മണ്ഡലകാലം എത്തിയിട്ടും സ്നാനഘട്ടം വൃത്തിയാക്കാൻ നടപടിയില്ല
text_fieldsപുനലൂർ: ശബരിമല മണ്ഡല വ്രതാരംഭത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പുനലൂരിലെ ടൂറിസം വകുപ്പിന്റെ പൊളിഞ്ഞുകിടിക്കുന്ന സ്നാനഘട്ടം വൃത്തിയാക്കാൻ നടപടി തുടങ്ങിയില്ല. കിഴക്കൻ മേഖല വഴി വന്നു പോകുന്ന ഇതരസംസ്ഥാനങ്ങളിലെ തീർഥാടകർ ഉൾപ്പടെ പ്രാഥമിക ആവശ്യങ്ങൾക്കും വിശ്രമിക്കാനും പ്രധാനമായി ആശ്രയിക്കുന്ന കേന്ദ്രമാണ് ടി.ബി ജങ്ഷനിലെ സ്നാനഘട്ടം. അയ്യപ്പന്മാരുടെ ഇടത്താവളമായ ഇവിടെത്തുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും പട്ടണ മധ്യത്തിലെ കല്ലടയാറിന്റെ തീരത്തുള്ള ഈ കേന്ദ്രത്തിലുണ്ട്. വാഹനപാർക്കിങിനും സ്ഥലമുണ്ട്.
കേന്ദ്രത്തിലെ ഒരു ഡസനോളം വരുന്ന ശൗചാലയങ്ങൾ പലതും ഉപയോഗിക്കാൻ കഴിയാത്ത നിലയിൽ വൃത്തിഹീനമായി. പരിസരത്ത് കാടുമൂടി പാമ്പുകളുടെ കേന്ദ്രമാണ്.
ആറ്റിലേക്ക് കുളിക്കാനിറങ്ങുന്ന ഭാഗത്ത് മതിയായ സുരക്ഷ സംവിധാനവും പരിസരം വൃത്തിയാക്കാനും നടപടിയില്ല. ആഴമേറിയ തീരത്ത് മുമ്പ് കാറ്റാടി കഴകൊണ്ട് താൽക്കാലികമായി നിർമിച്ച സുരക്ഷാവേലിയാണുള്ളത്. പൊളിഞ്ഞിരിക്കുന്ന ഈ വേലിയെ ആശ്രയിച്ച് ആറ്റിലിറങ്ങിയാൽ അപകടത്തിന് ഇടയാക്കും. ഒരാഴ്ച മുമ്പ് എം.എൽ.എയുടേയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ സ്നാനഘട്ടം അടിയന്തരമായി വൃത്തിയാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയത് ഇനിയും പാലിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.