മലയോര പാതയിൽ എൽ.എച്ച്.ബി കോച്ചുകളുടെ പരീക്ഷണ ഓട്ടം വിജയം
text_fieldsപുനലൂർ: പുനലൂർ-ചെങ്കോട്ട റെയിൽ പാതയിൽ എൽ.എച്ച്.ബി കോച്ച് ട്രയൽ റൺ നടത്തി. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് ചെങ്കോട്ടയിൽനിന്ന് കോച്ച് ട്രയൽ റൺ നടത്തിയത്. 8.30 ഓടെ പുനലൂർ റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്ന് 9.30 ഓടെ തിരികെ ചെങ്കോട്ടയിലേക്ക് തിരികെ പോയി.
ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ് ) കോച്ചിന് സുരക്ഷിതത്വം കൂടുതലാണ്. എന്നാൽ, ഭാരം തീരെ കുറവുമാണ്. മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥരും ഓപറേറ്റിങ് വിഭാഗം ഉദ്യോഗസ്ഥരും ട്രയൽ റണ്ണിൽ പങ്കെടുത്തു. പരീക്ഷണാർഥം നടത്തിയ യാത്ര വിജയകരമായിരുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സാധാരണയിൽ നിന്ന് വലുപ്പം കൂടുതലുള്ളതിനാൽ സീറ്റുകളും കൂടുതലാണ്. ജനറൽ കോച്ചിലെ സീറ്റുകളിൽ സാധാരണ 90 സീറ്റ് ആണെങ്കിൽ എൽ.എച്ച്.ബി യിൽ 100 സീറ്റുകൾ ഉണ്ടാകും. ഐ.ആർ.സി.ടി.സി നടപ്പാക്കുന്ന ടൂറിസം ട്രെയിനുകൾക്കും ഈ കോച്ചാണ് ഉപയോഗിക്കുന്നത്.
പുനലൂർ- ചെങ്കോട്ട പാതയിലും വിനോദ സഞ്ചാര ട്രെയിനുകൾ പരിഗണനയിലുണ്ട്. എന്നാൽ, വലിയ വളവുകളും കയറ്റവുമുള്ള ഈ പാതയിൽ എൽ.എച്ച്.ബി കോച്ചുകൾ ഓടിക്കാനാകുമോയെന്ന് പരിശോധിക്കാനാണ് പരിശോധന ഓട്ടം നടത്തിയത്
പാളം തെറ്റിയാൽ, ഒരു കോച്ച് മറ്റൊന്നിന് മുകളിൽ തള്ളുന്നതോ മറഞ്ഞു വീഴുന്നതോ തടയുന്ന തരം കോച്ചുകളാണിവ. പാളം തെറ്റുന്നതിന്റെ ആഘാതവും ഫലപ്രദമായി ആഗിരണം ചെയ്യാൻ ഈ ബോഗികൾക്ക് കഴിയും. മേയിൽ ഐ.ആർ.സി.ടി.സിയുടെ എൽ.എച്ച്.ബി കോച്ചുകൾ ഘടിപ്പിച്ച വിനോദസഞ്ചാര സ്പെഷൽ ട്രെയിൻ സർവിസ് കൊച്ചുവേളിയിൽനിന്ന് പ്രയാഗ്രാജിലേക്ക് പോകുന്നുണ്ട്.
കൊല്ലം-പുനലൂർ-ചെങ്കോട്ട പാത വഴി കടന്നുപോകാൻ ഇനി തടസ്സങ്ങൾ ഒന്നുമില്ല. നിലവിൽ കൊല്ലം പുനലൂർ പാതയിൽ 14 കോച്ചുകൾ ഓടുന്നതിനാണ് അനുവാദം ലഭിച്ചത്. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ കൂടുതൽ സർവിസുകൾ ഇതുവഴി അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.