കാടുമൂടി മലയോര മേഖലയിലെ എസ്റ്റേറ്റുകൾ; ജീവൻ പണയപ്പെടുത്തി തൊഴിലാളികൾ
text_fieldsഅച്ചൻകോവിൽ പ്രിയ എസ്റ്റേറ്റിലേ മേലെ തോട്ടത്തിൽ നിലയുറപ്പിച്ച ഒറ്റയാൻ
പുനലൂർ: കിഴക്കൻ മലയോര മേഖലയിലെ എസ്റ്റേറ്റുകൾ മുഴുവൻ കാട് മൂടിയതോടെ വന്യമൃഗങ്ങളുടെ താവളമായി. ജീവൻ പണയം വെച്ചാണ് ഓരോ ദിവസവും തൊഴിലാളികൾ എത്തുന്നത്. തോട്ടം ഉടമകൾക്ക് പ്ലാന്റേഷൻ ടാക്സ്, മുറിച്ചു മാറ്റുന്ന മരങ്ങൾ സർക്കാരിൽ ഒടുക്കേണ്ട സിനിയറേജ് റേറ്റ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ സർക്കാർ അനുവദിച്ചു നൽകിയിട്ടും തോട്ടങ്ങളിലെ കാട് നീക്കി തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ തയാറാകുന്നില്ല.
പത്തനാപുരം, പുനലൂർ താലൂക്ക് ഉൾപ്പെട്ട കിഴക്കൻ മലയോര മേഖലയിൽ ചെറുതും വലുതുമായി പൊതു- സ്വകാര്യ മേഖലയിൽ മൂന്ന് ഡസനിലധികം എസ്റ്റേറ്റുകളുണ്ട്. ഇവയിൽ എല്ലാമായി 12,000 ത്തോളം തൊഴിലാളികൾ തൊഴിൽ ചെയ്യുന്നുണ്ട്. റബർ, എണ്ണപ്പന, കാപ്പി, കുരുമുളക്, ഏലം എന്നിവയാണ് പ്രധാന കൃഷികൾ. ഇതിൽ നിന്ന് വലിയ തോതിൽ ആദായം ലഭിക്കുന്നുണ്ടെങ്കിലും തോട്ടങ്ങളിലെ കാടുകൾ നീക്കുന്നില്ല. പൊതുമേഖല സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. നിത്യവും ആനയുടെയും പുലിയുടെയും, പന്നിയുടേയും വിഷപ്പാമ്പുകളുടെ ആക്രമണത്തിന് ഇരയാകുന്ന തൊഴിലാളികൾ നിരവധിയാണ്.
സിംഹം ഒഴിച്ച് എല്ലാത്തരം മന്യമൃഗങ്ങളും രാജവെമ്പാല ഉൾപ്പെടെ വിഷപ്പാമ്പുകൾ അധിവസിക്കുന്ന കാടുകൾ വകഞ്ഞുമാറ്റിയാണ് തൊഴിലാളികൾ പുലർച്ചെ ജോലിക്ക് എത്തുന്നത്. വന്യമൃഗങ്ങളെ ഭയന്ന് പല തൊഴിലാളികളും കുടുംബത്തോടൊപ്പമാണ് തോട്ടങ്ങളിൽ എത്തുന്നത്. അപകടത്തിൽ മരിക്കുകയും പരിക്കേൽക്കുകയും ചെയ്യുന്നവരുടെ കുടുംബങ്ങൾക്ക് മതിയായ ചികിത്സയോ മറ്റ് ആനുകൂല്യങ്ങളോ തോട്ടം ഉടമകളിൽ നിന്നോ സർക്കാരിൽ നിന്നും ലഭിക്കാത്ത സാഹചര്യമാണ്. തുച്ഛമായ കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികൾ വന്യമൃഗങ്ങളുടെ ആക്രമണത്തിലൂടെ നേരിടുന്ന ബുദ്ധിമുട്ടും സ്വന്തം നിലയിൽ സഹിക്കേണ്ടിവരുന്നു. തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കാൻ ബാധ്യസ്ഥരായ ലേബർ അധികൃതരും തൊഴിലാളി യൂനിയനുകളും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു. തോട്ടങ്ങളോട് അനുബന്ധിച്ച് ലയങ്ങളിൽ താമസിക്കുന്ന ഇവരുടെ ജീവനും കന്നുകാലി ഉൾപ്പെടെ സ്വത്തുക്കൾക്കും വലിയ ഭീഷണി വന്യമൃഗങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തോട്ടം തൊഴിലാളികളുടെ ഉപജീവനമാർഗമായ കന്നുകാലി വളർത്തലും കൃഷിയും പ്രതിസന്ധിയിലാണ്. മേഖലയിൽ പുലിയും കടുവയും വളർത്തുമൃഗങ്ങളെ ആക്രമിക്കാത്ത ഒറ്റ ദിവസം പോലുമില്ല.
കഴിഞ്ഞ ദിവസമാണ് അച്ഛൻകോവിൽ പ്രിയ സ്റ്റേറ്റിൽ താഴെ തോട്ടത്തിൽ ചെല്ലദുരയുടെ പശുവിനെ കടുവ കൊന്നത്. ഇതേ ദിവസം തന്നെ ചാലിയക്കര എസ്റ്റേറ്റ് മേഖലയിലും പശുക്കളെയും ആടുകളെയും പുലി കടിച്ചുകീറി. തോട്ടത്തിലെ കാട് നീക്കാത്തത് കൂടാതെ വെട്ടിയൊഴിഞ്ഞ തോട്ടങ്ങൾ പൈനാപ്പിൾ കൃഷിക്ക് മാനേജ്മെന്റ് നൽകുന്നതും വന്യജീവികളുടെ സാന്നിധ്യത്തിന് പ്രധാന കാരണമാണ്. വിശപ്പടക്കാൻ പൈനാപ്പിൾ തേടി എത്തുന്ന ആനയും മറ്റും സമീപമുള്ള കൃഷിയിടങ്ങളിലും നാശം വരുത്തിയാണ് കാട് കയറുന്നത്.
നാഗമലയിൽ വീണ്ടും പുലിയുടെ ആക്രമണം
പുനലൂർ: തെന്മല പഞ്ചായത്തിലെ നാഗമലയിൽ വീണ്ടും പുലിയുടെ ആക്രമണം. നാഗമല സ്വദേശി സോളമന്റെ നാലു വയസ്സുള്ള പശുവിനെ ചൊവ്വാഴ്ച രാവിലെ പുലി പിടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. എസ്റ്റേറ്റിൽ തീറ്റക്കായി പശുവിനെ അഴിച്ചു വിട്ടിരുന്നതായിരുന്നു.
ആറ് മാസം മുമ്പ് സോളമനേയും പുലി ആക്രമിച്ചിരുന്നു. ഇതിന് ശേഷം ഈ ഭാഗത്ത് കാമറയും പുലിക്കൂടും സ്ഥാപിച്ചെങ്കിലും രക്ഷയില്ല. അടുത്തിടെ നിരവധി വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചിട്ടും വനം വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിന്റെ അടുത്തു നിന്നാണ് പുലി വളർത്തുമൃഗങ്ങളെ കൊന്നു തിന്നുന്നത്. ജനവാസ മേഖലയിൽ ഇറങ്ങുന്ന പുലിയെ പിടിക്കാൻ നടപടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് വാർഡ് മെമ്പർ സിബിൽ ബാബു അറിയിച്ചു.
പ്രിയ എസ്റ്റേറ്റിൽ കരടി
പുനലൂർ: കടുവയും പുലിയും ആനയും കൂടാതെ അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റിൽ കരടിയുമെത്തി. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഈ എസ്റ്റേറ്റ് പലയിടത്തും കാടുമൂടി കിടക്കുകയാണ്. സമീപമുള്ള വനത്തിൽ നിന്ന് കടുവയും പുലിയും ഇറങ്ങുന്നത് പതിവാണ്. മേലെ തോട്ടത്തിന് സമീപം ഒരാഴ്ച മുമ്പ് എത്തിയ ഒറ്റയാൻ ഇനിയും കാടുകയറിയില്ല. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് ബൈക്ക് യാത്രക്കാരുടെ മുന്നിൽ കരടി എത്തിയത്.
ബൈക്കിന്റെ ശബ്ദം കേട്ട് കരടി കാട്ടിലേക്ക് കയറിയതിനാൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. വനത്തിൽ നടുവിൽ ഒറ്റപ്പെട്ടുള്ള പ്രിയ എസ്റ്റേറ്റിലെ തൊഴിലാളികൾ ജീവൻ പണയംവെച്ചാണ് പുറത്തിറങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.