യാഥാർഥ്യമാകാതെ പുനലൂർ താലൂക്ക് നിവാസികളുടെ പട്ടയസ്വപ്നം
text_fieldsപുനലൂർ: വനം-റവന്യൂ സംയുക്ത പരിശോധന പൂർത്തിയായി 30 വർഷം കഴിഞ്ഞിട്ടും വനഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് പട്ടയം നൽകാനുള്ള സർക്കാർ നടപടി പുനലൂർ താലൂക്കിൽ അനന്തമായി നീളുന്നു. പട്ടയം നൽകുന്നതിന് മുന്നോടിയായി മിക്ക നടപടികളും ഇതിനകം പൂർത്തിയായെങ്കിലും സ്കെച്, മഹസർ തയാറാക്കുന്നതിനുള്ള നടപടിയാണ് ശേഷിക്കുന്നത്. ഇതിനാവശ്യത്തിന് വാഹനമില്ലാത്തതാണ് തടസ്സമായി താലൂക്ക് ഓഫിസ് അധികൃതർ പറയുന്നത്.
ആവശ്യത്തിന് വാഹനം അനുവദിക്കണമെന്ന് റവന്യൂമന്ത്രി, കലക്ടർ തുടങ്ങിയവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല. അധികൃതർക്ക് ഒരോ പ്രദേശത്തും എത്തി മഹസർ, സ്കെച് എന്നിവ തയാറാക്കുന്നതിന് നേരത്തേ രണ്ടു വാഹനങ്ങൾ ഉണ്ടായിരുന്നു. പൊതുമേഖല സ്ഥാപനങ്ങളായ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ, ഫാമിങ് കോർപറേഷൻ എന്നിവിടങ്ങളിൽനിന്നും താൽക്കാലികമായി വിട്ടുനൽകിയ വാഹനങ്ങളായിരുന്നു ഇത്.
ഇതിൽ ഫാമിങ് കോർപറേഷന്റെ വാഹനം അടുത്തകാലത്തായി നൽകുന്നില്ല. ആർ.പി.എല്ലിന്റെ വാഹനം ഉണ്ടെങ്കിലും ഇതിനെമാത്രം ആശ്രയിച്ചാൽ അടുത്തകാലത്തൊന്നും മഹസർ, സ്കെച് തയാറാക്കൽ പൂർത്തിയാക്കാനാകില്ലെന്നാണ് അധികൃതർ പറയുന്നത്. 1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമി കൈവശത്തിലുള്ള കുടുംബങ്ങൾക്കാണ് പട്ടയം ലഭിക്കാനുള്ളത്. താലൂക്കിലെ ആര്യങ്കാവ്, തെന്മല, ഇടമൺ, ആയിരനല്ലൂർ, ഏരൂർ, തിങ്കൾക്കരിക്കം, കുളത്തൂപ്പുഴ, ചണ്ണപ്പേട്ട, അലയമൺ വില്ലേജുകളിലായി 1581 കുടുംബങ്ങളാണ് പട്ടയത്തിന് അപേക്ഷ നൽകിയിട്ടുള്ളത്. 1991-92 കാലയളവിൽ വനം, റവന്യൂ സംയുക്ത പരിശോധന നടത്തിയിരുന്നു.
ഇവരുടെ കൈവശത്തിലുള്ള ഭൂമിയുടെ വിസ്തൃതി കണക്കാക്കൽ അടക്കം ഇതിനകം പൂർത്തിയായി. കൈമാറ്റം നടന്നിട്ടുള്ള ഭൂമികളുടെ സബ്ഡിവിഷൻ സ്കെച്, മഹസർ എന്നിവയാണ് പ്രധാനമായും പൂർത്തിയാകാനുള്ളത്. ഇടമണിൽ 68, ആര്യങ്കാവിൽ 130, തെന്മല 167 എന്നിങ്ങനെ കൈവശങ്ങളുടെ സ്കെച്, മഹസർ ഇതിനകം പൂർത്തിയായി. മറ്റ് വില്ലേജുകളിലായി 1216 കൈവശക്കാരുടെ സ്കെച്, മഹസർ പൂർത്തിയായിട്ടില്ല. ആര്യങ്കാവിൽ ആകെയുള്ള 675 അപേക്ഷകളിൽ 545 എണ്ണം ഇനിയും ശേഷിക്കുന്നു. അലയമൺ, ആയിരനല്ലൂർ-ഒമ്പത്, ചണ്ണപ്പേട്ട- 58, കുളത്തൂപ്പുഴ- 130, തിങ്കൾക്കരിക്കം- 426, ഏരൂർ- 39 എന്നിങ്ങനെയാണ് പൂർത്തിയാകാനുള്ള അപേക്ഷകരുടെ എണ്ണം.
അടുത്തിടെ മന്ത്രി കെ. രാജൻ പുനലൂരിൽ എത്തി താലൂക്കിലെ കൈവശക്കാർക്ക് പട്ടയം നൽകുന്നത് സംബന്ധിച്ച് പി.എസ്. സുപാൽ എം.എൽ.എയുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തിയിരുന്നു. അർഹതപ്പെട്ടവർക്ക് എത്രയും വേഗം പട്ടയം നൽകുമെന്ന് മന്ത്രി ഉറപ്പും നൽകി. എന്നാൽ, വനഭൂമി പട്ടയം സംബന്ധിച്ച് നിലനിൽക്കുന്ന തടസ്സങ്ങൾ നീക്കാൻ ഇതുവരെയും നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.