ആര്യങ്കാവ് ആർ.ടി.ഒ ചെക് പോസ്റ്റിൽ വിജിലൻസ് പരിശോധന; പടിപ്പണവും സാധനങ്ങളും പിടികൂടി
text_fieldsപുനലൂർ: ആര്യങ്കാവ് മോട്ടോർ വെഹിക്കിൾ ചെക് പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വാഹനങ്ങൾ കടത്തിവിടുന്നതിന് പടിയായി വാങ്ങിയ പണവും സാധനങ്ങളും പിടികൂടി. ഓഫിസിന് പുറത്ത് നിന്ന് 6500 ഓളം രൂപയും ഓഫിസിൽ നിന്ന് 750 ഓളം രൂപയും കണ്ടെടുത്തു.
വണ്ടിക്കാരിൽ നിന്ന് വാങ്ങിയ പഴവർഗങ്ങളടക്കം സാധനങ്ങളും പിടിച്ചെടുത്തു. കൊല്ലത്ത് നിന്നുള്ള വിജിലൻസ് സംഘം ബുധനാഴ്ച പുലർച്ചെ അഞ്ചോടെയാണ് ചെക്പോസ്റ്റിൽ എത്തിയത്. സംഘത്തെ കണ്ട് ആർ.ടി.ഓഫിസിലുണ്ടായിരുന്നവർ പണം പലയിടത്തും ഒളിപ്പിക്കാൻ ശ്രമിച്ചു. ഏജന്റുമാരായി ഓഫിസ് പരിസരത്തുണ്ടായിരുന്നവർ മുങ്ങുകയും ചെയ്തു. പടിയായി വാങ്ങി ശിപായിയുടെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്നതാണ് 6500 ഓളം രൂപ. ഇതുകൂടാതെയാണ് രേഖകളില്ലാതെ ഓഫിസിൽ സൂക്ഷിച്ചിരുന്ന 750 ഓളം രൂപയും കണ്ടെടുത്തത്.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് അമിത ലോഡുമായി എത്തുന്ന വാഹനങ്ങളിൽ നിന്ന് വൻതുക പടി വാങ്ങി കടത്തിവിടുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു. തമിഴ്നാട്ടിൽ നിന്ന് പാറയും മെറ്റലും അടക്കമുള്ള സാധനങ്ങൾ വൻതോതിൽ ഇതുവഴി കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്.
കണക്കിൽ കൂടുതൽ ലോഡ് കയറ്റിവരുന്ന വാഹനങ്ങൾ കടത്തിവിടുന്നതിന് പിഴകൂടാതെ പലപ്പോഴും വൻതുക പടിയും വാങ്ങുന്നു.
സാധരണനിലയിൽ ലോഡുമായി വരുന്ന വാഹനങ്ങളിൽ നിന്നും കുറഞ്ഞത് നൂറുരൂപയെങ്കിലും പടി പിരിക്കുന്നത് വിജിലൻസ് സംഘത്തിന് ബോധ്യമായി.
വിജിലൻസ് അംഗങ്ങൾ ഓഫിസിന് പുറത്ത് നിൽക്കുമ്പോൾ നിരവധി വാഹനങ്ങളുടെ ഡ്രൈവർ ഇത്തരത്തിൽ പടി സംഘത്തിന് കൈമാറി. പഴം പച്ചക്കറി വാഹനങ്ങളിൽ നിന്ന് പടി കൂടാതെ സാധനങ്ങളും പടിയായി വാങ്ങിയിരുന്നു.
പൈനാപ്പിൾ, നാരങ്ങ, നെല്ലിക്ക, കരിമ്പ്, പായസം മിക്സ്, മുട്ട, പാൽ, കടലമിഠായി തുടങ്ങിയ സാധനങ്ങളാണ് ഓഫിസിൽ നിന്ന് പിടികൂടിയത്. പരിശോധന മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. വിജിലൻസ് ഡിവൈ.എസ്.പി അബ്ദുൽവഹാബ്, ഇൻസ്പെക്ടർമാരായ വി.പി. സുധീഷ്, ടി. ബിജു, ജോഷി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതിർത്തി കടക്കണമെങ്കിൽ പണവും പാലും മുട്ടയും കാഴ്ചവെക്കണം
പുനലൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തി കടന്ന് കേരളത്തിലേക്ക് കടക്കണമെങ്കിൽ ആര്യങ്കാവ് മോട്ടോർവെഹിക്കിൾ ചെക്പോസ്റ്റിൽ പടിക്ക് പുറമേ ആഹാരസാധങ്ങളും കാഴ്ചയായി സമർപ്പിക്കണം. ബുധനാഴ്ച പുലർച്ച ചെക്പോസ്റ്റിൽ പരിശോധനക്ക് എത്തിയ പൊലീസ് വിജിലൻസ് സംഘം ഓഫിസിലെ മേശപ്പുറത്തും മറ്റും സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ കണ്ട് അത്ഭുതപ്പെട്ടു. കണക്കിൽപെടാത്തതുൾപ്പെടെ പടിയായി വാങ്ങിയ പണം കണ്ടെടുത്തതിന് പുറമേ വണ്ടിക്കാരിൽ നിന്നും സാധനങ്ങളും ചെക്പോസ്റ്റ് ജീവനക്കാർ കോഴയായി വാങ്ങുന്നതായി ബോധ്യപ്പെട്ടു.
പാലും മുട്ടയും കൂടാതെ അടുക്കളക്ക് ആവശ്യമായ മറ്റ് വിഭവങ്ങളും ഇക്കൂട്ടത്തിലുണ്ട്. ചെറുനാരങ്ങയും പൈനാപ്പിളും പായസക്കൂട്ടും കരിമ്പ് വരെ പടിയായി വാങ്ങിയത് സംഘത്തിന് കണ്ടെത്താനായി. ചരക്ക് വാഹനങ്ങൾ അതിർത്തി കടന്നുവരുന്നതിന് നിശ്ചിതമായ പടി നൽകുന്നുണ്ട്. ഇതുകൂടാെതയാണ് ഇത്തരം സാധനങ്ങളും ലഭിക്കുന്നത്. അമിതമായി ലോഡുമായി വരുന്ന വാഹനങ്ങൾ ചെക്പോസ്റ്റ് കടത്തിവിടുന്നതിന് പ്രത്യേക ഏജന്റുമാർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
വഴിയിൽ സ്ക്വാഡിന്റെ പിടിവീഴാതിരിക്കാൻ പിഴയായി നിശ്ചിത തുക ചെക്പോസ്റ്റിൽ അടപ്പിക്കും.
കൂടാതെ ഏജന്റിന്റെ അടക്കം വൻതുക പടിയായി വാങ്ങി അധികൃതർക്ക് കൈമാറുകയാണ് പതിവ്. അടുത്തകാലത്തായി തമിഴ്നാട്ടിൽ നിന്നും പാറ ഉൽപന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്നത് ചെക്പോസ്റ്റുകാർക്ക് ചാകരയാണ്.
എല്ലാ വണ്ടികളും അമിതമായി ലോഡ് കയറ്റിയാണ് വരുന്നത്. ദേശീയപാതയുടെ തകർച്ചക്ക് ഇടയാക്കുന്ന അമിതലോഡ് നിയന്ത്രിക്കുന്നതിന് പകരം പടിവാങ്ങി കടത്തിവിടുകയാണ് പതിവ്. ഇടക്കിടെ ഇവിടെ വിജിലൻസ് പരിശോധനയും അഴിമതിയും കണ്ടുപിടിക്കാറുണ്ടെങ്കിലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതായി അറിവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.