ജീവനെടുത്ത് അപകട ഡ്രൈവിങ്; നിയന്ത്രിക്കാൻ ആളില്ല
text_fieldsപുനലൂർ: കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ അപകടകരമായ വാഹനമോടിക്കൽ പതിവാകുമ്പോഴും നിയന്ത്രിക്കാൻ അധികൃതർക്ക് മടി. തമിഴ്നാട്ടിലേക്കുള്ള പാതയിൽ ട്രക്കുകളടക്കം നിരന്തരം അപകടമുണ്ടാക്കുകയും ആളുകൾ കൊല്ലപ്പെടുകയും ചെയ്യുന്ന ഭീതിപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്. ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച രാത്രി ആര്യങ്കാവിൽ കാൽനടക്കാരനെയടക്കം മൂന്നു പേരെയാണ് സിമന്റ് ലോറി ഇടിച്ചത്. കാൽനടക്കാരനായ ആര്യങ്കാവ് സ്വദേശി സി.ജെ. മത്തായി ലോറി കയറിയിറങ്ങി അതിദാരുണമായി മരിച്ചു. അടുത്തിടെ ഈ പാതയിൽ ആളുകൾ മരിക്കുന്ന നാലാമത്തെ അപകടമാണിത്.
കഴിഞ്ഞ വ്യാഴാഴ്ച പാറപ്പൊടിയുമായി വന്ന ടോറസ് ഉറുകുന്നിൽ വീട്ടിലേക്കും ഇറച്ചിക്കടയിലേക്കും ഇടിച്ചുകയറിയ അപകടത്തിൽനിന്ന് എട്ടുപേർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പ്ലാച്ചേരിയിൽ സമാനമായ സംഭവത്തിൽ ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചത് നാട്ടുകാർ ഇനിയും മറന്നില്ല. കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈനിലൂടെ ചരക്ക് നീക്കം നിർത്തിയതോടെ ലോഡുകൾ ലോറികളിലാണ് കൊണ്ടുവരുന്നത്. ഇതോടെ റോഡിലൂടെയുള്ള ചരക്ക് വാഹനങ്ങളുടെ എണ്ണം നാലിരട്ടിയായി. മുമ്പ് സിമൻറ്, ഇറക്കുമതി ചെയ്യുന്ന തടികൾ എന്നിവയാണ് തമിഴ്നാട്ടിൽനിന്ന് കൂടുതലായി എത്തിച്ചിരുന്നത്. പാറയും പാറ ഉൽപന്നങ്ങളും കൂടി അവിടെനിന്ന് കൊണ്ടുവരാൻ തുടങ്ങിയതോടെ കൂറ്റൻ വാഹനങ്ങളുടെ എണ്ണം വർധിച്ചു.
തമിഴ്നാട്ടിലെയും കേരളത്തിലെയും രാഷ്ട്രീയരംഗത്ത് പങ്കാളിത്തമുള്ള പ്രമുഖരുടെ ട്രാൻസ്പോർട്ടിങ് കമ്പനികളുടെ നിയന്ത്രണത്തിലുള്ള ലോറികളാണ് ഭൂരിഭാഗവും. ഈ പാതയുടെ അപകടാവസ്ഥ മനസ്സിലാക്കാതെയുള്ള അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടങ്ങൾ വരുത്തുന്നത്.
അനുവദിച്ചതിനേക്കാൾ അധിക ഭാരം കയറ്റിയാണ് വാഹനങ്ങൾ വരുന്നത്. ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നവരും കുറവല്ല. അപകടം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് പോലും തയാറാകാതെ ഡ്രൈവർമാർ ഓടി രക്ഷപ്പെടുകയാണ് പതിവ്. പാതയിൽ പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും കാമറ പോയൻറുകൾ എത്തുമ്പോൾ വാഹനങ്ങൾ വേഗം കുറക്കുന്നതിനാൽ അമിതവേഗത്തിന് അധികൃതർക്ക് പിടികൂടാനും കഴിയില്ല. അമിതഭാരം കയറ്റിയതിന് പിടിവീണാലും ചെറിയ പിഴയീടാക്കി വിടുന്നതിനാൽ വീണ്ടും ആവർത്തിക്കുന്നു.
മറ്റു വാഹനങ്ങൾ പാതയിൽ തടഞ്ഞുനിർത്തി ഡ്രൈവർമാരുടെ രേഖകളും മറ്റും അധികൃതർ പരിശോധിക്കാറുണ്ടെങ്കിലും ചരക്ക് ലോറികൾക്ക് ഇതും ബാധകമല്ലെന്ന നിലപാടാണ് ബന്ധപ്പെട്ടവർക്കുള്ളത്. വലിയ അപകടവും നിസ്സാരമായാണ് ഡ്രൈവർമാരും അധികൃതരും കാണുന്നത്. അപകടമുണ്ടായാൽ ഏതാനും ദിവസം പാതയിൽ പരിശോധന നടക്കുമെങ്കിലും പിന്നീട് പഴയപടിയാണ്. ബസുകൾ അടക്കം മുഴുവൻ വാഹനങ്ങളും പരിശോധിക്കാൻ സ്ഥിരം സംവിധാനം ഉണ്ടെങ്കിൽ അപകടങ്ങൾ വലിയ അളവിൽ കുറക്കാനാകും.
ഡീസൽ ലാഭിക്കാൻ ചരക്ക് വാഹനങ്ങൾ ഇറക്കത്ത് ന്യൂട്രൽ ഗിയറിൽ വരുന്നതും അപകടത്തിനിടയാക്കുന്നു. ആര്യങ്കാവിൽ വെള്ളിയാഴ്ച രാത്രി അപകടമുണ്ടാക്കിയ ലോറി ന്യൂട്രലിൽ ഇറക്കം ഇറങ്ങി വന്നതാണ്.
ന്യൂട്രലിൽ ഓടി ലാഭിക്കുന്ന ഡീസൽ ഊറ്റി മറിച്ചുവിൽക്കുക പതിവാണ്. ഇടപ്പാളയം, കഴുതുരുട്ടി എന്നിവിടങ്ങളിലാണ് ഈ ലോറികൾ നിർത്തി ഡീസൽ ഊറ്റുന്നത്. ഇവിടുള്ള ചിലർ ഈ ഡീസൽ വാങ്ങി കൂടൂതൽ ലാഭത്തിന് മറിച്ചു വിൽക്കുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.