ആര്യങ്കാവ് അരണ്ടലിൽ കാട്ടാന ആക്രമണം; തൊഴിലാളിക്ക് ഗുരുതര പരിക്ക്
text_fieldsപുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ അരണ്ടൽ തേയില എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. മറ്റൊരു തൊഴിലാളി ഓടി രക്ഷപ്പെട്ടു.
ടി.ആർ ആൻഡ് ടി അരണ്ടൽ ഡിവിഷനിലെ പ്ലംബിങ് തൊഴിലാളി സോപാലിനെയാണ് (44 ) ആന ആക്രമിച്ചത്. ഇദ്ദേഹത്തെ ഗുരുതര നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ അരണ്ടൽ ഡിവിഷനിലെ 14 നമ്പർ ഫീൽഡിലായിരുന്നു സംഭവം. ഇവിടുള്ള വാട്ടർ ടാങ്കിൽനിന്ന് പൈപ്പ് ലൈനിലേക്ക് വെള്ളം മുടങ്ങിയതിന്റെ തകരാർ പരിഹരിക്കാനെത്തിയതായിരുന്ന സോപാലും സഹായിയായ അലക്സാണ്ടറും.
വാട്ടർ ടാങ്കിന്റെ മുന്നിലുണ്ടായിരുന്ന ഒറ്റയാനെ കണ്ട് ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ, സോപാലിനെ കാട്ടാന തുമ്പിക്കൈയിലെടുത്ത് ദൂരേക്ക് എറിഞ്ഞു. കമഴ്ന്നുവീണ ഈയാളെ ആന പിന്നീട് വയറ്റിൽ കുത്തി. കുടൽ പുറത്ത് ചാടി.
ഓടി രക്ഷപ്പെട്ട അലക്സാണ്ടർ മൊബൈലിൽ അറിയിച്ചതനുസരിച്ച് എസ്റ്റേറ്റ് മാനേജറും സമീപം റോഡ് പണിയിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുമെത്തി സോപാലിനെ രക്ഷപ്പെടുത്തി. ജിപ്പിൽ കയറ്റി പകുതിവഴി വരെ ജീപ്പിലും തുടർന്ന്, ആംബുലൻസിലും സോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഉച്ചക്കുമുമ്പ് ഒരു അടിയന്തര ശസ്ത്രക്രിയ നടത്തി. ഇനിയും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി ആധികൃതർ പറയുന്നത്. എസ്റ്റേറ്റ് അധികൃതരോ ആര്യങ്കാവ് വനം അധികൃതരോ ആശുപത്രിയിലെത്തി ചികിത്സക്കു വേണ്ട സഹായം ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്.
സംഭവമറിഞ്ഞ് ആര്യങ്കാവ് വനം റേഞ്ച് അധികൃതർ അരണ്ടലിലെത്തി വിവരങ്ങൾ ശേഖരിച്ചു. അടുത്തിടെ, ഇത് നാലാം തവണയാണ് അമ്പനാട് ഭാഗത്ത് തൊഴിലാളികൾ കാട്ടാനയുടെ ആക്രമത്തിനിരയാകുന്നത്. ഇവിടുള്ള റബർ തേയില തോട്ടങ്ങളിലെ നൂറുകണക്കിന് തൊഴിലാളികൾ ജീവൻ പണയപ്പെടുത്തിയാണ് രാവിലെ എസ്റ്റേറ്റുകളിൽ ജോലിക്കെത്തുന്നത്.
കാട്ടാനയടക്കം വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണെങ്കിലും പ്രതിരോധ നടപടികൾ എസ്റ്റേറ്റ് മാനേജ്മെന്റോ വനം അധികൃതരോ സ്വീകരിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.