നാട് വറ്റി വരളുന്നു; കുടിവെള്ളം കിട്ടാക്കനി
text_fieldsപുനലൂർ: തെന്മല പരപ്പാർ (കല്ലട ഡാം) ഡാമിലെ വെള്ളം ക്രമാതീതമായി താഴ്ന്നതോടെ ബോട്ട് ജെട്ടി താൽക്കാലികമായി മാറ്റി. പള്ളംവെട്ടിയിൽ ഏർത്ത് ഡാമിലെ മെയിൻ റോഡിൽനിന്ന് കയറുന്ന ഭാഗത്താണ് ബോട്ട് ജെട്ടി ഉണ്ടായിരുന്നത്. ഇവിടെനിന്ന് 200 മീറ്റർ അകലേക്കാണ് ഇപ്പോൾ മാറ്റിയത്. നേരത്തെ ഉണ്ടായിരുന്ന ജെട്ടിയുടെ ഭാഗത്ത് വെള്ളം താഴ്ന്നതോടെ ആൾക്കാർക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് ഉണ്ടായതൊടെ ഇവിടെനിന്ന് സർവിസ് ആരംഭിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ജെട്ടി താൽക്കാലികമായി മാറ്റിയതെന്ന് അധികൃതർ പറഞ്ഞു.
115.68 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ തിങ്കളാഴ്ച വെള്ളം കുറഞ്ഞ് നൂറു മീറ്ററിന് അടുത്തായി. കനാലുകളിലേക്ക് ഏറ്റവും ഉയർന്ന നിലയിൽ വെള്ളം ഒഴുക്കുന്നതിനാൽ ഡാമിലെ വെള്ളം പെട്ടെന്ന് കുറയുന്നു. ഇതിനനുസരിച്ച് വെള്ളം ഡാമിലേക്ക് ഒഴുകി എത്തുന്നില്ല.തെന്മല ഇക്കോ ടൂറിസത്തിന്റെ മൂന്നും ശെന്തുരുണി ടൂറിസത്തിന്റെ ഒന്നും ഉൾപ്പെടെ നാല് ബോട്ടുകളാണ് ഉല്ലാസ സവാരിക്കുള്ളത്. ഇപ്പോൾ കടുത്ത ചൂടും കാറ്റും അനുഭവപ്പെടുന്നതിനാൽ ഉച്ച സമയങ്ങളിൽ ബോട്ടിങ്ങിനും കുട്ടവഞ്ചി സവാരിക്കും ആളില്ല. അവധി ദിവസങ്ങളിൽ രാവിലെയും വൈകീട്ടും അത്യാവശ്യ സർവിസുകൾ മാത്രമാണ് നടക്കുന്നത്. കടുത്ത ചൂട് കാരണം ഡാമിലും പരിസരത്തും എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം വളരെ കുറഞ്ഞു.
വരൾച്ച: കൃഷിയിടങ്ങൾ വരണ്ടു
അഞ്ചൽ: വേനൽ കടുത്തതോടെ കിഴക്കൻ മേഖലയിലെ കൃഷിയിടങ്ങൾ വറ്റിവരണ്ടു. നീർച്ചാലുകളും തോടുകളും വറ്റി. പയർ, പാവൽ, ചീര, വാഴ, ചീനി മുതലായ വയലുകളിലെ കൃഷികൾക്ക് വെള്ളമൊഴിച്ച് വളർത്താൻ കഴിയാതെ വന്നതോടെ കർഷകർ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. വയലുകളിൽ ആഴത്തിൽ കുഴിച്ചിട്ടും വെള്ളമില്ലാത്ത അവസ്ഥയാണ്. കിണറുകളിൽ വെള്ളം വറ്റിയതോടെ കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്. ഗാർഹികാവശ്യങ്ങൾക്കും ആടുമാടുകൾക്കാവശ്യമായ വെള്ളം ലഭിക്കാതെയും ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ് നാട്ടുകാർ. പൈപ്പ് ലൈനിൽനിന്നുള്ള ജലവിതരണം നാമമാത്രമാണ്. മിക്ക ദിവസങ്ങളിലും വെള്ളം കിട്ടാറില്ല. കിണറുകളിലെ ജലവിതാനം വൻരീതിയിൽ താഴ്ന്നതോടെ പമ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തുന്ന കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
കുടിവെള്ളമില്ലാതെ ഇടയ്ക്കടമ്പിൽ ഭാഗം
കൊട്ടാരക്കര: കോട്ടാത്തല പടിഞ്ഞാറ് തേവലപ്പുറം കിഴക്ക് വെണ്ടാർ ഇടയ്ക്കടമ്പിൽ ഭാഗത്ത് കുടിവെള്ളം കിട്ടാക്കനി. വേനലിന്റെ ആരംഭം മുതൽ ജലക്ഷാമം രൂക്ഷമാണ്.
കിണറുകൾ മിക്കതും വറ്റിവരണ്ടു. മറ്റ് ജലസ്രോതസ്സുകളൊന്നും മേഖലയിലില്ല. ഏക ആശ്രയമായിരുന്ന കുടിവെള്ള വിതരണ പദ്ധതി പമ്പ് സെറ്റ് തകരാറിലായി നിലച്ചിട്ട് മാസങ്ങളായി. പലതവണ പരാതി അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.
ജലജീവൻ പദ്ധതിയുടെ ഭാഗമായുള്ള വിതരണക്കുഴലുകൾ സ്ഥാപിച്ചിന്നെങ്കിലും ഒരുതവണപോലും വെള്ളം കിട്ടിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇപ്പോൾ പ്രദേശത്ത് കുറച്ചെങ്കിലും ജലം കിട്ടുന്ന കിണറുകളുള്ള വീടുകളിൽ പോയാണ് പലരും വെള്ളം കൊണ്ടുവരുന്നത്. പാചകത്തിനും മറ്റ് അത്യാവശ്യകാര്യങ്ങൾക്കും ഉപയോഗിക്കാൻ മാത്രമേ ഇതുകൊണ്ട് കഴിയുകയുള്ളൂ.
കുളിക്കാനും അലക്കാനും പ്രാഥമിക ആവശ്യങ്ങൾക്ക് പേലും വെള്ളമില്ല. ചിലർ ദൂരസ്ഥലങ്ങളിലുള്ള ബന്ധുവീടുകളിൽ പോയാണ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്.
കനാൽ കടന്നുപോകുന്നത് താഴ്ചയിലൂടെയായതിനാൽ ഇതിൽ വെള്ളം വരുമ്പോൾ തീരഭാഗത്തുള്ളവർക്ക് മാത്രമേ പ്രയോജനം ലഭിക്കുന്നുള്ളൂ. മുൻകാലങ്ങളിൽ പഞ്ചായത്തിൽനിന്ന് നടത്തിയിരുന്ന ജലവിതരണവും ഇതുവരെ പ്രദേശത്തെത്തിയിട്ടില്ല.
കുടിവെള്ളക്ഷാമം അനുദിനം രൂക്ഷമാകുമ്പോൾ പലയിടത്തുംപൈപ്പ് പൊട്ടുന്നത് ദുരിതം ഇരട്ടിയാക്കുന്നു. കഴിഞ്ഞദിവസം പൂവറ്റൂർ-പുത്തൂർ റോഡിൽ നാലിടങ്ങളിൽ പൈപ്പ് പൊട്ടി ജലം പാഴാകുകയാണ്.
പവിത്രേശ്വരം പഞ്ചായത്തിലെ തടത്തിൽ മുക്കു ഭാഗത്ത് ഓരോ ദിവസവും ഓരോ സ്ഥലത്ത് എന്ന കണക്കിലാണ് പൈപ്പ് പൊട്ടുന്നത്. കുളക്കട വൈകുണ്ഠപുരം ക്ഷേത്ര റോഡിൽ പൈപ്പുപൊട്ടി കഴിഞ്ഞദിവസം വലിയ വെള്ളക്കെട്ടായിരുന്നു. പുത്തൂർ ആലയ്ക്കൽ ജങ്ഷനിൽ രണ്ടു ദിവസം മുമ്പ് പൈപ്പ് പൊട്ടി റോഡ് തകർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.