വാഴത്തോട്ടം തകർത്ത് ഒറ്റയാൻ; പ്രവാസിയായ കർഷകന്റെ ഒന്നര ഏക്കറിലാണ് നാശം
text_fieldsഗോപകുമാറിന്റെ വാഴത്തോട്ടം ആന നശിച്ച നിലയിൽ
പുനലൂർ: പ്രവാസിയായ കർഷകന്റെ ഒന്നര ഏക്കർ ഭൂമിയിലെ വാഴത്തോട്ടം കാട്ടാന നശിപ്പിച്ചു. പാലരുവി ജങ്ഷനിലെ തിരുവാതിരയിൽ ബി. ഗോപകുമാറിൻറ വാഴകൃഷിയാണ് നശിപ്പിച്ചത്. വീട്ടിൽ നിന്ന് അരകിലോമീറ്റർ അകലെ റെയിൽവേ റോഡിനോട് ചേർന്നാണ് ഗോപകുമാറിന്റെ കൃഷിയിടം.
ഞാലിപ്പൂവൻ ഇനം 250ഓളം വാഴകളാണ് കഴിഞ്ഞ രാത്രിയിലായി ഒറ്റയാൻ തകർത്തത്. മിക്ക വാഴകളും കുലച്ചു പകുതി വിളവായതാണ്. വാഴ കൂടാത കുരുമുളക്, ഗ്രാമ്പു, പ്ലാവ് തുടങ്ങിയ കൃഷികളും നശിച്ചിട്ടുണ്ട്. വാഴ നശിച്ച ഇനത്തിൽ മാത്രം ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഗോപകുമാർ പറഞ്ഞു. സൊസൈറ്റിയിൽ നിന്ന് വായ്പയെടുത്താണ് കൃഷി ഇറക്കിയത്. വനം വകുപ്പിന്റെ പദ്ധതിയിൽ പ്രതീക്ഷിച്ച് വന്യമൃഗങ്ങളെ അകറ്റാൻ കൃഷിയിടത്തിന് ചുറ്റും പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നില്ല.
വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ രാപ്പകൽ കാവൽ നിന്നു വളരെ കഷ്ടപ്പെട്ട് നട്ടു വളർത്തിയ വാഴകളാണ് ഒറ്റയാൻ ഇല്ലാതാക്കിയത്. സമീപത്തെ കാട്ടിൽ നിന്നും ഇറങ്ങി വരുന്ന ആനകളെ ഓടിക്കാനായി എല്ലാ ദിവസവും രാത്രി കാവൽ നിൽക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം പാതിരാത്രി മടങ്ങിയപ്പോഴാണ് പുലർച്ചയോടെ ആന എത്തി നാശം വരുത്തിയത്.
വന്യമൃഗങ്ങൾ കാടിറങ്ങാതിരിക്കാൻ ചുറ്റുമുള്ള വനത്തിനോട് ഫെൻസിങ് ഉൾപ്പെടെ പ്രതിരോധ നടപടിക്കായി വനം വകുപ്പ് പദ്ധതിയുണ്ടായിരുന്നു. ഇതിനായി ഒരു കോടി രൂപ നബാർഡ് വനം വകുപ്പിന് അനുവദിച്ചതാണ്. ഈ ഭാഗത്തെ കാട് തെളിച്ചതല്ലാതെ മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നില്ല. ഈ ഭാഗത്ത് ഇതേ അവസ്ഥയിൽ നിരവധി കൃഷിയിടങ്ങൾ ഉണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.