വാളക്കോട് പാലത്തിൽ ഗതാഗതക്കുരുക്ക്; യാത്രക്കാർ ദുരിതത്തിൽ
text_fieldsപുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വാളക്കോട് മേൽപാലത്തിലെ ഗതാഗതക്കുരുക്ക് ജനത്തെ വലയ്ക്കുന്നു. പാലത്തിന്‍റെ വീതിക്കുറവാണ് പ്രധാന പ്രശ്നം. ശബരിമല സീസണായതോടെ വാഹനങ്ങൾ കൂടിയതോടെ ഈ പാലം കടക്കാൻ ഏറെ സമയം കാത്തുകിടക്കേണ്ട അവസ്ഥയാണ്.
മുൻവർഷങ്ങളിൽ ശബരിമല സീസണിൽ ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ പാലത്തിന്‍റെ ഇരുവശത്തും പൊലീസിനെ നിയമിക്കാറുണ്ടായിരുന്നു. ഇത്തവണ അതുണ്ടായില്ല. തീർഥാടകരുടെ വാഹനങ്ങൾ കൂടാതെ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുവാഹനങ്ങളും ഗണ്യമായി വർധിച്ചു.
ഇതുകാരണം വാഹനങ്ങൾ കടന്നുപോകുന്നതിനെ ചൊല്ലി ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കം പതിവാണ്. 125 വർഷം പഴക്കമുള്ളതാണ് റെയിൽവേ ലൈനിന് മുകളിലൂടെയുള്ള ഈ പാലം. കൊടുംവളവിൽ ഒരു വാഹനത്തിന് കടന്നുപോകാനുള്ള വീതിയേയുള്ളൂ.
തൊട്ടടുത്ത് വി.എച്ച്.എസ്.സി അടക്കം സ്കൂളുകൾ ഉള്ളതിനാൽ പകൽ സമയത്ത് കാൽനടക്കാർ കൂടുതലാണ്. എന്നാൽ, വലിയ വാഹനങ്ങൾ പാലത്തിൽ കടന്നുകഴിഞ്ഞാൽ ഇത് മാറാതെ കാൽനടക്ക് കഴിയില്ല. ഗതാഗതക്കുരുക്ക് കൂടിയായാൽ വിദ്യാർഥികളടക്കം ബുദ്ധിമുട്ടും. പാലത്തോട് ചേർന്ന് നടപ്പാത ഉണ്ടായിരുന്നത് റെയിൽവേ അടച്ചത് കാൽനടക്കാർക്ക് തിരിച്ചടിയായി.
പാലം പുനർനിർമിക്കാൻ നടപടി തുടങ്ങിയത് എങ്ങുമെത്തിയില്ല. ഇവിടെ വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസിനെ അടിയന്തരമായി നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.