പരിശോധനക്ക് കമ്പി മാത്രം; അതിർത്തിയിലൂടെ ലഹരി കടത്തിന് കുറവില്ല
text_fieldsപുനലൂർ: സംസ്ഥാനത്തെ പ്രധാന അതിർത്തിയായ ആര്യങ്കാവിലെ പരിമിതമായ കമ്പി കുത്തി പരിശോധനകൾ മറികടന്ന് ലഹരിവസ്തുക്കൾ നിർബാധം സംസ്ഥാനത്തേക്ക് കടത്തുന്നു. ലഹരി ഉൽപന്നങ്ങളുടെ കടത്ത് തടയുന്നതിന് നിലവിൽ ആര്യങ്കാവിൽ എക്സൈസിന്റെ ചെക് പോസ്റ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്.
സ്ഥാപിതമായ കാലംമുതൽ പഴഞ്ചൻ ഉപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് വാഹനങ്ങളിലും മറ്റും എത്തിക്കുന്ന ലഹരിവസ്തുക്കൾ കണ്ടെത്തുന്നത്. ഈരീതിയിൽ പരിശോധിച്ചാൽ ലഹരി സാധനങ്ങൾ കണ്ടെത്താനാകുമോയെന്ന് ചോദിച്ചാൽ അധികൃതർക്ക് മറുപടിയില്ല. പരിശോധനക്ക് മറ്റു ചെക് പോസ്റ്റുകളിൽ സ്കാനർ അടക്കം ആധുനിക സംവിധാനങ്ങളുണ്ട്.
എന്നാൽ, ആര്യങ്കാവിൽ എക്സൈസിന് കമ്പിയാണ് പ്രധാന പരിശോധന ഉപകരണം. പച്ചക്കറി, പലചരക്ക്, സിമന്റ് അടക്കം സാധനങ്ങളുടെ മറവിൽ കൊണ്ടുവരുന്ന കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളും കമ്പി കുത്തി എങ്ങനെ കണ്ടെത്തുമെന്ന് ചോദിച്ചാൽ അധികൃതർക്ക് നിസ്സംഗതയാണ്.
കുത്തിയുള്ള പരിശോധനയിലൂടെ ലഹരിവസ്തുക്കൾ കണ്ടെത്താമെന്ന് രീതി ഇപ്പോഴും അവലംബിക്കുന്നതിനാൽ കടത്ത് സംഘങ്ങൾ ആര്യങ്കാവ് വഴിയുള്ള പാത വളരെ അനുഗ്രഹമായിട്ടാണ് കാണുന്നത്. ഇതിനകംനിരവധി തവണ ഇതുവഴി കൊണ്ടുവന്നിട്ടുള്ള കഞ്ചാവ് അടക്കം സാധനങ്ങൾ മറ്റ് രീതിയിൽ പിടികൂടിയെങ്കിലും പരിശോധന സംവിധാനം ആധുനീകരിച്ച് കുറ്റമറ്റതാക്കാൻ നടപടിയില്ല.
കൂടുതൽ അളവിൽ ലഹരിവസ്തുക്കൾ പിടികൂടിയാൽ തുടർ അന്വേഷണവും ഉണ്ടാകാറില്ല. ഇതുകാരണം ലഹരി കടത്ത് നിർബാധം തുടരുകയാണ്. ഇതിൽ അവസാനത്തേതാണ് ആന്ധ്രപ്രദേശിൽനിന്ന് കൊല്ലത്തേക്ക് കാറിൽ കടത്തിക്കൊണ്ടുവന്ന 25 കിലോയോളം കഞ്ചാവ് കഴിഞ്ഞ രാത്രിയിൽ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് പിടിച്ചെടുത്തെങ്കിലും അറിയാതെ കഞ്ചാവ്, നിരോധിത പുകയില ഉൽപന്നങ്ങൾ ഉൾപ്പെടെ ഇതുവഴി കടത്തുന്നുണ്ട്.
തമിഴ്നാട്ടിൽനിന്ന് വരുന്ന വാഹനങ്ങൾ കോട്ടവാസലിലുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാണ് കേരളത്തിലേക്ക് കടക്കുന്നത്. ഇവിടെ തടി മാത്രം പരിശോധിക്കുമെങ്കിലും മറ്റു സാധനങ്ങൾ ഒന്നും പരിശോധിക്കാറില്ല. തുടർന്ന് അഞ്ചുകിലോമീറ്റർ അകലെയുള്ള ആര്യങ്കാവ് ആർ.ഒ ജങ്ഷനിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ എത്തണം.
ഇതിനിടയിൽ ആര്യങ്കാവ് ക്ഷേത്രത്തിന് സമീപം പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും സാധാരണനിലയിൽ ഇവിടെ വാഹനങ്ങളും സാധനങ്ങളും പരിശോധിക്കാറില്ല. ഈ റൂട്ടിൽ പരിശോധന സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി എക്സൈസ് ചെക് പോസ്റ്റ് പ്രവർത്തനം ആധുനിക സൗകര്യങ്ങളോടുകൂടി പരിഷ്കരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഋഷിരാജ് സിങ് മുമ്പ് എക്സൈസ് കമീഷണർ ആയിരിക്കുമ്പോൾ ഇവിടെ സൗകര്യങ്ങൾ ആധുനീകരിക്കണമെന്ന് പലതവണ റിപ്പോർട്ട് കൊടുത്തിട്ടും ഫലമുണ്ടായില്ല.
തൊട്ടടുത്ത് പുളിയറയിലെ പോലെ ആര്യങ്കാവിലും പൊലീസ് ചെക് പോസ്റ്റ് സ്ഥാപിക്കേണ്ടതുണ്ട്. ആര്യങ്കാവിലെ പരിശോധന കർശനമാക്കിയാൽ തെക്കൻ കേരളത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ലഹരി ഉൽപന്നങ്ങളുടെ കടത്തും ലഭ്യതയും വലിയ അളവിൽ കുറക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.