ദേശീയപാതയിൽ മരണപ്പാച്ചിലിൽ ടിപ്പറുകൾ; നിയന്ത്രിക്കാൻ ആരുമില്ല
text_fieldsപുനലൂർ: കിഴക്കൻ മലയോരത്ത് മനുഷ്യജീവനുകൾക്ക് വിലകൽപ്പിക്കാതെ ചീറിപ്പായുന്ന ടിപ്പർ ഡ്രൈവർമാർ ഭീഷണിയാകുന്നു. ഇത്തരം ടിപ്പറുകൾ കാരണം ദിവസവും മനുഷ്യജീവനുകൾ പൊലിയുന്നതിന് കടിഞ്ഞാണിടാൻ ആരും തയാറാകുന്നില്ല. കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ പുനലൂരിനും ആര്യങ്കാവ് കോട്ടവാസലിനുമിടയിലാണ് തമിഴ്നാട്ടിൽ നിന്ന് പാറയുൽപന്നങ്ങളുമായി കേരളത്തിലേക്ക് വന്നുപോകുന്ന ടിപ്പറുകൾ നിരന്തരം അപകടം ഉണ്ടാക്കുന്നത്. 10 ദിവസങ്ങൾക്കുള്ളിൽ ഇടമണ്ണിലും ഉറുകുന്നിലുമായി രണ്ട് ജീവനുകൾ ടിപ്പർ അപഹരിച്ചു. വ്യാഴാഴ്ച ഉറുകുന്ന് ജങ്ഷനിൽ സരസമ്മയെന്ന വയോധികയുടെ കാലിലൂടെ ടിപ്പർ കയറിയിറങ്ങി അതിദാരുണമായാണ് മരിച്ചത്. കഴിഞ്ഞ 10ന് ഇടമൺ 34ൽ കാറിൽ നിന്ന് പാതയോരത്തിറങ്ങിനിന്ന ഷംസുദ്ദീനും ടിപ്പർ തട്ടി മരണപ്പെട്ടു.
പാതയുടെ പ്രത്യേകത കണക്കിലെടുക്കാതെ അമിത വേഗത്തിൽ ദിവസവും മുന്നോറോളം ടിപ്പറുകൾ ഇതുവഴി പാറയും മെറ്റലുമായി പായുന്നു. മിക്കവയും ഇപ്പോൾ എ.സിയാണ്. നിരോധിത പുകയില ഉൽപന്നങ്ങൾ വായിൽ തിരുകി, മൊബൈലിൽ പാട്ടുംകേട്ട് വേണ്ട ശ്രദ്ധയില്ലാതെയാണ് മിക്കപ്പോഴും ഡ്രൈവിങ്ങെന്നാണ് ആക്ഷേപം. ഇരുസംസ്ഥാനത്തെയും പ്രമുഖ കമ്പനികളുടെയും വ്യക്തികളുടേതുമാണ് കൂടുതൽ ടിപ്പറുകളുമെന്നതിനാൽ ഒരുതരത്തിലുള്ള പരിശോധനയും നേരിടുന്നില്ല.
വലിയ ഇറക്കവും കൊടുംവളവുകളും ധാരാളമുള്ള ഈ പാതയിൽ ഇന്ധനം ലാഭിക്കാൻ ന്യൂട്രൽ ഗിയറിൽ ഓടിക്കുന്നത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്തുന്നു. സ്കൂൾ സമയത്തെ നിയന്ത്രണം പോലും പാലിക്കുന്നില്ല. ക്വാറികളിൽ നിന്ന് ലോഡ് നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യത്തിലെത്തിച്ച് അടുത്ത ലോഡിനായുള്ള മത്സര ഓട്ടം അപകടത്തിനിടയാക്കുന്നു. ഇതിനാൽ ഡ്രൈവർമാർക്ക് മതിയായ വിശ്രമവും കിട്ടാറില്ല. ഉറുകുന്നിലെ അപകടത്തെ തുടർന്ന് നാട്ടുകാർ ടിപ്പറുകൾ എറെ നേരം തടഞ്ഞിട്ടിരുന്നു. നടപടിയെടുക്കാമെന്ന തെന്മല പൊലീസിന്റെ ഉറപ്പിലാണ് ടിപ്പറുകൾ വിട്ടുകൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.