പൈപ്പ് ലൈൻ പൊട്ടി പാതയോരം ഇടിഞ്ഞു; വാളക്കോട്ട് ഗതാഗതം ഭീഷണിയിൽ
text_fieldsപുനലൂർ: ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വശം ഇടിഞ്ഞു തള്ളിയതോടെ ദേശീയ പാതയിൽ ഗതാഗതം ഭീഷണിയിലായി. മണ്ണിടിച്ചിൽ റെയിൽവേ ലൈനിനും അപകടാവസ്ഥയായി. കൊല്ലം- ചെങ്കോട്ട ദേശീയ പാതയിൽ വാളക്കോട് ക്രിസ്ത്യൻ ചർച്ചിന് സമീപമാണ് അപകടാവസ്ഥ.
ദേശീയപാതക്ക് വീതി കുറവായ ഈ ഭാഗത്ത് അര മീറ്ററോളം ദൂരത്തിൽ ഒരു വശം ഉയർന്ന കുന്നും മറുവശം വലിയ കുഴിയുമാണ്. ദേശിയപാതയുടെ സമീപം താഴ്ന്ന ഭാഗത്ത് കൂടിയാണ് റെയിൽവേ ലൈൻ കടന്നുപോകുന്നത്. ഇരു പാതകൾക്കും ഇടയിലുള്ള കട്ടിങ്ങാണ് ഇടിഞ്ഞു തള്ളുന്നത്. പാതയുടെ വശത്തുകൂടി വാളക്കോട് മേഖലയിലേക്കുള്ള പൈപ്പ് ലൈൻ കഴിഞ്ഞ ദിവസമാണ് പൊട്ടിയത്.
ഇത് സമയത്ത് കണ്ടെത്തി അടക്കാൻ കഴിയാത്തതിനാൽ കൂടുതൽ വെള്ളം ഒഴുകി കട്ടിങ് കുറേശെ ഇടിഞ്ഞു താഴേക്ക് പതിക്കുകയായിരുന്നു. ചരക്ക് ലോറികളടക്കം നിരവധിയായ വാഹനങ്ങൾ കടന്നുപോകുന്നതിനാൽ ഇവിടെ പാത പാതയും ചേർന്ന് തകരാനുള്ള സാധ്യതയുണ്ട്. അപകട വിവരം അറിഞ്ഞ് ദേശീയ പാത അധികൃതരെത്തി റിബൺ കെട്ടിയും റിഫ്ലക്സ് ബോർഡ് വെച്ചും സുരക്ഷ മുന്നറിയിപ്പ് ഒരുക്കി. ശക്തമായ മഴയുണ്ടായാൽ ശേഷിക്കുന്ന കട്ടിങും താഴേക്ക് തകർന്നു വീഴും. അടിയന്തരമായി ഇവിടെ ഫലവത്തായ സംരക്ഷണ ഭിത്തി നിർമിച്ചില്ലെങ്കിൽ ഗതാഗതം മുടങ്ങാനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.