എടുക്കുവാനാവാനും കൗൺസിൽ തീരുമാനിച്ചു.
നഗരസഭ വാർഡുകളിലെയും റോഡുകളുടെയും വിവിധ കെട്ടിടങ്ങളുടെയും വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തി രജിസ്റ്ററിന്റെ പ്രിൻറ് കോപ്പിയാണ് മാസങ്ങൾക്ക് മുമ്പ് നഗരസഭയിൽ നിന്ന് കാണാതായത്. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ ടാര്‍, കോണ്‍ക്രീറ്റ്, മണ്ണ് റോഡുകളുടെയും കലുങ്ങുകളുടെയും കൽകെട്ടുകളുടെയും നഗരസഭ വക കെട്ടിടങ്ങളുടെയും മറ്റും വിവരങ്ങള്‍ പുതുക്കി രേഖപ്പെടുത്തി ആസ്തി രജിസ്റ്റര്‍ നവീകരിക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
കരാറുകാരന് ഓരോ വാർഡിലെയും കൗൺസിലർമാരുടെ കൂടി സഹകരണത്തോടെ നഗരസഭ ആസ്തികൾ അളന്നു തിട്ടപ്പെടുത്തി രേഖപ്പെടുത്തി. രേഖപ്പെടുത്തിയ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് മുന്നോടിയായി കരട് റിപ്പോർട്ട് നഗരസഭ ഓഫീസിൽ സമർപ്പിപ്പു. ഇതേ തുടർന്ന് കരാറുകാരന് പകുതിയോളം തുകയും നഗരസഭ കൈമാറിയിരുന്നു.
പുതുക്കിയ ആസ്തി രജിസ്റ്റർ പ്രകാരമായിരുന്നു ഈ വർഷത്തെ വാർഷിക പദ്ധതികളിലേക്കുള്ള റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണികൾക്ക് തുക വകയിരുത്തിയിരുന്നത്. എന്നാൽ തന്റെ വാർഡിലെ ആസ്തികളുടെ വിവരങ്ങൾ പരിശോധിക്കാനായി ഒരു എൽ.ഡി.എഫ് കൗൺസിലർ നഗരസഭ എ.ഇയെ സമീപിച്ച് രേഖപ്പെടുത്തി വെച്ചിരുന്ന കരട് കൈക്കലാക്കിയെന്നാണ് പരാതി.
പിന്നീട് ഈ രേഖ തിരികെ നൽകിയതുമില്ല. നിരന്തരമായി എ.ഇ. രജിസ്റ്റർ തിരികെ തരാൻ കൗൺസിലറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്റെ കയ്യിൽ നിന്ന് നഗരസഭ ചെയർപേഴ്സന്റെ മുറിയിൽ വച്ച് രജിസ്റ്റർ നഷ്ടപ്പെട്ടുവെന്ന് കൗൺസിലർ അറിയിച്ചു. ഇതോടുകൂടി വാർഷിക പദ്ധതികളിലേക്ക് റോഡുകളുടെ പേര് കൃത്യമായി രേഖപ്പെടുത്തി നൽകാൻ കഴിയാതായി.
ഭരണ സ്തംഭനത്തിലേക്ക് കാര്യങ്ങൾ പോയതോടെയാണ് വിവരങ്ങൾ ചർച്ച ചെയ്യുന്നതിന് കൗൺസിൽ യോഗം ചേർന്നത്. യോഗത്തിൽ ഇരുപക്ഷവും വാക്കേറ്റം ഉണ്ടായി. ഭരണസമിതിയുടെ പിടിപ്പില്ലായ്മയാണ് രജിസ്റ്റർ കാണാതെ പോയതിനു പിന്നിലെന്നും ഈ വർഷത്തെ വാർഷിക പദ്ധതികൾ താറുമാറായതായും പ്രതിപക്ഷം ആരോപിച്ചു.
കെടുകാര്യസ്ഥതയും നിരുത്തരവാദപരമായ സമീപനമാണ് നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിനെന്ന വിമർശനമാണ് ചെയർപേഴ്സൺ ഉയർത്തിയത്. നഷ്ടപ്പെട്ട രജിസ്റ്റർ കണ്ടെത്തി അഞ്ചു ദിവസത്തിനകം ആസ്തി രജിസ്റ്ററിന്റെ പകർപ്പ് കൗൺസിലിൽ ലഭ്യമാക്കണമെന്നും കൗൺസിൽ തീരുമാനിച്ചു.
നഷ്ടപ്പെട്ടത് ഹാർഡ് കോപ്പിയെന്ന് നഗരസഭ സെക്രട്ടറി
പുനലൂർ: നഗരസഭയിലെ ആസ്തി രജിസ്റ്ററിൻറ ഹാർഡ് കോപ്പിയാണ് നഷ്ടമായതെന്നും ഇതിന്റെ സോഫ്റ്റ് കോപ്പി യിൽ നിന്നും പ്രിൻറ് എടുക്കാൻ നടപടിയായതായി സെക്രട്ടറി എസ്. സുമയ്യ ബീവി അറിയിച്ചു.
വീണ്ടും കരാറുകാരനുമായി ബന്ധപ്പെട്ട് പ്രിൻ്റ് എടുക്കുവാൻ അസിസ്റ്റൻ്റ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് ഡിസംബർ അഞ്ചിന് മുമ്പ് നഗരസഭ അധ്യക്ഷയ്ക്ക് കൈമാറണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു.
വാർഷിക പദ്ധതി താളം തെറ്റും - യു.ഡി.എഫ്
പുനലൂർ: ആസ്തി രജിസ്റ്റർ നഷ്ടപ്പെട്ടത് വാർഷിക പദ്ധതികൾ തകിടം മറിയുമെന്ന് യു.ഡി.എഫ്. നഗരസഭയുടെ വിവിധ വസ്തുവകകളുടെ പ്രമാണം മുമ്പ് മോഷണം പോയതു പോലെ ഇപ്പോൾ ആസ്തി രജിസ്റ്ററും മോഷണം പോയത്.
നഗരസഭയുടെ സ്വത്ത് വകകൾ പോലും സംരക്ഷിക്കാൻ പ്രാപ്തി ഇല്ലാത്ത ഭരണ നേതൃത്വം കഴിഞ്ഞ നാലു വർഷങ്ങളിലെ പോലെ ഈ വർഷവും വാർഷിക പദ്ധതികൾ തകർത്തെറിയും എന്ന് ഇതോടുകൂടി ഉറപ്പായിരിക്കുകയാണെന്ന് യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.