വഴിയില്ല: വൃക്കരോഗിയുൾപ്പെടെ ദുരിതത്തിൽ
text_fieldsപുനലൂർ: സ്ഥലമുടമ ഭൂമി വിട്ടുനൽകാത്തതിനാൽ വഴിസൗകര്യമില്ലാതെ വൃക്കരോഗിയടക്കം നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. വഴിയില്ലാത്തതിനാൽ രോഗിയായ വയോധികയെ ഡയാലിസിസിനായി കസേരയിലിരുത്തി നാലുപേർ ചുമന്നുകൊണ്ടുപോകേണ്ട സ്ഥിതിയാണ്. ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം ആറുമുറിക്കട കോളനിയിലുള്ളവരാണ് വഴിയില്ലാതെ ദുരിതപ്പെടുന്നത്.
വാഹനം എത്തുന്ന റോഡിൽനിന്ന് കോളനിയിലേക്ക് ചെറിയ നടവഴിയാണുള്ളത്. കോളനിയിലുള്ള ഷാജി സദനത്തിൽ ഉമൈബബീവി ഏറെക്കാലമായി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്ന രോഗിയാണ്. കൂടാതെ ഈ കോളനിയിൽ മാനസികവെല്ലുവിളി നേരിടുന്ന ഒരു യുവാവും കുടുംബവും ഉൾപ്പെടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധിയാളുകളുണ്ട്. നടവഴി വലുതാക്കി ഓട്ടോ കടന്നുപോകുന്നതിനുള്ള സൗകര്യം ഉണ്ടെങ്കിൽ ഇവരുടെ ദുരിതത്തിന് അറുതിയാകും.
ഓട്ടോ കടന്നുപോകാനുള്ള പാത നിർമിക്കാൻ നടപ്പാതയുടെ ഇരുവശത്തുമുള്ളവർ തയാറാണെങ്കിലും ഒരു വസ്തു ഉടമയുടെ എതിർപ്പ് കാരണം വഴി യാഥാർഥ്യമാകുന്നില്ല. ഇവിടെ താമസംപോലും ഇല്ലാത്ത ഈ വസ്തു ഉടമയോട് ഇതിനകം പലരും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ ഇടപെട്ട് വഴി യാഥാർഥ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.