ഇടതുകര കനാലിലെ ജലവിതരണം അവതാളത്തിൽ
text_fieldsപുനലൂർ: കനാൽ ശുചീകരണത്തിന് തദ്ദേശസ്ഥാപനങ്ങൾ തയാറാകാതെ വന്നതോടെ കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര കനാലിലെ വേനൽക്കാല ജലവിതരണം പ്രതിസന്ധിയിൽ. കടുത്തവേനലിൽ നാടൊട്ടുക്കും കൃഷിനാശവും കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ടിട്ടും ഇടതുകര കനാലിൽ വെള്ളം ഒഴുക്കാൻ കെ.ഐ.പി അധികൃതർക്ക് കഴിയുന്നില്ല. എന്നാൽ സമാന പ്രതിസന്ധിയുള്ള വലതുകര കനാലിൽ ആവശ്യത്തിന് വെള്ളം ഒഴുക്കുന്നുണ്ടെങ്കിലും ഇതുവരെയും നാശങ്ങൾ ഉണ്ടാകാത്തതിനാൽ ജലമൊഴുക്കിന് തടസ്സം ഉണ്ടായിട്ടില്ല.
അടുത്തകാലത്തായി കനാലുകളുടെ ശുചീകരണം അതാത് പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നടത്തിയിരുന്നത്. പഞ്ചായത്തുകളും മറ്റും തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തിയാണ് ഇത് നിർവഹിച്ചിരുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ ചെറുതും വലുതുമായ കനാലുകൾ വൃത്തിയാക്കും. ഇതിന് ശേഷമാണ് വേനൽ കടുക്കുന്ന മുറക്ക് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കെ.ഐ.പി കനാലുകളിൽ വെള്ളം തുറക്കുന്നതും.
ശുചീകരണം പഞ്ചായത്തുകൾ നടത്തുന്നതിനാൽ പ്രധാന അറ്റകുറ്റപ്പണികൾ മാത്രം കെ.ഐ.പി ചെയ്തിരുന്നു. എന്നാൽ ഇത്തവണ തൊഴിലുറപ്പ് പദ്ധതിയിൽ കനാലുകൾ ശുചീകരിക്കുന്നതിന് നിയമതടസ്സമുണ്ടെന്ന് പറഞ്ഞ് പഞ്ചായത്തുകൾ ഇതിന് തയാറായില്ല. പഞ്ചായത്തുകൾ ശുചീകരണം നടത്തുമെന്ന ധാരണയിൽ കെ.ഐ.പി ശുചീകരണത്തിന് അടങ്കൽ തയാറാക്കുകയോ ഫണ്ട് കണ്ടെത്തുകയോ ചെയ്തില്ല. കനാൽ ശുചീകരിക്കില്ലെന്ന വിവരം മുൻകൂട്ടി കെ.എ.പി അധികൃതരെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും അറിയിച്ചതുമില്ല.
ഇത്തവണ നേരത്തെ വെള്ളത്തിന്റെ ആവശ്യം വന്നതോടെ ശുചീകരണം പരിഗണിക്കാതെ കഴിഞ്ഞ പത്തിന് വലതുകരയും 14ന് ഇടതുകരയും തുറന്നു. കൊല്ലം ജില്ലയിൽ പൂർണമായി പ്രയോജനം ലഭിക്കുന്ന ഇടതുകരയിൽ കുണ്ടറ ഭാഗത്ത് കനാലുകൾ നിറഞ്ഞൊഴുകി വീടുകൾക്കും മറ്റും നാശം നേരിട്ടതോടെ കനാൽ അടക്കാൻ അധികൃതർ നിർബന്ധിതരായി. ഇതിനിടെ കെ.ഐ.പി ഉന്നത അധികൃതർ ഓൺലൈനിലൂടെ തദ്ദേശ സ്ഥാപന അധികൃതരുടെ യോഗം വിളിച്ച് കനാൽ ശുചീകരിക്കണമെന്നറിയിച്ചു. രണ്ടാഴ്ചക്കുള്ളിൽ ശുചീകരിക്കാമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഇതുവരെയും എങ്ങും നടന്നില്ല. ജില്ലയുടെ പലഭാഗത്തും കനാൽവെള്ളത്തിനായി ആവശ്യം ഉയരുന്നുമുണ്ട്. കരീപ്ര, മേലില തുടങ്ങിയ ഭാഗങ്ങളിൽ നെൽകൃഷിയടക്കം നശിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ പ്രധാന കനാലിൽ കാര്യമായ തടസ്സമില്ലെങ്കിലും സബ് കനാലുകളിൽ എല്ലായിടത്തും തടസ്സങ്ങളുണ്ടെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.