ട്രെയിനിൽനിന്ന് വഴുതി വീണ സ്ത്രീക്ക് രക്ഷകരായി മകളും യാത്രക്കാരും
text_fieldsപുനലൂർ: മുന്നോട്ടെടുത്ത ട്രെയിനിൽ കയറവേ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വഴുതി വീണ വീട്ടമ്മയെ മകളും യാത്രക്കാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ 8.10ന് പുനലൂർ സ്റ്റേഷനിൽനിന്ന് കൊല്ലത്തേക്കുള്ള മെമുവിൽ കയറാൻ ശ്രമിച്ച കിളികൊല്ലൂർ സ്വദേശിനി ഷാഹിലത്താണ് (48) അപകടത്തിൽപ്പെട്ടത്.
ട്രെയിൻ പതിയെ മുന്നോട്ട് നീങ്ങവെ കയറാൻ ശ്രമിക്കുകയായിരുന്നു ഷാഹിലത്തും മകളായ അലീനയും. മകൾ ട്രെയിനിൽ കയറിയെങ്കിലും ഷാഹിലത്ത് കാൽ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഒരു കാൽ ഉള്ളിലേക്ക് പോയെങ്കിലും പൂർണമായി വീണു പോവാതെ അലീന അമ്മയെ താങ്ങി നിർത്തി.
ഈ സമയം യാത്രക്കാരുടെ ബഹളം കണ്ട് തൊട്ടടുത്ത കമ്പാർട്ട്മെൻറിലുണ്ടായിരുന്ന അടൂർ സ്വദേശി ബിലാൽ ചങ്ങല വലിച്ചു. ആദ്യശ്രമത്തിൽ ട്രെയിൻനിന്നില്ലെങ്കിലും പിന്നീട് മറ്റ് കമ്പാർട്മെൻറിലുള്ളവരും ചങ്ങല വലിച്ച് ട്രെയിൻ നിർത്തി.
ചെറിയ പരിക്കേറ്റ യുവതിയെ റെയിൽവേ പൊലീസും സ്റ്റേഷൻ അധികൃതരും ആർ.പി.എഫും ചേർന്ന് പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ചു. യുവതിയെ ആശുപത്രിയിലെത്തിക്കാൻ സ്റ്റേഷൻ മാസ്റ്റർ 108 ആംബുലൻസ് വിളിച്ചെങ്കിലും അരമണിക്കൂർ പിന്നിട്ടിട്ടും എത്തിയില്ല. ഒടുവിൽ റെയിൽവേ പൊലീസ് എസ്.ഐ ഓട്ടോറിക്ഷയിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.