പുനലൂർ നഗരസഭയിൽ വൻ സാമ്പത്തിക തിരിമറിയെന്ന് പ്രതിപക്ഷം
text_fieldsപുനലൂർ: നഗരസഭയിൽ വൻ സാമ്പത്തിക തിരിമറി ആരോപണവുമായി പ്രതിപക്ഷം. വിവിധ റോഡുകളിൽ ജിയോ കമ്പനിയുടെ പോളുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക തിരിമറി നടന്നതായാണ് ആരോപണം.
2022ൽ ആദ്യഘട്ടമായി ജിയോ കമ്പനി നഗരസഭയുടെ പടിഞ്ഞാറന്‍ വാര്‍ഡുകളില്‍ 1050 പോളുകൾ സ്ഥാപിക്കാൻ അനുമതി തേടിയിരുന്നു. എഗ്രിമെന്റ് വെക്കാതെയും വാടക നിരക്കില്‍ വലിയ കുറവ് വരുത്തിയുമാണ് അനുമതി നൽകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആദ്യ ആരോപണം.
എൽ.ഡി.എഫ് ഭരിക്കുന്ന മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇത്തരം പോൾ സ്ഥാപിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും ഫീസും നിശ്ചയിച്ചിരുന്നു.
ഭരണസമിതി യോഗത്തിൽ അജണ്ട വച്ച് തീരുമാനിച്ച് കരാര്‍ തയാറാക്കി പോൾ ഒന്നിന് 500 രൂപ നിരക്കിൽ വാടക ഈടാക്കിയായിരുന്നു. പുനലൂർ നഗരസഭ ഭരണനേതൃത്വം കൗൺസിലിൽ അവതരിപ്പിക്കാതെയും ജിയോ കമ്പനിയുമായി ഒരു കരാറും വക്കാതെയും 360 രൂപ മാത്രം വാടക നിശ്ചയിച്ച് നൽകി എന്ന് ആരോപിച്ച് നിയമസഭാ പെറ്റീഷൻ കമ്മിറ്റിക്ക് പ്രതിപക്ഷം പരാതി നൽകിയിരുന്നു. വിജിലൻസ് അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോഴാണ് പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നത്.
കണക്കനുസരിച്ച് അടക്കേണ്ട തുക കുറച്ചു നൽകിയും നഗരസഭയിൽ തുക അടയ്ക്കാനായി ഡിമാൻഡ് ചെയ്ത ശേഷം ഫയലിൽ തിരുത്തൽ വരുത്തിയതായും പ്രതിപക്ഷം ആരോപിച്ചു. പിന്നീടുള്ള വര്‍ഷങ്ങളിലെ വാടകയും നികുതിയും ഡിമാൻഡ് ചെയ്യാതെയും നഗരസഭക്ക് കോടികളുടെ സാമ്പത്തികനഷ്ടം വരുത്തിവെച്ചുവെന്നും ഇവർ പറയുന്നു.
വാടക തുക നൽകാതെ കമ്പനി നഗരസഭയെ കബളിപ്പിക്കുകയായിരുന്നോ അതല്ല, ലഭ്യമായ തുക നഗരസഭയുടെ അക്കൗണ്ടിൽ എത്താതെ വഴിമാറി പോയോ എന്ന് വ്യക്തമാക്കാൻ ഭരണനേതൃത്വം തയാറാകണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡര്‍ ജി. ജയപ്രകാശ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.