കെട്ടും മട്ടും മാറി പൈതൃക സ്മാരകമായ മുസാവരി ബംഗ്ലാവ്
text_fieldsപുനലൂർ: സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലത്തോട് ചേർന്ന് മറ്റൊരു പൈതൃക സ്മാരകവും പുനർജനിക്കുന്നു. കിഴക്കൻ മലയോര മേഖലയുടെ കവാടമെന്ന് വിശേഷിപ്പിക്കുന്ന പുനലൂർ ടി.ബി ജങ്ഷനിലെ മുസാവരി ബംഗ്ലാവിന്റെ നവീകരണമാണ് അവസാനഘട്ടത്തിലെത്തിയത്. മേഖലയിൽ എത്തുന്നവർക്ക് വിശ്രമിക്കാനായി രാജഭരണകാലത്ത് നിർമിച്ചതാണിത്.
താമസക്കാർക്ക് വന്യമൃഗങ്ങുടെ ശല്യമുണ്ടാകാതിരിക്കാൻ തറനിരപ്പിൽനിന്ന് അഞ്ചടിയോളം ഉയരത്തിൽ, കൂറ്റൻ തൂണുകളിലാണ് കെട്ടിടം നിർമിച്ചിരുന്നത്. വലുതും ചെറുതുമായ രണ്ടുമുറികളുള്ള ഈ കെട്ടിടം കോവിഡ് കാലത്ത് ദീർഘകാലം അടച്ചിട്ടിരുന്നത് നാശത്തിന് ആക്കം കൂട്ടി.
പൊളിഞ്ഞു വീഴാറായ കെട്ടിടത്തിന്റെ പൈതൃകവും കെട്ടുംമട്ടും കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പ് നവീകരണം നടത്തി നിലനിർത്താൻ പദ്ധതി തയാറാക്കി. അറ്റകുറ്റപ്പണിക്കായി പി.എസ്. സുപാൽ എം.എൽ.എ ഇടപെട്ട് മരാമത്തുവകുപ്പിൽനിന്ന് 24.6 ലക്ഷം രൂപ അനുവദിപ്പിച്ചിരുന്നു.
മേൽക്കൂരയിലെ പൊട്ടിയ ഓടുകൾ മുഴുവനായി മാറ്റി പുതിയ ചായം തേച്ച ഓടുകൾ പാകി. മേൽക്കൂരയിലെയും മച്ചിലെയും ദ്രവിച്ചപലകകൾ മാറ്റി പുതിയവ സ്ഥാപിച്ചു. മേൽക്കൂരയിൽ ജി.ഐ പൈപ്പുകളും ഘടിപ്പിച്ചു. ചോർച്ച തടയാൻ മുകളിലും ഓടിനും അടി ഭാഗത്തും ടിൻഷീറ്റും സ്ഥാപിച്ചു.
പൊട്ടിപ്പൊളിഞ്ഞ തറയോടുകൾ പൂർണമായി മാറ്റി പുതിയ ടൈലുകളും വിരിച്ചു. വൈദ്യുതീകരണവും പ്ലംബിങ്ങും പൂർത്തിയായി ജനാലകളും വാതിലുകളും അറ്റകുറ്റപ്പണി കൂടി നടത്തിയാൽ കെട്ടിടം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. ജോലികൾ താമസിയാതെ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. ഇതിനോടു ചേർന്നുണ്ടായിരുന്ന മറ്റൊരു പഴയകെട്ടിടം പൊളി ച്ചു കൂടുതൽ സൗകര്യങ്ങളോടെ പുതിയ അതിഥി മന്ദിരം നിർമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.