അസൗകര്യങ്ങളിൽ വീർപ്പുമുട്ടി തെന്മല പൊലീസ് സ്റ്റേഷൻ
text_fieldsപുനലൂർ: സംസ്ഥാന അതിർത്തിയിലെ തെന്മല പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം ഇനിയും യാഥാർഥ്യമായില്ല. ജലവിഭവവകുപ്പിന്റെ പഴയ കെട്ടിടത്തിൽ മതിയായ സൗകര്യങ്ങളില്ലാതെ ദുരിതത്തിലാണ് നിലവിൽ സ്റ്റേഷൻ പ്രവർത്തനം.
പഞ്ചായത്ത് നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ 11 വർഷം മുമ്പ് സർക്കാർ പണം അനുവദിച്ചെങ്കിലും അന്ന് എൽ.ഡി.എഫുകാരുടെ എതിർപ്പിനെ തുടർന്ന് നടപ്പാകാതെ പോയി. പിന്നീട് സർക്കാർഭൂമി വിട്ടുകൊടുത്ത് പുതിയ കെട്ടിടം നിർമിക്കാൻ ശ്രമം നടന്നെങ്കിലും വനംവകുപ്പിന്റെ എതിർപ്പിൽ അതും യാഥാർഥ്യമായില്ല.
ജില്ലയിലെ പഴക്കമുള്ള സ്റ്റേഷനുകളിലൊന്നാണ് അതിർത്തിയിലുള്ള ഈ സ്റ്റേഷൻ. അന്തർസംസ്ഥാനപാത കടന്നുപോകുന്നതും മലയോരമേഖലയുമായതിനാൽ അപകടങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും പതിവാണ്. തെന്മല ജങ്ഷനിൽ സ്വകാര്യ എസ്റ്റേറ്റുകാരുടെ പഴക്കം ചെന്ന കെട്ടിടത്തിലാണ് ഏറെക്കാലം സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്.
പൊളിഞ്ഞുവീഴാറായ ഈ കെട്ടിടത്തിൽ ഒരുവിധസൗകര്യങ്ങളുമില്ലാതിരുന്നതിനാൽ ഭയപ്പാടോടെയായിരുന്നു സേനാംഗങ്ങളുടെ സേവനം. ഇതിനെതുടർന്ന് 2012-13ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിന്റേതായി ജങ്ഷനിലുള്ള 25 സെന്റ് ഭൂമി ആഭ്യന്തരവകുപ്പിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചു.
ഇതിൽ പുതിയ കെട്ടിടം നിർമിക്കാൻ സർക്കാർ 50 ലക്ഷം രൂപ അനുവദിച്ച് ശിലാസ്ഥാപന തീയതിയും തീരുമാനിച്ചതാണ്. എന്നാൽ പഞ്ചായത്തിന്റെ ഭൂമി വിട്ടുകൊടുക്കാൻ കഴിയില്ലെന്നുപറഞ്ഞ് എൽ.ഡി.എഫുകാർ പ്രതിഷേധിച്ചതോടെ നടപടികൾ സർക്കാർ വേണ്ടെന്നുവെച്ചു.
2016ൽ തെന്മല ഡിപ്പോയോട് ചേർന്നുള്ള റവന്യൂവിന്റെ രണ്ട് ഏക്കർ ഭൂമി പൊലീസ് സ്റ്റേഷൻ കെട്ടിടവും ക്വാർട്ടേഴ്സുകളും നിർമിക്കാൻ വിട്ടുകൊടുക്കാൻ നടപടി തുടങ്ങി. എന്നാൽ ഈ ഭൂമിയിന്മേൽ വനംവകുപ്പ് ഉടമസ്ഥാവാകാശ തർക്കം ഉന്നയിച്ചതോടെ ഭൂമി കൈമാറ്റം സ്തംഭിച്ചു. ഇതിനിടെ അഞ്ചുവർഷംമുമ്പ് സ്റ്റേഷൻ ഡാംവളപ്പിലുള്ള കെ.ഐ.പിയുടെ പഴയ ഇൻസ്പെക്ഷൻ ബംഗ്ലാവ് കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ചു.
ജങ്ഷനിലെ സർക്കാർഭൂമിയിൽ പുതിയ കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കി അങ്ങോട്ട് മാറ്റാമെന്ന് എം.എൽ.എ അടക്കം പറഞ്ഞാണ് അന്ന് സ്റ്റേഷൻ മാറ്റിയത്. എന്നാൽ ഇത് സ്വകാര്യ എസ്റ്റേറ്റുകാരെ സഹായിക്കാനായിരുന്നുവെന്ന് പിന്നീടാണ് നാട്ടുകാർക്ക് ബോധ്യമായത്.
വനംവകുപ്പിന്റെ തർക്കം പരിഹരിച്ച് രേണ്ടക്കർ ഭൂമി ആഭ്യന്തരവകുപ്പിന് കൈമാറി പുതിയ കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കാൻ പിന്നീട് ഒരു ശ്രമവും ജനപ്രതിനിധികളോ വകുപ്പ് അധികൃതരോ സ്വീകരിച്ചില്ല.
അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങളും തൊണ്ടിമുതലുകളും മറ്റും സൂക്ഷിക്കാൻ സൗകര്യമില്ല. അപകടത്തിൽപ്പെടുന്നതും മറ്റ് കുറ്റകൃത്യത്തിന് പിടികൂടുന്നതുമായ വാഹനങ്ങൾ തിരക്കേറിയ പാതയോരത്താണ് സൂക്ഷിക്കുന്നത്. സ്റ്റേഷൻ മാറ്റിയതോടെ തെന്മല ജങ്ഷനിൽ അപകടങ്ങളും കുറ്റകൃത്യങ്ങളും മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും വർധിച്ചിട്ടുണ്ട്.
പുതിയ കെട്ടിടം നിർമിക്കണം -പഞ്ചായത്ത് പ്രസിഡന്റ്
തെന്മല പൊലീസ് സ്റ്റേഷൻ ജങ്ഷനിൽ സർക്കാർഭൂമിയിൽ പുതിയ കെട്ടിടം നിർമിച്ച് മാറ്റിസ്ഥാപിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ ആവശ്യപ്പെട്ടു. മുമ്പ് താൻ പ്രസിഡന്റായിരുന്നപ്പോൾ പഞ്ചായത്ത് ഭൂമിയിൽ പുതിയ കെട്ടിടം നിർമിക്കാൻ നടപടികൾ സർക്കാർ പൂർത്തിയാക്കിയതാണ്.
എന്നാൽ എൽ.ഡി.എഫുകാരുടെ പ്രതിഷേധത്തെ തുടർന്ന് നടന്നില്ല. ജങ്ഷനിൽതന്നെ സർക്കാർ ഭൂമി നൽകി പുതിയ കെട്ടിടവും ക്വാർട്ടേഴ്സുകളും സ്ഥാപിക്കുമെന്ന് എം.എൽ.എ അടക്കം നൽകിയ വാഗ്ദാനം ഇനിയും പാലിച്ചില്ല. ജങ്ഷനിൽനിന്ന് സ്റ്റേഷൻ മാറിയതോടെ ഇവിടെ നിരന്തരം പലവിധ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. നിലവിലെ കെട്ടിടത്തിലെ അസൗകര്യങ്ങളും സുരക്ഷയും പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.