കഴുതുരുട്ടി-അമ്പനാട് റോഡ് തകർന്നു; തോട്ടം മേഖല യാത്രാദുരിതത്തിൽ
text_fieldsപുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ പ്രധാന റോഡായ കഴുതുരുട്ടി-അമ്പനാട് റോഡ് പൂർണമായി തകർന്നു. തോട്ടം തൊഴിലാളികളും വിനോദസഞ്ചാരത്തിനു എത്തുന്നവരും അടക്കം യാത്രാക്ലേശത്തിൽ.
16 കിലോമീറ്റർ വരുന്ന റോഡ് എസ്റ്റേറ്റ് മേഖലയിലുള്ള പല വാർഡുകളിലുമുള്ള ആളുകളുടെ ഏക സഞ്ചാര മാർഗമാണ്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അമ്പനാട്ടേക്കും ഇതുവഴിയാണ് എത്തേണ്ടത്. കെ.എസ്.ആർ.ടി.സി സർവിസ്ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്തതാണ്. നാലുവർഷം മുമ്പ് കുഴിയടച്ചെങ്കിലും തകർന്നു. റോഡിലെ കുഴിയും വെള്ളക്കെട്ടും കാരണം വാഹനങ്ങൾ കടന്നുപോകുന്നത് ദുരിതമാണ്. കഴുതുരുട്ടി മുതൽ പൂത്തോട്ടം വരെ ആറു കിലോമീറ്റർ പൊതുമരാമത്തിന്റേയും ബാക്കി ദൂരം എസ്റ്റേറ്റിന്റെ അധികാര പരിധിയിലുമാണ്. എന്നാൽ, ഈ ഭാഗത്ത് റോഡിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നത് പഞ്ചായത്താണ്. മിക്കയിടത്തും ഒരു വാഹനത്തിന് മാത്രം പോകാൻ വീതിയുള്ളു. നിരവധി കൊടുംവളവുകളുള്ള ഈ റോഡിലെ കുഴികൂടാതെ വശങ്ങളെല്ലാം പൂർണമായി തകർന്നിരിക്കുകയാണ്. നെടുമ്പാറ, അറണ്ടൽ, പൂത്തോട്ടം, അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റ്, അച്ചൻകോവിൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇതുവഴിയാണ് പോകുന്നത്.
കൂടുതലും തോട്ടം മേഖലയായതിനാൽ തൊഴിലാളികൾ ഇരുചക്ര വാഹനത്തിൽ ജോലിക്ക് പോകുന്നതും ഇതുവഴിയാണ്. ഇരുവശവും തോട്ടങ്ങളും വനവുമായതിനാൽ വന്യമൃഗ ഭീഷണിയുമുണ്ട്. ഒറ്റപ്പെട്ട ഭാഗമായതിനാൽ വാഹനങ്ങൾ അപകടത്തിലായാൽ രക്ഷാപ്രവർത്തനത്തിനും സമയമെടുക്കും.
റോഡ് റീടാർ ചെയ്യാൻ പൊതുമരാമത്തോ പഞ്ചായത്തോ നടപടി സ്വീകരിച്ചിട്ടില്ല. വലിയ തുക വരുന്ന പണിയായതിനാൽ ഇതിനാവശ്യമായ പണമില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.