എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsപുനലൂർ: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കടത്തുകയായിരുന്ന എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുയുവാക്കളെ പുനലൂർ എക്സൈസ് സി.ഐയും സംഘവും അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി മുന്നിയൂർ വെളിമുക്ക് പടിക്കൽ പിലാലകണ്ടി വീട്ടിൽ എ. ഷംനാദ് (34), മഞ്ചേശ്വരം മംഗൽപടി പേത്തൂർ പുളിക്കുന്നിൽ വീട്ടിൽ എ. മുഹമ്മദ് ഇമ്രാൻ (29) എന്നിവരാണ് തെന്മല എം.എസ്.എല്ലിൽനിന്ന് പിടിയിലായത്.
ഇവരിൽനിന്ന് 32 ഗ്രാം എം.ഡി.എം.എയും 17 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ബംഗളൂരുവിൽനിന്ന് ലക്ഷം രൂപക്ക് വാങ്ങിയ എം.ഡി.എം.എ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽക്കാനാണ് കൊണ്ടുവന്നത്. കേരളത്തിൽ ഗ്രാമിന് 10,000 രൂപ നിരക്കിലാണ് വിൽക്കുന്നതെന്ന് പ്രതികൾ മൊഴി നൽകി.
രാസലഹരി പദാർഥം തൂക്കുന്ന മൊബൈൽ ഫോണിെന്റ രൂപത്തിലുള്ള ഇലക്ട്രോണിക് ത്രാസ് ഇവരിൽനിന്ന് കണ്ടെടുത്തു. വായൂ സമ്പർക്കമുണ്ടായി എം.ഡി.എം.എ അലിഞ്ഞു പോകാതിരിക്കാൻ ചെറിയ അലുമിനിയം ബോക്സിലാക്കിയാണ് കടത്തിയത്. ലഹരി ഉപയോഗിച്ചത് മറ്റാർക്കും മനസ്സിലാകാതെയിരിക്കാൻ കണ്ണിൽ ഒഴിക്കുന്ന ഐ ഡ്രോപ്സ്, ചുണ്ടിൽ പുരട്ടുന്ന പ്രത്യേക ലേപനം എന്നിവയും പ്രതികളുടെ കൈവശമുണ്ടായിരുന്നു.
10 വർഷം തടവ് മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. 10 ഗ്രാമിന് മുകളിലുള്ള രാസലഹരി കടത്തിക്കൊണ്ടുവന്നത് കമേഴ്സ്യൽ ക്വാണ്ടിറ്റി കേസ് ആയതിനാൽ രാസലഹരി വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകിയവർക്കെതിരെ അന്വേഷിക്കുമെന്ന് സി.ഐ കെ. സുദേവൻ അറിയിച്ചു.
തങ്ങളിൽനിന്ന് ലഹരി ഉൽപന്നങ്ങൾ വാങ്ങുന്നത് കൗമാരപ്രായക്കാരാണെന്ന് പ്രതികൾ സമ്മതിച്ചു. തുടർനടപടികൾക്കായി പ്രതികളെ അഞ്ചൽ എക്സൈസ് റേഞ്ചിന് കൈമാറി. പ്രിവന്റിവ് ഓഫിസർമാരായ എ. അൻസാർ, കെ.പി. ശ്രീകുമാർ, ബി. പ്രദീപ് കുമാർ, സി.ഇ.ഒമാരായ അനിഷ് അർക്കജ്, ഹരിലാൽ, റോബി രാജ്മോഹൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
കൂടുതൽ അന്വേഷണം ആവശ്യമായതിനാൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുമെന്ന് ജില്ല ഡെപ്യൂട്ടി കമീഷണർ ബി. സുരേഷ് പറഞ്ഞു. അന്തർസംസ്ഥാന നഗരങ്ങളിൽനിന്ന് കേരളത്തിലേക്ക് രാസലഹരി കടത്തുന്നതിനായി പ്രവർത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് ജില്ല അസി. കമീഷണർ വി. റോബർട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.