ഗതാഗത നിയന്ത്രണം; ദേശീയപാതയിൽ സ്ഥിരം ക്രെയിനും കാമറകളും
text_fieldsപുനലൂർ: ശബരിമല സീസണിൽ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കോട്ടവാസൽ എസ് വളവിൽ അപകടങ്ങളും വാഹനത്തിരക്കും ഒഴിവാക്കാൻ സ്ഥിരമായി ക്രെയിൻ സംവിധാനവും നിരീക്ഷണ കാമറയും തമിഴ്നാട് പൊലീസ് സ്ഥാപിച്ചു. സീസൺ കാലത്ത് ഇതുവഴിയുള്ള വാഹനഗതാഗതം സുഗമമാക്കുന്നതിന് ഡ്രൈവർമാരുടെ പാങ്കാളിത്തം ഉറപ്പാക്കുന്നതിന് ചെങ്കോട്ടയിൽ പൊലീസ് ഡ്രൈവർമാരുടെയും ചരക്കുലോറി ഉടമകളുടെയും യോഗം നടത്തി.
ഇതുവഴി ചരക്കുവാഹനങ്ങളുടെ ബാഹുല്യം വാഹനത്തിരക്കും അപകടങ്ങളും ഉണ്ടാക്കുമെന്നത് കണക്കിലെടുത്താണ് നടപടി. എസ് വളവിൽ പതിവായി വാഹനങ്ങൾ അപകടത്തിൽപെട്ട് ഗതാഗതം മണിക്കൂറുകൾ മുടങ്ങുന്നത് പതിവാണ്. ഇതുമൂലം തീർഥാടകർക്ക് വന്നുപെട്ടേക്കാവുന്ന ബുദ്ധിമുട്ടുകൂടി കണക്കിലെടുത്താണ് പൊലീസ് നടപടി. എസ് വളവിൽ ക്രെയിൻ സംവിധാനം കഴിഞ്ഞ രാത്രി മുതൽ ഏർപ്പെടുത്തി. ഇവിടെ ഉൾെപ്പടെ പ്രാധാന വളവുകളിലും നിരീക്ഷണ കാമറ അടുത്തദിവസങ്ങളിൽ സ്ഥാപിക്കും.
കൂടാതെ സീസൺ തീരുന്നതുവരെ ഇതുവഴിയുള്ള ചരക്കുലോറി ഡ്രൈവർ പാലിക്കേണ്ട നിർദേശങ്ങളും പൊലീസ് നൽകി. വാഹനങ്ങൾ അനാവശ്യമായി പാതയുടെ വശങ്ങളിൽ നിർത്തിയിടുന്നതിനും അപകടകരമായ ഡ്രൈവിങ്ങിനുമെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തെങ്കാശി ജില്ല എസ്.പി ശ്രീനിവാസൻ ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
അധികൃതർക്ക് കൈക്കൂലി നൽകുന്ന ട്രക്ക് ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുമെന്നും എസ്.പി അറിയിച്ചു. പാറ ഉൽപന്നങ്ങളുടെ കടത്ത് തടയാൻ തെങ്കാശി ജില്ലയിൽ ചൊവ്വാഴ്ച മുതൽ ഹോളോഗ്രാം സംവിധാനം ഉപയോഗിക്കുമെന്ന് ജില്ല ധാതുവിഭവവകുപ്പ് അസി. ഡയറക്ടർ അറിയിച്ചു. അതേസമയം പാതയുടെ കേരളഭാഗത്തെ അപകടമേഖലയിൽ മതിയായ സുരക്ഷാസംവിധാനം ഉറപ്പാക്കാൻ അധികൃതർ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.