പുനലൂർ നഗരസഭയിൽ വീണ്ടും വിജിലൻസ് പരിശോധന
text_fieldsപുനലൂർ: ക്രമക്കേടുകൾ സംബന്ധിച്ച് പരാതിയുടെ അടിസ്ഥാനത്തിൽ തെളിവുകൾക്കായി പുനലൂർ നഗരസഭയിൽ വീണ്ടും വിജിലൻസ് പരിശോധന. ഭരണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, കൗൺസിലർ കെ. ബിജു എന്നിവർ നിയമസഭ പെറ്റീഷൻ കമ്മിറ്റി മുമ്പാകെ പരാതി നൽകിയിരുന്നു. അന്വേഷണത്തിനായി നഗരകാര്യ ഡയറക്ടറേറ്റിലെ ആഭ്യന്തര വിജിലൻസ് വിഭാഗത്തിന് കൈമാറിയതിനെ തുടർന്നാണ് അന്വേഷണസംഘം എത്തിയത്. നഗരകാര്യ വകുപ്പിലെ കൊല്ലം ജോയിന്റ് ഡയറക്ടറേറ്റിലെ ഇന്റേണൽ വിജിലൻസ് ഓഫിസർ ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നഗരസഭാ ഓഫിസിലെത്തി രേഖകൾ പരിശോധിച്ചു.
ആരോപണം ഉന്നയിച്ചിട്ടുള്ള പല വിഷയങ്ങളുടെയും ബന്ധപ്പെട്ട ഫയലുകൾ നഗരസഭ ഓഫിസിൽ ലഭ്യമല്ലെന്നും ഉന്നയിച്ച ആരോപണങ്ങളെ സംബന്ധിച്ച തെളിവുകൾ ഹാജരാക്കണം എന്നും പരാതിക്കാരോട് ഉദ്യോഗസ്ഥർ രേഖാമൂലം ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഫയലുകളും ബന്ധപ്പെട്ട രേഖകളും വിവരാവകാശ നിയമപ്രകാരം മുമ്പ് ശേഖരിച്ച് വെച്ചിരുന്നത് ജയപ്രകാശ് വിജിലൻസ് ഉദ്യോഗസ്ഥർക്ക് കൈമാറി. മിനിട്സ് തിരുത്തി ക്രമക്കേടുകൾ കാട്ടിയത്, വേനൽക്കാലത്ത് കുടിവെള്ള വിതരണത്തിന് വാഹനം വാടകയ്ക്ക് വിളിച്ച് ലക്ഷങ്ങളുടെ തിരിമറി, സർക്കാർ ഉത്തരവുകളെ ലംഘിച്ച് 25ലധികം തവണ താൽക്കാലിക നിയമനങ്ങൾ നടത്തി, ഇല്ലാത്ത സെക്യൂരിറ്റി ജീവനക്കാരന് ശമ്പളം നൽകി, ശ്മശാനത്തില്‍ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ പേരിൽ ലക്ഷങ്ങൾ തിരിമറി തുടങ്ങിയവയെ സംബന്ധിച്ചായിരുന്നു പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.