റെയിൽവേ മേൽപാലം കാടുകയറി; യാത്രക്കാർ പാമ്പ് ഭീഷണിയിൽ
text_fieldsപുനലൂർ: റെയിൽവേ മേൽപാലംകാടുമൂടി ഇഴജന്തുക്കളുടെ താവളമായതോടെ യാത്രക്കാർ ഭീഷണിയിൽ. കൊല്ലം ചെങ്കോട്ട റെയിൽപാതയുടെ കഴുതുരുട്ടിയിലുള്ള മേൽപാലത്തിലാണ് മുൾച്ചെടികളടക്കം പടർന്നു പന്തലിച്ചിട്ടുള്ളത്. നെടുമ്പാറ, അമ്പനാട് തുടങ്ങിയ എസ്റ്റേറ്റ് മേഖലയിലേക്ക് ദേശീയപാതയിൽനിന്നുള്ള പ്രവേശന കവാടമാണ് ഈ പാലം.
പാലത്തിന് രണ്ട് അറകളുണ്ടെങ്കിലും ഇതിൽ ഒരു ഭാഗത്ത് കൂടിയാണ് കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ കടന്നുപോകുന്നത്. മറുഭാഗത്ത് വാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്തിരിക്കുന്നതിനാൽ ഗതാഗതത്തിന് ഉപയോഗിക്കാനാകുന്നില്ല. 50 അടിയോളം ഉയരത്തിലുള്ള പാലത്തിലെ കാട് താഴേക്ക് വളർന്നു കിടക്കുകയാണ്.
വാഹനങ്ങൾ ഇതിൽ തട്ടിയാണ് കടന്നുപോകുന്നത്. മുകളിൽനിന്ന് പാമ്പുകളടക്കം യാത്രക്കാരുടെ ദേഹത്ത് വീഴുന്നതും പതിവാണ്. കഴിഞ്ഞദിവസം വൈകീട്ട് ഇതുവഴി ബൈക്കിൽ പോയ ഒരു തോട്ടംതൊഴിലാളിയുടെ തലയിലേക്ക് പാലത്തിലെ കാട്ടിൽനിന്ന് ഒരു പാമ്പ് വീണെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. ആര്യങ്കാവ് പഞ്ചായത്ത് ഓഫിസിനോടും കഴുതുരുട്ടി റെയിൽവേ സ്റ്റേഷനും തൊട്ടടുത്താണ് ഈ പാലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.