ആടുകളെ പുലി പിടിച്ചു
text_fieldsപുനലൂർ: ഇടമൺ അണ്ടൂപച്ചയിൽ ജനവാസമേഖലയിൽ ആടിനെയും കുട്ടിയെയും പുലി കടിച്ചുകൊന്നു. മൂന്ന് കണ്ണറപാലത്തിന് സമീപം ചരുവിള വീട്ടിൽ ബാബുവിന്‍റെ മൂന്ന് വയസ്സുള്ള തള്ളയാടിനെയും ആറുമാസമുള്ള കുട്ടിയെയുമാണ് പുലി പിടിച്ചത്. വീടിനോട് ചേർന്നുള്ള കൂട്ടിൽ ബുധനാഴ്ച പുലർച്ചയാണ് സംഭവം. ആടുകളുടെ കരച്ചിൽ കേട്ടെങ്കിലും പുലിയെ പേടിച്ച് വീട്ടിലുള്ളവർ പുറത്തിറങ്ങിയില്ല.
തള്ളയാടിനെ കുട്ടിൽനിന്ന് പുറത്തുകൊണ്ടുവന്ന് ഭാഗികമായി പുലി തിന്നു. കുട്ടിയെ കടിച്ചെടുത്തു കാട്ടിൽ കൊണ്ടുപോയി. വിവരമറിഞ്ഞ് തെന്മല വനം റേഞ്ച് അധികൃതരെത്തി മേൽനടപടികൾ സ്വീകരിച്ചു.
മൂന്ന് കണ്ണറ, ഐഷാപ്പാലം, ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപം തുടങ്ങിയ ഭാഗങ്ങളിൽ ആനയും പുലിയും ഉൾപ്പെടെ വന്യജീവികൾ ജനവാസമേഖലയിൽ ഇറങ്ങി നാശമുണ്ടാക്കുന്നത് പതിവാണ്.
നാശങ്ങൾക്ക് വനം വകുപ്പ് മതിയായ നഷ്ടപരിഹാരം നൽകുന്നില്ലെന്നും ഇവിടുള്ളവർ പറഞ്ഞു. വന്യമൃഗങ്ങളിൽനിന്ന് സംരക്ഷണം നൽകാൻ വനം വകുപ്പിന്‍റെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് തെന്മല കേന്ദ്രീകരിച്ച് നിയമിക്കണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.