തോട്ടം നിറയെ കാട്ടുപോത്തുകൾ; ഭീതിയോടെ തൊഴിലാളികൾ
text_fieldsപുനലൂർ: റബർ തോട്ടത്തിൽ കാട്ടുപോത്തുകളുടെ സാന്നിധ്യത്തെ തുടർന്ന് ടാപ്പിങ് തൊഴിലാളികൾ ഭീഷണിയിൽ. തെന്മല ജങ്ഷനോട് ചേർന്നുള്ള സ്വകാര്യ റബർ എസ്റ്റേറ്റിലാണ് രാപകൽ വ്യത്യാസമില്ലാതെ കാട്ടുപോത്തുകൾ എത്തുന്നത്.
വേനൽ കടുത്തതോടെ കാട്ടുപോത്തുകളുടെ സാന്നിധ്യം കൂടുതലായതായി തൊഴിലാളികൾ പറയുന്നു. തെന്മല വനം ഡിവിഷൻ ഓഫിസ് അടക്കമുള്ള സർക്കാർ ഓഫിസുകളുടെ അടുത്താണ് തോട്ടം. തീറ്റക്കായി ഇറങ്ങുന്ന പോത്തുകൾ പലപ്പോഴും കൃഷിയിടങ്ങളിൽ ഇറങ്ങി നാശനഷ്ടങ്ങൾ വരുത്താറുണ്ട്.
ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്നാണ് പോത്തുകൾ കൂട്ടമായി എത്തുന്നത്. പോത്തുകൾ കൂട്ടമായി എതതുന്നതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ ടാപ്പിങിന് ഇറങ്ങാതെ മാറി നിൽക്കുകയാണ് പതിവ്. പോത്തുകൾ കാട്ടിലേക്ക് മടങ്ങിയ ശേഷമാണ് ഇവർ ജോലിക്ക് ഇറങ്ങുന്നത്.
പലപ്പോഴും ഭാഗ്യത്തിനാണ് ആക്രമണത്തിൽ നിന്നും തൊഴിലാളികൾ രക്ഷപ്പെടുന്നത്. ഈ ഭാഗത്ത് കടുവ, പുലി,ആന അടക്കമുള്ള വന്യജീവികളുടെ സജീവ സാന്നിധ്യമുണ്ടെന്നും തൊഴിലാളികളും നാട്ടുകാരും പറയുന്നു. ഈ ഭാഗങ്ങളിൽ വനവുമായി വേർതിരിക്കുന്ന ചില ഭാഗങ്ങളിൽ വേലിയുണ്ടെങ്കിലും ഇവ തകർന്നുകിടക്കുകയാണ്.
ഇവിടങ്ങളിലൂടെയാണ് വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത്. ആയൂരിൽ കഴിഞ്ഞയാഴ്ച റബർ തോട്ടത്തിൽ പ്രവാസിയെ കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തിയതോടെ തെന്മല മേഖലയിലുള്ളവരും ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.