ജലക്രമീകരണം: തെന്മല ഡാം ഷട്ടർ തുറന്നു
text_fieldsപുനലൂർ: ശക്തമായ മഴയിൽ തെന്മല പരപ്പാർ ഡാമിൽ (കല്ലട ഡാം) ജലനിരപ്പ് ഉയർന്നതിനെതുടർന്ന് ജലക്രമീകരണത്തിനായി ഡാം ഷട്ടറുകൾ ഉയർത്തി. ചൊവ്വാഴ്ച രാവിലെ 12ന് മൂന്നു ഷട്ടറുകളും പടിപടിയായി പത്ത് സെൻറീമീറ്റർ വീതം ഉയർത്തിയാണ് കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കുന്നത്.
കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് അധികൃതർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി. ആറ്റിലെ ജലനിരപ്പ് 40 സെൻറീമീറ്റർ വരെയാണ് നിലവിലെ സാഹചര്യത്തിൽ ഉയരാൻ സാധ്യതയുള്ളത്. ഷട്ടർ തുറന്നുള്ളത് കൂടാതെ രണ്ടു ജനറേറ്ററുകളും ദിവസം മുഴുവൻ 15 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചതിന് ശേഷമുള്ള വെള്ളവും ആറ്റിൽ എത്തുന്നുണ്ട്.
115.82 മീറ്റർ മൊത്തം സംഭരണശേഷിയുള്ള ഡാമിൽ ഇന്നലെ രാവിലെ 112.24 മീറ്റർ വെള്ളമായി. ഇത് മൊത്തം സംഭരണശേഷിയുടെ 85 ശതമാനത്തോളം വരും. ഡാമിന്റെ സുരക്ഷ ചട്ടപ്രകാരം ഒക്ടോബർ ഒന്നിന് 111.30 മീറ്ററും ഒക്ടോബർ 11 ന് 111.60 മീറ്റർ വെള്ളവുമാണ് സംഭരിക്കാൻ അനുവാദമുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി കനത്ത മഴ ലഭിച്ചതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. അടുത്ത ദിവസങ്ങളിൽ ഡാമിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് ഷട്ടർ തുറന്നത്.കല്ലട ജലസേചന പദ്ധതി എക്സി.എൻജിനീയർ കെ.കെ. ടെസിമോൻ, അസി.എക്സിക്യൂട്ടിവ് എൻജിനീയർ കെ.എം. മണിലാൽ, എ.ഇമാരായ ജയകൃഷ്ണൻ, ശിവപ്രസാദ്, അശ്വതി എന്നിവരുടെ മേൽനോട്ടത്തിലാണ് ഷട്ടർ തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.