ആര്യങ്കാവ് മോട്ടോർ വാഹന ചെക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്; പണം പിടികൂടി
text_fieldsപുനലൂർ: ആര്യങ്കാവ് മോട്ടോർ വാഹന ചെക്പോസ്റ്റിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 25,120 രൂപ പിടികൂടി. വാഹനങ്ങളിൽനിന്ന് പടിയായി സ്വീകരിച്ച് ഏജന്റ് വശവും ചെക്പോസ്റ്റിലും കണക്കിൽപെടാതെ സൂക്ഷിച്ചിരുന്ന പണമാണിതെന്ന് വിജിലൻസ് സംഘം അറിയിച്ചു.
ചെക്പോസ്റ്റ് ഉദ്യോഗസ്ഥരുടെ അറിവോടെ ഇതുവഴി ലോഡുമായി വരുന്ന വാഹനങ്ങളിൽനിന്നും ശബരിമല തീർഥാടകരുടെ വാഹനങ്ങളിൽനിന്നും ഏജന്റുമാർ മുഖാന്തിരം അനധികൃതകരമായ പണപ്പിരിവ് നടത്തുന്നതായ രഹസ്യവിവരത്തെതുടർന്ന് വിജിലൻസ് ഡിവൈ.എസ്.പി സജാദിന്റെ നിർദേശനുസരണം വ്യാഴാഴ്ച പുലർച്ചയായിരുന്നു പരിശോധന നടത്തിയത്.
ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ അറിവോടെ ആര്യങ്കാവ് സ്വദേശിയായ ഏജന്റാണ് പണപ്പിരിവ് നടത്തിയത്. ഇയാളിൽനിന്ന് 23,020 രൂപയും ചെക്പോസ്റ്റിൽനിന്ന് കണക്കിൽപെടാത്ത 2100 രൂപയും പിടികൂടി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അറിവോടെയാണ് പണപ്പിരിവ് നടത്തിയതെന്ന് ഇയാൾ വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്.
ഗസറ്റഡ് ഓഫിസറായ പട്ടാഴി തെക്ക് കൃഷി ഓഫിസർ സുനിൽ വർഗീസിന്റെ സാന്നിധ്യത്തിൽ നടന്ന പരിശോധനയിൽ കൊല്ലം വിജിലൻസ് യൂനിറ്റിലെ ഇൻസ്പെക്ടർമാരായ ടി. ബിജു, വി. ജോഷി, വിജിലൻസ് ഉദ്യോഗസ്ഥരായ സുനിൽകുമാർ, ഷാഫി, വി. സുനിൽ, ദേവപാൽ, കബീർ എന്നിവർ പങ്കെടുത്തു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധമായ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസ് ടോൾ ഫ്രീ നമ്പരായ 1064, 9447582422 എന്ന നമ്പരിലോ 04742795092 എന്ന ഓഫിസ് നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡിവൈ.എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.