കിഴക്കൻ മേഖലയിൽ പനി പടരുന്നു
text_fieldsപുനലൂർ: കിഴക്കൻ മലയോര മേഖലയിൽ പനി പടർന്നുപിടിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ആശുപത്രികളിലും വീടുകളിലുമായി പനി ചികിത്സയിലാണ്. മഴ മാറി കടുത്ത ചൂട് അനുഭവപ്പെട്ട് തുടങ്ങിയതോടെയാണ് പനിയടക്കം പകർച്ചവ്യാധികൾ വ്യാപകമായത്.
പലതവണ ആശുപത്രികളിൽ എത്തി ചികിത്സ തേടിയിട്ടും പനി വിട്ടുമാറാത്തത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. നവജാതശിശുക്കളിലടക്കം കുട്ടികളിൽ വ്യത്യസ്ത ലക്ഷ്യങ്ങളോടെ പനിയും തുടർന്ന് ന്യുമോണിയയും വ്യാപകമായുണ്ട്.
കടുത്ത ചൂട്, വിട്ടുമാറാത്ത ചുമ, കടുത്ത തൊണ്ടവേദന, അസഹ്യമായ തലവേദന, ശരീരവേദന എന്നിങ്ങനെ ചികുൻ ഗുനിയയുടെ എല്ലാ ലക്ഷണങ്ങളും പലർക്കും അനുഭവപ്പെടുന്നുണ്ട്. പനിബാധിതരായ ചിലർക്ക് ഛർദിയും വയറിളക്കവും ഉണ്ട്.
പനി വിട്ടുമാറാത്തതിനാൽ എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണെന്ന് ധരിച്ച് ഇതിനുള്ള ലാബ് പരിശോധനകൾ ചെയ്യുന്നവരും കുറവല്ല. പനി വന്ന് ചികിത്സിക്കുന്നതിനിടെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതും ചിലരിൽ കാണുന്നുണ്ട്. കോവിഡ് വന്നുപോയവരിൽ ഇപ്പോഴത്തെ പനി വല്ലാത്ത അസ്വസ്ഥതയും ക്ഷീണവും തളർച്ചയും ഉണ്ടാക്കുന്നു.
പുനലൂർ താലൂക്ക് ആശുപത്രി അടക്കം ഈ മേഖലയിലെ എല്ലാ ആശുപത്രികളിലും എത്തുന്ന രോഗികളിൽ ഭൂരിഭാഗവും പനിയും അനുബന്ധ രോഗങ്ങളുടെയും ചികിത്സക്ക് വരുന്നവരാണ്. താലൂക്ക് ആശുപത്രിയിൽ മാത്രം ദിവസവും 800 വരെ ആളുകൾ പനിചികിത്സക്ക് എത്തുന്നുണ്ട്. പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ പ്രത്യേക പനി ക്ലിനിക്കും തുടങ്ങിയിട്ടുണ്ട്.
പടരുന്നത് വൈറൽ ഫിവർ -താലൂക്ക് ആശുപത്രി സൂപ്രണ്ട്
പുനലൂർ: ഇപ്പോൾ നാടൊട്ടുക്കും പടർന്നുപിടിക്കുന്നത് വൈറൽ ഫിവറാണെന്നും സമയത്തിന് ചികിത്സ തേടിയാൽ ആശങ്കപ്പെടേണ്ടതില്ലെന്നും പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ. ഓണത്തോടനുബന്ധിച്ച് കൂടുതൽ ജനസമ്പർക്കം ഉണ്ടായതും കോവിഡ് കുറഞ്ഞതും ഇതിന് കാരണം.
ഇപ്പോൾ പനി അനുഭവപ്പെടുന്നവരുടെ ശ്വാസോച്ഛ്വാസത്തിലൂടെ ഇത് മറ്റുള്ളവരിലേക്ക് പടരും. എലിപ്പനി യുടെ ലക്ഷണത്തോടെയാണ് ഇപ്പോഴത്തെ പനി അനുഭവപ്പെടുന്നത്. എന്നാൽ, എലിപ്പനി അല്ല. എലിപ്പനിയും െഡങ്കിപ്പനിയും വ്യാപകമായില്ലെങ്കിലും ഒറ്റപ്പെട്ട നിലയിലുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതോടെ മറ്റ് വൈറസുകൾ പെട്ടെന്ന് മനുഷ്യനിലേക്ക് കടക്കുന്നു.
വൈറൽ പനി ചിലപ്പോൾ മൂന്ന് ആഴ്ചവരെ പലരിലും നിലനിൽക്കും. കോവിഡ് കാലത്ത് പനിപോലുള്ള പകർച്ചവ്യാധികൾക്ക് ഡോക്ടർമാർ മരുന്ന് നൽകുന്നതിൽ നിയന്ത്രണം പാലിച്ചിരുന്നു. ഇത് തുടരുന്നതിനാൽ വൈറൽ പനി ചികിത്സക്കും അത്യാവശ്യമരുന്നുകൾ മാത്രമേ നൽകുന്നുള്ളു.
ഇത് കാരണം പനി മാറുന്നതിന് ദിവസങ്ങളെടുക്കുന്നതാണ് നീണ്ടുനിൽക്കുന്നതിന് ഇടയാക്കുന്നത്. മുമ്പ് പനിയുടെ ഒരോ ലക്ഷണത്തിനും പ്രത്യേക മരുന്നുകൾ കുറിച്ചിരുന്നത് മാറി അത്യാവശ്യമരുന്നുകളും കുത്തിവെപ്പുകളും അവലംബിക്കുന്നതിനാൽ പതുക്കെയേ പനി കുറയുകയുള്ളൂ. മരുന്നിൽ ഇപ്പോഴത്തേതാണ് നല്ല രീതിയെന്നും സൂപ്രണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.