ചെങ്കോട്ട-പുനലൂർ പാതയിൽ 23 കോച്ച് പരീക്ഷണ ഓട്ടം നടത്തി
text_fieldsപുനലൂർ: ചെന്നൈ-കൊല്ലം പാതയിൽ ചെങ്കോട്ട-പുനലൂർ റൂട്ടിൽ ഓടുന്ന ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ട്രയൽ റൺ നടത്തി. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ (ആർ.ഡി.എസ്) ലഖ്നോവിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ബുധനാഴ്ച ട്രയൽ നടത്തിയത്.
ട്രയൽ റൺ പൂർത്തിയായാൽ ആർ.ഡി.എസ് ഉദ്യോഗസ്ഥർ ദക്ഷിണ റെയിൽവേ ആസ്ഥാനമായ ചെന്നൈയിൽ റിപ്പോർട്ട് സമർപ്പിക്കും.
സാങ്കേതികവിഭാഗത്തിന്റെ പരിശോധനക്കുശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കോച്ചുകൾ കൂട്ടാൻ അനുമതി ലഭിക്കുക. 23 കോച്ചുകൾ ഉള്ള ട്രെയിൻ റേക്ക് ഉപയോഗിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്. 30 കിലോമീറ്റർ വേഗത്തിലാണ് ഇന്നലെ പരീക്ഷണം നടത്തിയത്. ട്രയൽ റൺ വിജയിച്ചാൽ എത്ര കോച്ചുകൾ ഉള്ള റേക്കാണ് ഓടിക്കുന്നതെന്ന് ആർ.ഡി.എസ് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും റെയിൽവേ തീരുമാനിക്കുക.
ഇന്നലെ മധുരയിൽനിന്ന് ചെങ്കോട്ട വഴി ഇടമൺ റെയിൽവേ സ്റ്റേഷൻ വരെ എത്തിയ ട്രെയിൻ തിരികെ തെന്മലയിലേക്ക് പോയി. വീണ്ടും വൈകീട്ട് പുനലൂർ വഴി കൊല്ലത്തേക്ക് എത്തി. വ്യാഴാഴ്ച രാവിലെ ഏഴിന് കൊല്ലത്തുനിന്ന് വീണ്ടും ചെങ്കോട്ടയിലേക്ക് യാത്ര തിരിക്കും.
നിലവിൽ ഇതുവഴി കടന്നുപോകുന്ന പാലരുവി, വേളാങ്കണ്ണി, എഗ്മോർ അടക്കമുള്ള ട്രെയിനുകളിൽ യാത്രക്കാർക്ക് മതിയായ നിലയിൽ ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. കോച്ചുകളുടെ എണ്ണം വർധിപ്പിച്ചാലേ കൂടുതൽ യാത്രക്കാരുമായി വിജയകരമായി കുടതൽ ദീർഘദൂര സർവിസുകൾ ഇതുവഴി നടത്താൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.