തെന്മലയിലെ അക്വേറിയം നവീകരിക്കുന്നു
text_fieldsപുനലൂർ: തെന്മല ഇക്കോടൂറിസം മേഖലയിലെ പ്രധാന ആകർഷണമായ മത്സ്യഫെഡിന്റെ അലങ്കാരമത്സ്യ പ്രദർശനകേന്ദ്രം നവീകരിക്കാൻ നടപടിയായി.
അത്യാവശ്യം വേണ്ട സൗകര്യങ്ങളിലാണ് അക്വേറിയം മോടിപിടിപ്പിക്കുന്നത്. 16 വർഷം മുമ്പ് സ്ഥാപിച്ച ഈ കേന്ദ്രത്തിൽ ഇതിനിടയിൽ കാര്യമായ നവീകരണങ്ങൾ നടത്തിയിരുന്നില്ല. കല്ലട ജലസേചന പദ്ധതി ആസ്ഥാനത്ത് പഴയകെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടം സന്ദർശിക്കുന്നവർക്ക് കൂടുതൽ സൗകര്യം ഉൾപ്പെടെ ഒരുക്കും.
ഇക്കോ ടൂറിസം മേഖലയിൽ ഏറ്റവും ആകർഷകമായുള്ളതാണ് ഈ അക്വേറിയം. നൂറിലധികം വ്യത്യസ്ത ഇനം മത്സ്യങ്ങളും മറ്റ് ജലജീവികളും ഇവിടുണ്ട്. മുമ്പ് പരിശീലനത്തിനുള്ള സൗകര്യവും ഇതിനായി ബ്രീഡിങ് സെൻററുകളും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ സ്ഥലക്കുറവ് അടക്കം അസൗകര്യങ്ങൾ ഇവിടെ എത്തുന്നവരെ ബുദ്ധിമുട്ടിച്ചിരുന്നു.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇടക്കാലത്ത് കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. കൂടുതൽ സൗകര്യങ്ങൾ ഒരുക്കി പെട്ടെന്നുതന്നെ കേന്ദ്രം തുറക്കുമെന്നാണ് അധികൃതർ പറയുന്നത്. വലിയതുക ചെലവ് പ്രതീക്ഷിക്കുന്ന നിലയിൽ അക്വേറിയം പൂർണമായി നവീകരിക്കുന്നതിനുള്ള പദ്ധതിയും തയാറാകുന്നുണ്ട്. വ്യത്യസ്ത ഗപ്പികളുടെ പ്രദർശനവും ബ്രീഡിങും അടക്കമുള്ളതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.